ശൈശവ വിവാഹങ്ങള്‍ക്കെതിരേ കര്‍ശന നടപടി
തിരുവനന്തപുരം: സംസ്ഥാനത്ത് വര്‍ധിച്ചുവരുന്ന ശൈശവ വിവാഹങ്ങള്‍ തടയാന്‍ കര്‍ശന നടപടികളെടുക്കാന്‍ സാമൂഹ്യനീതി വകുപ്പ് ഒരുങ്ങുന്നു. ശൈശവവിവാഹങ്ങള്‍ക്കെതിരേ നടപടിയെടുക്കേണ്ട ഉദ്യോഗസ്ഥര്‍ ഈ നിയമവിരുദ്ധ പ്രവൃത്തി കണ്ടില്ലെന്ന് നടിക്കുകയോ കൂട്ടുനില്‍ക്കുകയോ ചെയ്യുന്നുവെന്ന വിലയിരുത്തലാണ് സാമൂഹ്യനീതി വകുപ്പിനുള്ളത്. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടികള്‍ കര്‍ശനമാക്കാന്‍ ഉദ്ദേശിക്കുന്നത്.
ജില്ലാ ശിശുസംരക്ഷണ ഓഫിസറാണ് ശൈശവവിവാഹങ്ങള്‍ തടയാന്‍ അധികാരപ്പെട്ട ഉദ്യോഗസ്ഥന്‍. 18 വയസിന് താഴെയുള്ള പെണ്‍കുട്ടികളെ വിവാഹത്തിന് പ്രേരിപ്പിച്ചാല്‍ മാതാപിതാക്കള്‍ക്കെതിരേ ശിക്ഷാ നടപടി സ്വീകരിക്കാന്‍ ജില്ലാ ശിശു സംരക്ഷണ ഓഫിസര്‍ക്ക് സാമൂഹ്യനീതി വകുപ്പ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മൂന്ന് മാസത്തിലൊരിക്കല്‍ ശൈശവ വിവാഹങ്ങള്‍ സംബന്ധിച്ചുള്ള റിപ്പോര്‍ട്ട് നല്‍കണമെന്ന് ജില്ലാ ശിശുസംരക്ഷണ ഓഫിസര്‍മാര്‍ക്ക് നേരത്തേ നിര്‍ദേശമുണ്ട്. മലപ്പുറം, പാലക്കാട്, തൃശ്ശൂര്‍, തിരുവനന്തപുരം ജില്ലകളിലെ ഗ്രാമ പ്രദേശങ്ങളിലാണ് കൂടുതലായും ശൈശവ വിവാഹങ്ങള്‍ നടക്കുന്നതായി കണ്ടെത്തിയിട്ടുള്ളത്.
ഓരോ ജില്ലാ ശിശു സംരക്ഷണ ഓഫിസറും തങ്ങളുടെ അധികാര പരിധിയില്‍ ഇത്തരം വിവാഹങ്ങള്‍ നടക്കുന്നുണ്ടോയെന്ന് പരിശോധിച്ചതിന്റെ രേഖകള്‍ തയാറാക്കണമെന്നും സാമൂഹ്യനീതി വകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. അങ്കണവാടി വര്‍ക്കര്‍മാര്‍ തങ്ങളുടെ സ്ഥാപനത്തിന്റെ പരിധിയില്‍ എവിടെയെങ്കിലും ശൈശവ വിവാഹം നടക്കുന്നതായി അറിഞ്ഞാല്‍ അതേക്കുറിച്ച് അറിയിക്കണമെന്നും സാമൂഹ്യനീതി വകുപ്പ് നിര്‍ദേശിച്ചിട്ടുണ്ട്. 2011 ലെ സെന്‍സസ് പ്രകാരം 19ന് താഴെയുള്ള രണ്ടു ലക്ഷത്തിലേറെ ആണ്‍കുട്ടികളും പെണ്‍കുട്ടികളുമാണ് സംസ്ഥാനത്ത് വിവാഹിതരായത്. 19 വയസിന് മുന്‍പ് വിധവകളായവരുടെ എണ്ണം 3300. പത്തൊന്‍പത് വയസിന് മുന്‍പ് വേര്‍പിരിയുകയോ വിവാഹമോചിതരാകുകയോ ചെയ്തവര്‍ 2758 പേരാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."