പിണറായിയും സതീശനും മുഖത്തോടുമുഖം
ജേക്കബ് ജോര്‍ജ്
കേരള നിയമസഭയില്‍ പ്രതിപക്ഷത്തിന് പുതിയ മുഖം. പുതിയ ശബ്ദം. സമവായത്തിന്റെയും ബഹുമാനത്തിന്റെയും സഹകരണത്തിന്റെയും വാക്കുമായാണ് പുതിയ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പ്രതിപക്ഷനിരയില്‍ നിന്നത്. സര്‍ക്കാരിന്റെ എല്ലാ നല്ല പരിപാടിയോടും പ്രതിപക്ഷം സഹകരിക്കുമെന്ന് മുഖ്യമന്ത്രിയെയും ഭരണപക്ഷ ബഞ്ചുകളെയും നോക്കി ഉറപ്പിച്ചുപറഞ്ഞു. അതിനു
സര്‍ക്കാര്‍കൂടി പ്രതിപക്ഷത്തോട് സഹകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെടുകയും ചെയ്തു.
ഒരു പ്രതിപക്ഷം എങ്ങനെയായിരിക്കണമെന്നതിനെപ്പറ്റി ചര്‍ച്ച നടക്കുമ്പോള്‍ എപ്പോഴും ഉയരുന്ന ഒരു പ്രസ്താവനയുണ്ട്. പ്രതിപക്ഷം ക്രിയാത്മകമായിരിക്കണം. ഏതു പ്രതിപക്ഷത്തിനും അതൊരു വലിയ വെല്ലുവിളിയാണ്. എങ്ങനെയാണ് ഒരു പ്രതിപക്ഷത്തിനു ക്രിയാത്മകമായി പ്രവര്‍ത്തിക്കാനാവുക? പ്രതിപക്ഷം ചെയ്യുന്ന നല്ല പ്രവര്‍ത്തനങ്ങള്‍ക്കു പിന്തുണ നല്‍കണം. തെറ്റുകണ്ടാല്‍ വിമര്‍ശിക്കണം. അതൊക്കെ ശരിതന്നെ. ഭരണകര്‍ത്താക്കള്‍ നല്ലതു ചെയ്യുമ്പോഴൊക്കെ പ്രശംസ ചൊരിഞ്ഞുകൊണ്ടിരുന്നാല്‍ പിന്നെ പൊതുജനങ്ങള്‍ എന്തുചെയ്യും? എന്നാല്‍പിന്നെ, ഭരണപക്ഷം തന്നെ പിന്നെയും ഭരിച്ചാല്‍ പോരെ എന്നാവില്ലേ ജനം ചോദിക്കുക? അതല്ലേ ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കണ്ടത്? പ്രകൃതിക്ഷോഭവും നിപ മുതല്‍ കൊറോണ വരെയുള്ള ഭീകര വൈറസുകളും കഠിനമായ ആക്രമണം അഴിച്ചുവിടുമ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വം ശ്രദ്ധേയമായി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാവട്ടെ, പതിവു പ്രതിപക്ഷ നേതാക്കന്മാരെപ്പോലെ സര്‍ക്കാരിനെയും അതിന്റെ ചെയ്തികളെയും രൂക്ഷമായി വിമര്‍ശിച്ചുപോരുകയും ചെയ്തു. സ്പ്രിംഗ്ലറിലായിരുന്നു തുടക്കം. കൊറോണ മഹാമാരിയായി ആഞ്ഞടിക്കാന്‍ തുടങ്ങിയപ്പോള്‍ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍ രോഗത്തിന്റെ വിവിധ വശങ്ങളെക്കുറിച്ച് പഠിക്കാന്‍ കൊണ്ടുവന്ന ഒരു സംരംഭമായിരുന്നു സ്പ്രിംഗ്ലര്‍. രോഗം സംബന്ധിച്ച വിവരങ്ങള്‍-ഓരോ രോഗിയും നേരിടുന്ന പ്രശ്‌നങ്ങള്‍, രോഗലക്ഷണങ്ങള്‍, ബുദ്ധിമുട്ടുകള്‍ എന്നിങ്ങനെ-ശേഖരിക്കുക, അവയൊക്കെയും ക്രോഡീകരിച്ച് ഡിജിറ്റലായി അടുക്കി ഒരു ഘടനയില്‍ കൊണ്ടുവരിക, എന്നിട്ട് അതിനെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പോലെയുള്ള ആധുനിക വിജ്ഞാനം ഉപയോഗിച്ച് വിശദമായി പഠിക്കുകയും വിശകലന വിധേയമാക്കുകയും ചെയ്യുക എന്നതായിരുന്നു സ്പ്രിംഗ്ലറിന്റെ ലക്ഷ്യം.
