കുഴല്‍പ്പണം നഷ്ടപ്പെട്ടയുടന്‍ ധര്‍മരാജന്‍ വിളിച്ചത് സുരേന്ദ്രനടക്കമുള്ള എട്ട് നേതാക്കളെ
തൃശൂര്‍: മൂന്നരക്കോടിയുടെ കുഴല്‍പ്പണം നഷ്ടപ്പെട്ടയുടന്‍ ധര്‍മരാജന്‍ വിളിച്ചത് സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ള എട്ട് ബി.ജെ.പി നേതാക്കളെ.
സംഭവം നടന്ന് അരമണിക്കൂറില്‍ ധര്‍മരാജന്‍ ഫോണില്‍ ബന്ധപ്പെട്ടവരുടെ ലിസ്റ്റ് പരിശോധിച്ചപ്പോഴാണ് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനെയും ബി.ജെ.പി സംസ്ഥാന-ജില്ലാ നേതാക്കളായ എട്ടുപേരേയും വിളിച്ച വിവരം അന്വേഷണസംഘം കണ്ടെത്തിയത്. ഇതില്‍ സുരേന്ദ്രന്റെ മകനുമുണ്ടെന്നാണ് പൊലിസ് നല്‍കുന്ന സൂചന.
സംഭവവുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ ശേഖരിക്കുന്നതിന് ആര്‍.എസ്.എസ് തൃശൂര്‍ ജില്ലാ സംയോജക് ഈശ്വരനോട് അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകാനാവശ്യപ്പെട്ടിട്ടുണ്ട്. തൃശൂരില്‍ ആറ് കോടിയിലേറെ രൂപ എത്തിയിരുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ അതേപ്പറ്റി വിവരങ്ങള്‍ ചോദിച്ചറിയുകയാണ് ലക്ഷ്യം. കേസുമായി ബന്ധപ്പെട്ട് ബി.ജെ.പി ഉത്തരമേഖലാ സെക്രട്ടറി കെ.പി സുരേഷിനേയും ചോദ്യം ചെയ്യും. പണം തൃശൂരില്‍നിന്ന് എവിടേയ്ക്കാണ് കൊണ്ടുപോയതെന്നാണ് അന്വേഷണ സംഘത്തിന് അറിയാനുള്ളത്. ഈ വിവരം ശേഖരിക്കുന്നതിനാണ് കെ.പി സുരേഷിനോട് ഹാജരാകണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്.
കേസിലെ മൂന്നരക്കോടിയില്‍ രണ്ടേകാല്‍ കോടി കൂടി കണ്ടെത്താനുള്ള തീവ്രശ്രമത്തിലാണ് അന്വേഷണ സംഘം. ഒന്നേകാല്‍ കോടി മാത്രമാണ് പ്രതികളില്‍നിന്ന് ഇതുവരെ കണ്ടെത്താനായത്.
പണം കണ്ടെത്തുന്നതിന് പ്രത്യേക സംഘം കണ്ണൂര്‍, വയനാട് എന്നിവിടങ്ങളില്‍ തെരച്ചില്‍ നടത്തിയെങ്കിലും കാര്യമുണ്ടായില്ല.
അന്വേഷണ സംഘത്തില്‍നിന്നുതന്നെ വിവരം ചോര്‍ന്ന് പണം ഒളിപ്പിച്ചതായും സംശയമുണ്ട്. അതുകൊണ്ടുതന്നെ അന്വേഷണ സംഘത്തില്‍ ഉടന്‍ അഴിച്ചുപണിയുണ്ടായേക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."