ആംബുലൻസ് വിട്ടുനൽകിയില്ല ; നാലു വയസുകാരന്റെ മൃതദേഹം തോളിൽ ചുമന്ന് പിതാവ്
ഭോപ്പാൽ
ആംബുലൻസ് വിട്ടുനൽകാത്തതിനെ തുടർന്ന് നാല് വയസുകാരന്റെ മൃതദേഹം പിതാവ് കൊണ്ടുപോയത് തോളിൽ ചുമന്ന്. മധ്യപ്രദേശിലെ ഛത്താർപൂരിലാണ് ദാരുണമായ സംഭവം. സുഖമില്ലാത്തതിനെ തുടർന്ന് കുട്ടിയെ ആദ്യം ബക്‌സ്‌വഹാ ആരോഗ്യ കേന്ദ്രത്തിലേക്ക് കൊണ്ടുപോവുകയായിരുന്നു.
തുടർന്ന്, ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് ദമോഹിലെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശുപത്രിയിൽ പ്രവേശിപ്പിച്ച ഉടൻ തന്നെ കുട്ടി മരിച്ചു. മൃതദേഹം കൊണ്ടുപോകാൻ ആംബുലൻസ് വിട്ടുനൽകാൻ കുടുംബം ആവശ്യപ്പെട്ടെങ്കിലും അധികൃതർ അതിന് തയാറായില്ലെന്ന് പെൺകുട്ടിയുടെ മുത്തശ്ശി മൻസുഖ് അഹിർവാർ പറഞ്ഞു. തുടർന്ന് ഒരു പുതപ്പിൽ ശരീരം പുതപ്പിച്ച് ബക്‌സ്‌വഹയിലേയ്ക്ക് ബസിൽ കൊണ്ടുപോകുകയായിരുന്നു. സ്വകാര്യ വാഹനം വിളിക്കാൻ പണം ഉണ്ടായിരുന്നില്ല. ബക്‌സ്‌വഹയിലെത്തിയ ശേഷം ഒരു വാഹനം വിട്ടുതരാൻ പഞ്ചായത്ത് അധികൃതരോട് അഭ്യർഥിച്ചെങ്കിലും അവരും അപേക്ഷ ചെവിക്കൊണ്ടില്ലെന്ന് കുടുംബം പറഞ്ഞു.
അതേസമയം, ദമോ ജില്ലാ ആശുപത്രി അധികൃതർ കുടുംബത്തിന്റെ ആരോപണം നിഷേധിച്ചു.
'ആശുപത്രിയിലെത്തിച്ചപ്പോഴേക്കും കുട്ടി മരിച്ചിരുന്നു. പോസ്റ്റ്മോർട്ടം ചെയ്യണമെന്ന് ആശുപത്രി അധികൃതർ ആവശ്യപ്പെട്ടെങ്കിലും കുടുംബം മൃതദേഹവുമായി പോകുകയായിരുന്നു'- ബ്ലോക്ക് മെഡിക്കൽ ഓഫിസർ ഡോ. സുയാഷ് സിംഗായ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."