അമേരിക്കയിലെ ഒരു വമ്പന്‍ സ്ഥാപനമാണിത്. ഉടമസ്ഥന്‍ ഒരു മലയാളിയും. കൊവിഡ് മഹാമാരി രൂക്ഷമാവുകയോ, ആവര്‍ത്തിക്കുകയോ, രണ്ടും മൂന്നും തരംഗങ്ങള്‍ ഉണ്ടാവുകയോ ചെയ്താല്‍ ഇത്തരം പഠനം പ്രതിവിധി കണ്ടുപിടിക്കാനും രോഗനിയന്ത്രണത്തിനുള്ള സംവിധാനങ്ങളൊരുക്കാനും ഏറെ സഹായിക്കും. പക്ഷേ, ഇങ്ങനെ ശേഖരിക്കുന്ന ഡാറ്റ അമേരിക്കയിലും മറ്റു വിദേശരാജ്യങ്ങളിലും കുത്തകകള്‍ക്കു വില്‍ക്കാനാണെന്നായിരുന്നു പ്രതിപക്ഷ ആരോപണം. രമേശ് ചെന്നിത്തല ആഞ്ഞടിച്ചു. മുഖ്യമന്ത്രി പിണറായി വിജയനെയും പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കറിനെയും മുള്‍മുനയില്‍ നിര്‍ത്തി. മാധ്യമങ്ങളുടെ പൂര്‍ണപിന്തുണ കൂടിയായതോടെ രംഗം കൊഴുത്തു. സര്‍ക്കാരിനു പിന്മാറേണ്ടിവന്നു. തൊട്ടുപിന്നാലെ നയതന്ത്ര ബാഗേജ് വഴിയുള്ള സ്വര്‍ണക്കടത്ത് കേസിന്റെ വരവായി. അവിടെയും പ്രതിപക്ഷത്തിനു കുശാല്‍. ബി.ജെ.പിയുടെ സമര്‍ഥമായ ഇടപെടല്‍ കൂടിയായതോടെ സര്‍ക്കാര്‍ ശരിക്കും പ്രതിക്കൂട്ടിലായി. ഇവിടെയും ശിവശങ്കര്‍ കസ്റ്റംസിന്റെയും ഇ.ഡിയുടെയും പിടിയിലായി. കാര്യങ്ങള്‍ പിന്നെയും കുഴഞ്ഞു.
സര്‍ക്കാരിനെതിരേ തുടരെത്തുടരെ ആരോപണങ്ങളുമായി രമേശ് ചെന്നിത്തല കളംനിറഞ്ഞുകളിച്ചു. ഇ.ഡിയും കസ്റ്റംസും പുതിയ പുതിയ കേസുകളുമായി മുന്നോട്ടുനീങ്ങി. തെരഞ്ഞെടുപ്പുരംഗം കൊഴുത്തുവരുമ്പോള്‍ അതാ പൊട്ടിവിടരുന്നു, ആഴക്കടല്‍ മത്സ്യബന്ധന വിവാദം. ആ ബോംബുംപൊട്ടിയത് രമേശ് ചെന്നിത്തലയുടെ കൈയില്‍നിന്ന്. അരൂര്‍ മുതല്‍ ഇങ്ങ് കോവളം വരെയുള്ള തീരദേശത്തേക്ക് തിരിഞ്ഞു, കോണ്‍ഗ്രസ് നേതൃത്വം. തെരഞ്ഞെടുപ്പിനു മുന്‍പ് ഇതുപോലൊരു ആയുധം വീണുകിട്ടാനില്ല. യു.ഡി.എഫ് കേന്ദ്രങ്ങളില്‍ തികഞ്ഞ പ്രതീക്ഷ. കാര്യങ്ങള്‍ ഏകപക്ഷീയമായി തിരിയുന്നതിന്റെ നല്ല സൂചനകള്‍.
ഇതിനിടയില്‍ വലിയ തിരിച്ചടികളുമുണ്ടായി. കൊറോണക്കാലത്ത് സര്‍ക്കാര്‍ റേഷന്‍കടകള്‍ വഴി ആവശ്യസാധനങ്ങളടങ്ങിയ കിറ്റ് വിതരണം ചെയ്തത് ഏറെ ജനപ്രീതി നേടി. പ്രതിപക്ഷം എതിര്‍പ്പുമായി രംഗത്തെത്തി. തെരഞ്ഞെടുപ്പ് കമ്മിഷണര്‍ക്ക് പരാതിയും നല്‍കി. സി.പി.എമ്മിന്റെ തെരഞ്ഞെടുപ്പ് പോരാളികള്‍ ശക്തമായി തിരിച്ചടിച്ചു. അന്നം മുടക്കികളെന്നു പറഞ്ഞ് പ്രതിപക്ഷത്തെ അധിക്ഷേപിച്ചു. ആരോപണങ്ങളും പ്രത്യാരോപണങ്ങളുമായി ഇരുമുന്നണികളും മുന്നേറി. അവസാനം ആത്യന്തികവിജയം ഇടതുമുന്നണിക്ക്. 99 സീറ്റുമായി ഭരണത്തുടര്‍ച്ച. പ്രതിപക്ഷത്ത് രമേശ് ചെന്നിത്തലയ്ക്കു പകരം പുതിയ നേതാവ്, വി.ഡി സതീശന്‍.
