മരംമുറിക്ക് അനുമതി നല്‍കി സര്‍ക്കാര്‍ ഇറക്കിയ ഉത്തരവ്, വിവാദമായപ്പോള്‍ പ്രതിക്കൂട്ടിലായത് കര്‍ഷകര്‍
നിസാം കെ അബ്ദുല്ല
കല്‍പ്പറ്റ: മരംമുറിക്ക് അനുമതി നല്‍കി സര്‍ക്കാര്‍ ഇറക്കിയ ഉത്തരവ് കണ്ട് മരംമുറിച്ച കര്‍ഷകര്‍ ഇപ്പോള്‍ പൊതുമുതല്‍ കവര്‍ന്ന കേസിലെ പ്രതികളായി.
2020 ഓക്‌ടോബര്‍ 24ന് റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. എ. ജയതിലക് ഇറക്കിയ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് വയനാട്ടില്‍ അടക്കം സംസ്ഥാനത്ത് മരംമുറി നടന്നത്. എന്നാല്‍ മരംമുറി വിവാദമായതോടെ ഉത്തരവിറക്കിയ സര്‍ക്കാര്‍ കര്‍ഷകരെ പ്രതിക്കൂട്ടിലാക്കി തടിയൂരാനുള്ള ശ്രമത്തിലാണ്.
വയനാട്ടില്‍ ആദിവാസികളടക്കം 68 കര്‍ഷകര്‍ക്കെതിരേ കേസെടുത്തത് ഇതിനുതെളിവാണ്. ഇതേ കേസില്‍ കര്‍ഷകരെയും ആദിവാസികളെയും കബളിപ്പിച്ച് മരംമുറിച്ച് കടത്തിയതിന് വനംവകുപ്പെടുത്ത കേസിലെ പ്രതികളെയും ഉള്‍പ്പെടുത്തി മുഖം രക്ഷിക്കാനുള്ള ശ്രമവും അധികൃതര്‍ നടത്തി. 1964 ലെ ചട്ടങ്ങള്‍ പ്രകാരം പതിച്ചു നല്‍കിയ ഭൂമിയില്‍ കര്‍ഷകര്‍ വച്ചുപിടിപ്പിച്ചതും കിളിര്‍ത്തതും പതിച്ചുകിട്ടിയ സമയത്ത് വൃക്ഷ വില അടച്ച് റിസര്‍വ് ചെയ്തതുമായ ചന്ദനം ഒഴികെയുള്ള എല്ലാ മരങ്ങളുടെയും അവകാശം കര്‍ഷകര്‍ക്ക് മാത്രമാണ്. അത്തരം മരങ്ങള്‍ മുറിക്കാമെന്നും അതിന് പ്രത്യേകിച്ച് ആരുടെയും അനുവാദം വേണ്ടെന്നും വ്യക്തമാക്കിയായിരുന്നു ഉത്തരവ്.
ഇത്തരം മരങ്ങള്‍ മുറിക്കുന്നത് തടസപ്പെടുത്തുന്ന രീതിയില്‍ ഉത്തരവുകള്‍ ഇറക്കുകയോ, നേരിട്ട് തടസപ്പെടുത്തുന്നേതാ ഗുരുതരമായ കൃത്യവിലോപമായി കണക്കാക്കി അങ്ങനെയുള്ള ഉദ്യോഗസ്ഥര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്നും റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ഉത്തരവിലുണ്ടായിരുന്നു. ഈ ഉത്തരവ് മുഖവിലക്കെടുത്താണ് വയനാട്ടിലടക്കം മറ്റ് ജില്ലകളിലും വീട്ടി, തേക്ക് അടക്കമുള്ള മരങ്ങള്‍ കര്‍ഷകരും ആദിവാസികളും മുറിച്ചുവിറ്റത്. എന്നാല്‍ സംഭവം വിവാദമായതോടെ ഉത്തരവിറക്കിയ സര്‍ക്കാരും ഉദ്യോഗസ്ഥരും കര്‍ഷകരെ ബലിയാടാക്കി രക്ഷപ്പെടാനുള്ള ശ്രമത്തിലാണ്.
2017 ഓഗസ്റ്റ് 17നും പിന്നീട് 2020 മാര്‍ച്ച് 11നും ഇറക്കിയ ഉത്തരവുകളില്‍ അവ്യക്തതയുണ്ടെന്ന് കാണിച്ചാണ് 2020 ഒക്‌ടോബര്‍ 24ന് സര്‍ക്കാര്‍ വീണ്ടും ഉത്തരവിറക്കിയത്. ഉത്തരവിന്റെ മറവില്‍ വ്യാപകമായി മരംമുറി നടന്നെങ്കിലും കര്‍ഷകര്‍ക്കോ, ആദിവാസികള്‍ക്കോ ആനുപാതികമായ വില ലഭിച്ചില്ലെന്ന് മാത്രമല്ല ഇവര്‍ ഇപ്പോള്‍ കേസില്‍ പ്രതികളുമായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."