കെ.എസ്.ആർ.ടി.സിയിൽ സ്ഥാനക്കയറ്റം സർവിസ് കൂടുതൽ കാര്യക്ഷമമാകുമെന്ന് മാനേജ്‌മെന്റ് കണക്കുകൂട്ടൽ
പ്രത്യേക ലേഖകൻ
തിരുവനന്തപുരം
ജീവനക്കാരുടെ സ്ഥാനക്കയറ്റം നടപ്പിലാക്കി കെ.എസ്.ആർ.ടി.സി. ശമ്പളപരിഷ്‌കരണത്തിന്റെ ഭാഗമായി അംഗീകൃത സംഘടനകളുമായി ഒപ്പുവച്ച കരാർ പ്രകാരം 353 ജീവനക്കാരുടെ സ്ഥാനക്കയറ്റമാണ് കെ.എസ്.ആർ.ടി.സി നടപ്പിലാക്കിയത്. നാലു വർഷത്തിനുശേഷമാണ് സ്ഥാനക്കയറ്റം നടപ്പിലാക്കുന്നത്.
കണ്ടക്ടർ തസ്തികയിൽനിന്നു 107 പേരെ സ്റ്റേഷൻ മാസ്റ്റർമാരായും 71 സ്റ്റേഷൻ മാസ്റ്റർമാരെ ഇൻസ്‌പെക്ടർമാരായും നിയമിച്ചു.
113 ഡ്രൈവർമാരെ വെഹിക്കിൾ സൂപ്പർ വൈസർമാരായും 10 വെഹിക്കിൾ സൂപ്പർവൈസർമാരെ ഹെഡ് വെഹിക്കിൾ സൂപ്പർവൈസർമാരായും നിയമിച്ചു.
4 സീനിയർ അസിസ്റ്റന്റുമാരെയും 48 സ്‌പെഷൽ അസിസ്റ്റന്റുമാരെയും ചേർത്ത് 52 പേർക്ക് സൂപ്രണ്ടുമാരായും സ്ഥാനക്കയറ്റം നൽകി.
കെ.എസ്.ആർ.ടി.സിയുടെ ചരിത്രത്തിൽ ആദ്യമായി ഒരു വനിതയും ഇൻസ്‌പെക്ടറായി. തൊടുപുഴ ഡിപ്പോയിലെ സ്റ്റേഷൻ മാസ്റ്റർ കെ.ആർ. രോഹിണിയാണ് ഇൻസ്‌പെക്ടർ പദവിയിൽ എത്തിയത്. പുനലൂരിലേക്കാണ് നിയമനം.
കെ.എസ്.ആർ.ടി.സിയിലെ രണ്ടാമത്തെ സ്റ്റേഷൻ മാസ്റ്ററായി തിരുവനന്തപുരം സിറ്റി യൂണിറ്റിലെ സംഗീത വി.എസിനെ പുനലൂരിലേക്ക് നിയമിച്ചു. ചാലക്കുടി ഡിപ്പോയിലെ ഷീല വി.പിയാണ് ഏക വനിതാ ഡ്രൈവർ.
സ്ഥാനക്കയറ്റം നടപ്പാക്കാത്തതിനാൽ ഈ സ്ഥാനത്ത് താൽക്കാലികമായി സീനിയർ ജീവനക്കാർക്ക് ചുമതല നൽകിയാണ് പ്രവർത്തനം നടത്തി വന്നത്. ഇവിടെ സ്ഥിരം ജീവനക്കാർ എത്തുന്നതോടെ സർവിസുകൾ കൂടുതൽ കാര്യക്ഷമമാകുമെന്നാണ് മാനേജ്‌മെന്റിന്റെ കണക്കുകൂട്ടൽ. സ്ഥാനക്കയറ്റം മൂലം 12 ലക്ഷം രൂപയുടെ അധികച്ചെലവ് ഉണ്ടാകും.
കേരളത്തിലുടനീളം 15 അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസുകളിലൂടെയാകും ഇനി മുതൽ കെ.എസ്.ആർ.ടി.സിയുടെ ഭരണവും അക്കൗണ്ട്‌സ്പരമായ കാര്യങ്ങളും നടക്കുന്നത്. നിലവിൽ ഡിപ്പോകളിലാണ് ഇക്കാര്യങ്ങൾ ചെയ്തു വന്നിരുന്നത്. കൂടാതെ 19 ഓപറേറ്റിങ് സെന്ററുകളിൽ ഉള്ള വർക്ക് ഷോപ്പുകൾ നിർത്തി പകൽ സമയങ്ങളിൽ നടത്തി വന്ന മെയിന്റൻസ് ജോലികൾ രാത്രിയിലേക്ക് മാറ്റുകയും ചെയ്തിട്ടുണ്ട്. വർക്ക് ഷോപ്പ് ആധുനികവൽകരണത്തിന്റെ ഭാഗമായി എടപ്പാളിൽ ആരംഭിക്കുന്ന റീക്കണ്ടീഷൻ പ്ലാന്റിന്റെ ജോലിയും പുരോഗമിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."