എന്തിനെയും ഏതിനെയും എതിര്‍ക്കുക എന്നതായിരിക്കില്ല ഇനി പ്രതിപക്ഷത്തിന്റെ നയം എന്ന വലിയ പ്രഖ്യാപനത്തോടെയായിരുന്നു വി.ഡി സതീശന്റെ തുടക്കം. രമേശ് ചെന്നിത്തലയോടും ഉമ്മന്‍ചാണ്ടിയോടുമൊന്നും ആലോചിക്കാതെ ഹൈക്കമാന്‍ഡ് സതീശനെ പ്രതിപക്ഷ നേതാവായി നിയമിച്ചത് പാര്‍ട്ടി സംസ്ഥാന നേതൃത്വത്തില്‍ അസ്വാസ്ഥ്യമുണ്ടാക്കിയിരുന്നുവെങ്കിലും പാര്‍ട്ടി അണികള്‍, പ്രത്യേകിച്ച് യുവസമൂഹം സതീശനെ പരക്കെ അംഗീകരിച്ചു. പൊതുസമൂഹത്തില്‍ വ്യാപകമായ സ്വീകാര്യതയും സതീശനു കിട്ടി. ഇതിന്റെയൊക്കെ കരുത്തിലാണ് സതീശന്‍ പുതിയ നിയമസഭയില്‍ പുതിയ നേതാവായെത്തിയത്.
പാര്‍ട്ടിയായാലും സര്‍ക്കാരായാലും പ്രതിപക്ഷമായാലും ആരാണ് നേതാവെന്നത് പ്രധാനം തന്നെയാണ്. ഓരോ നേതാവിനും ഓരോ നിലപാടുണ്ടാവും. ഓരോ കാഴ്ചപ്പാടുണ്ടാവും. ഓരോ നയപരിപാ
ടിയുണ്ടാവും. ജനാധിപത്യ വ്യവസ്ഥിതിയില്‍ കാര്യങ്ങളൊക്കെ കൂട്ടായി ആലോചിച്ചുവേണം തീരുമാനിക്കാന്‍ എന്നുണ്ടെങ്കിലും നേതാവിന്റെ നിലപാടും കാഴ്ചപ്പാടും തീര്‍ച്ചയായും പ്രസക്തമാണ്. നേതാവ് മുഖ്യമന്ത്രി പിണറായി വിജയനെപ്പോലെ അതിശക്തനാണെങ്കില്‍ ഈ പ്രസക്തിയുടെ കരുത്ത് കൂട്ടുകയും ചെയ്യും.
ഇവിടെയാണ് ഒരു പ്രധാന ചോദ്യം ഉയരുന്നത്. മുഖ്യമന്ത്രി പിണറായി വിജയനു നേരേ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ നേര്‍ക്കുനേര്‍ നോക്കിനി
ല്‍ക്കുമ്പോള്‍ കരുത്തും ശക്തിയും ഏതു ഭാഗത്താവും? കഴിഞ്ഞ അഞ്ചു വര്‍ഷക്കാലവും പിണറായിയെ മുഖത്തോടുമുഖം നോക്കിനിന്ന് എതിര്‍ത്തത് രമേശ് ചെന്നിത്തലയായിരുന്നു. അവസാനം ജയിച്ചത് പിണറായി വിജയന്‍. രമേശിന്റെ സ്ഥാനത്തേക്ക് എത്തിയത് വി.ഡി സതീശന്‍. ഇനി പോരാട്ടം എങ്ങനെയായിരിക്കുമെന്നാണ് കേരളസമൂഹം നോക്കിയിരിക്കുന്നത്. സര്‍ക്കാരിനെ നിശിതമായി വിമര്‍ശിക്കുകയും പിണറായിയെ തലങ്ങും വിലങ്ങും ആക്രമിക്കുകയും ചെയ്യുക എന്നതായിരുന്നു രമേശ് ചെന്നിത്തലയുടെ പതിവുരീതി. സതീശന്റെ നയം വേറെയാണ്. മുഖ്യമന്ത്രിയെയും ഭരണത്തെയും അടപടലം എതിര്‍ക്കുന്നതില്‍ അദ്ദേഹം വിശ്വസിക്കുന്നില്ല. തെറ്റുകണ്ടാല്‍ ശക്തമായി വിരല്‍ചൂണ്ടുക. കൊവിഡ് പോലെയുള്ള ഗുരുതരമായ പരിതസ്ഥിതിയില്‍ സര്‍ക്കാര്‍ ചെയ്യുന്ന നല്ലകാര്യങ്ങള്‍ക്കു പിന്തുണ നല്‍കുക. വീഴ്ചകളെ കുറ്റപ്പെടുത്തുക.
