ശ്രീലങ്ക: പ്രതിസന്ധി തീരാതെ തെരഞ്ഞെടുപ്പ് നടത്താനാവില്ലെന്ന് കമ്മിഷൻ
കൊളംബോ
രാജ്യം നേരിടുന്ന രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കപ്പെടാതെ പൊതുതെരഞ്ഞെടുപ്പ് നടത്താനാകില്ലെന്ന് ശ്രീലങ്കൻ തെരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു.
സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് നടത്താൻ മികച്ച സംവിധാനവും അടിസ്ഥാനസൗകര്യങ്ങളും വേണം. എന്നാൽ, ഇപ്പോഴത്തെ സാഹചര്യത്തിൽ തങ്ങൾ അതിന് അശക്തരാണെന്ന് കമ്മിഷൻ ചെയർമാൻ നിമൽ ജി. പുഞ്ചിഹേവ പറഞ്ഞു. നിലവിൽ കമ്മിഷന്റെ കൈവശം അയ്യായിരം കോടി ശ്രീലങ്കൻ രൂപ (1,085 കോടി ഇന്ത്യൻ രൂപ) മാത്രമാണുള്ളത്.
തെരഞ്ഞെടുപ്പ് നടത്താൻ ഇതിന്റെ മൂന്നിരട്ടിയെങ്കിലും വേണം.
പണം മാത്രമല്ല പ്രശ്‌നം. സാമ്പത്തിക പ്രതിസന്ധിയും തൊഴിലില്ലായ്മയും ഇന്ധനക്ഷാമവും കാരണം ലങ്കൻ ജനത കടുത്ത നീരസത്തിലും അതിവൈകാരിക അവസ്ഥയിലുമാണ്. ഈ സാഹചര്യത്തിൽ തെരഞ്ഞെടുപ്പ് നടത്തുന്നത് നല്ലതല്ലെന്നും കമ്മിഷൻ ചെയർമാൻ പറഞ്ഞു.
അതേസമയം, പശ്ചിമേഷ്യൻ രാജ്യങ്ങൾ സഹായിക്കണമെന്ന് ശ്രീലങ്കൻ പ്രസിഡന്റ് ഗോട്ടബയ രാജപക്‌സെ അഭ്യർഥിച്ചു.
ഇന്ത്യ, ചൈന ഉൾപ്പെടെ പശ്ചിമേഷ്യയിലെ എല്ലാ രാജ്യങ്ങളും തങ്ങളാൽ കഴിയുന്ന സഹായങ്ങൾ ശ്രീലങ്കയ്ക്ക് നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വിവിധ രാജ്യങ്ങളിലെ അംബാസഡർമാരുമായും ഹൈക്കമ്മിഷണർമാരുമായും നടത്തിയ കൂടിക്കാഴ്ചയിലാണ് പ്രസിഡന്റ് ഈ ആവശ്യമുന്നയിച്ചത്.
സാമ്പത്തിക പ്രതിസന്ധിയുൾപ്പെടെ രാജ്യം നേരിടുന്ന പ്രശ്‌നങ്ങൾക്കെല്ലാം ഉത്തരവാദിയായ ഗോട്ടബയ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് രാജ്യത്ത് പ്രക്ഷോഭം തുടരുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."