നിയമസഭയില്‍ ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തിന്റെ നന്ദിപ്രമേയത്തിനു മറുപടി പറഞ്ഞ മുഖ്യമന്ത്രിയുടെ രാഷ്ട്രീയ പരാമര്‍ശങ്ങളിലൊന്ന്: 'കേരളത്തില്‍ ബി.ജെ.പിയുടെ അക്കൗണ്ട് പൂട്ടിക്കാനായത് വലിയ കാര്യം. കഴിഞ്ഞ തെരഞ്ഞെടുപ്പിനേക്കാള്‍ ബി.ജെ.പിക്ക് നാലു ലക്ഷം വോട്ട് കുറഞ്ഞു. ആ വോട്ട് കിട്ടിയത് യു.ഡി.എഫിനാണ്. അതു കിട്ടിയില്ലായിരുന്നുവെങ്കില്‍ യു.ഡി.എഫ് ബെഞ്ചുകളില്‍ ഇപ്പോള്‍ ഇരിക്കുന്നവരില്‍ പലരും കാണില്ലായിരുന്നു'. സതീശന്‍ തിരച്ചടിച്ചു: 'കെ. മുരളീധരനെ കോണ്‍ഗ്രസ് മത്സരിപ്പിച്ചതു കൊണ്ടാണ് നേമത്ത് ബി.ജെ.പി തോറ്റത്. അവിടെ വിജയിച്ച വി. ശിവന്‍കുട്ടിയെ ഒട്ടും കുറച്ചുകാണുന്നില്ല. ദേശീയതലത്തില്‍ ബി.ജെ.പിയുമായി ഏറ്റുമുട്ടുന്നത് കോണ്‍ഗ്രസാണ്. കോണ്‍ഗ്രസ്മുക്ത ഭാരതമാണ് ബി.ജെ.പിയുടെ പ്രധാന അജന്‍ഡ. കേരളത്തിലും അതു നടപ്പാക്കാനാണ് അവര്‍ നോക്കിയത്. യു.ഡി.എഫ്-ബി.ജെ.പി ബന്ധമുണ്ടെന്നാരോപിച്ച് മുഖ്യമന്ത്രി നിരത്തുന്ന കണക്കുകള്‍ അവരെത്തന്നെ തിരിഞ്ഞുകൊത്തുന്നതാണ്'.
നിയമസഭ എപ്പോഴും തീപാറുന്ന രാഷ്ട്രീയപോരാട്ടത്തിന്റെ വേദി തന്നെയാണ്. ചൂടുള്ള ഏറ്റുമുട്ടലുകളും മുദ്രാവാക്യങ്ങളും ബഹളത്തോട് കൂടിയുള്ള ഇറങ്ങിപ്പോക്കും പതിവു പരിപാടികള്‍. കോണ്‍ഗ്രസും സി.പി.എമ്മും തമ്മിലുള്ള എത്രയെത്ര ഏറ്റുമുട്ടലുകള്‍ക്ക് ഈ നിയമസഭ സാക്ഷ്യം നിന്നിരുന്നു. ഈ സഭ സമ്മേളിച്ച ദിവസംതന്നെ മുഖ്യമന്ത്രി പിണറായി വിജയന്‍ സഭയുടെ നടുത്തളത്തിലൂടെ പ്രതിപക്ഷ നിരയിലേക്കു നടന്നു. നേരേ വി.ഡി സതീശന്റെ മുന്‍പില്‍. സതീശന്‍ എഴുന്നേറ്റു വണങ്ങിനിന്നു. മുഖത്തോടുമുഖം ഒരുനിമിഷം. സഭയ്ക്കാകെ കൗതുകം പകര്‍ന്ന നിമിഷം.
അതെ. രണ്ടു തവണ ഉജ്ജ്വലവിജയം നേടിയ കരുത്തും പരിചയവുമായി നില്‍ക്കുന്ന പിണറായി വിജയനെ നേരിടാനൊരുങ്ങുകയാണ് പുതിയ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. പതിവു പ്രതിപക്ഷ ശൈലിയില്‍നിന്ന് വിട്ടുമാറി പുതിയ രീതിയില്‍, പുതിയ ആയുധങ്ങളുമായി. പിണറായിയെപ്പോലൊരു രാഷ്ട്രീയക്കാരനെ നേരിടാന്‍ പുതിയ വഴികള്‍ തേടുകയാണ് സതീശന്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."