മിഴിതുറന്നത് അഴിമതിയിലേക്കോ?
232.25 crores spent on setting up AI cameras
നിരത്തിൽ വീഴുന്ന ചോരയ്ക്കും പൊലിയുന്ന കണക്കില്ലാത്ത ജീവനും അറുതിവരുത്താനല്ല, കോടികളുടെ കമ്മിഷൻ കൈക്കലാക്കാനാണ് നിർമിതബുദ്ധി(എ.ഐ)കാമറകളെ മിഴിതുറപ്പിച്ചത് എന്ന തരത്തിലുള്ള പ്രതിപക്ഷത്തിന്റെ ആരോപണം ഗൗരവതരമാണ്. കേരളത്തിൽ ഏത് പദ്ധതി വന്നാലും അതിനുപിന്നിൽ സുതാര്യതയില്ലായ്മയുടേയും അഴിമതിയുടേയും കഥകൾ ഉയർന്നുവരുന്നതും ആശങ്കപ്പെടുത്തുന്നതാണ്.
റോഡപകടങ്ങൾ കുറയ്ക്കൽ ലക്ഷ്യമിട്ട് എ.ഐ കാമറ സ്ഥാപിച്ചതിനു ചെലവായ 232.25 കോടിയിൽ 75.42 കോടി കമ്മിഷനായി മാറിയെന്ന വാർത്ത ഞെട്ടിക്കുന്നതാണ്. സർക്കാർ ഖജനാവിൽനിന്ന് പ്രത്യക്ഷത്തിൽ ഈ തുക പോയിട്ടില്ലെങ്കിലും പിഴയായി പിരിച്ചെടുക്കുന്ന തുകയിൽനിന്ന് ഈ പണം ചിലരുടെ കൈകളിൽ എത്തുമെന്നാണ് മനസിലാക്കുന്നത്. അങ്ങനെയെങ്കിൽ ഇതിനെ പ്രതിപക്ഷ നേതാവ് വിശേഷിപ്പിച്ചതുപോലെ 'നോക്കൂകൂലി'യെന്നു തന്നെ വിളിക്കേണ്ടിവരും. സർക്കാർ സംവിധാനത്തിലുള്ള ഇടപെടലിലൂടെ ചിലർ പദ്ധതികളുടേയും മറ്റും പേരിൽ ഇങ്ങനെ പണം കൈക്കലാക്കുന്ന പ്രവണത കൂടിവരികയാണ്. ഓരോ പദ്ധതിയും ഉദ്ഘാടനം ചെയ്തു കഴിയുന്നതിനു പിന്നാലെ തന്നെ ഇതിന്റെ പിന്നിലെ കാണാചരടുകളും പണ ഇടപാടുകളും പുറത്തുവരുന്നത് നല്ല പ്രതിച്ഛായയല്ല സംസ്ഥാനത്തിന്റെ വികസന ചരിത്രത്തിൽ ഉണ്ടാക്കുക.
പദ്ധതിയുടെ കരാർ കൊടുത്തതിൽ അഴിമതിയുണ്ടെന്ന മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണമാണ് ഗതാഗത നിയമപാലന രംഗത്ത് വലിയ മാറ്റം കൊണ്ടുവരാനുള്ള എ.ഐ കാമറകളെ സംശയത്തിന്റെ മറയിലാക്കിയത്. ഇത്രയും വലിയ തുക മുടക്കുന്ന പദ്ധതിയാണെങ്കിലും മന്ത്രിസഭ അനുമതികൊടുത്തതുതന്നെ 'പദ്ധതിയിൽനിന്ന് ഇനി തിരിച്ചുപോകാൻ കഴിയില്ല' എന്ന ഒറ്റക്കാരണത്താലാണ്. ഇത് അഴിമതിക്ക് കുടപിടിക്കുന്ന നിലപാടാണ്. തുടക്കംമുതൽ പാളിച്ചകളുണ്ടായിരുന്ന പദ്ധതി ഗതികേടുകൊണ്ട് അംഗീകരിക്കുന്നതിനു പകരം സുതാര്യതയില്ലായ്മയും ക്രമക്കേടും ബോധ്യമായെങ്കിൽ വേണ്ടെന്നുവയ്ക്കുക തന്നെയായിരുന്നു ചെയ്യേണ്ടിയിരുന്നത്. ആദ്യം 151 കോടിയായിരുന്നു ചെലവു കണക്കാക്കിയിരുന്നത്. പിന്നീട് 232 കോടിയായി മാറി. പദ്ധതി കരാർ ഏറ്റെടുത്ത കെൽട്രോൺ വിവിധ കമ്പനികൾക്ക് ഉപകരാർ നൽകിയതാണ് ചെലവ് കൂടാൻ കാരണം. ഇതിനായി തുക കൂട്ടി സർക്കാർ ഉത്തരവുകൾ ഇറക്കിയപ്പോൾ അഴിമതിക്കാണ് കൂട്ടുനിന്നത്. തനിക്കൊന്നുമറിയില്ലെന്ന ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ വാക്കുകളും തനിക്കൊന്നും ഓർമയില്ലെന്ന മുൻ ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്റെ വിലാപവും ഉയരുന്ന ചോദ്യത്തിന് മറുപടിയല്ല. എങ്കിൽ രണ്ടു മന്ത്രിസഭയേയും നയിച്ച മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ മൗനം വെടിയാൻ തയാറാകണം.
പദ്ധതി നടപ്പാക്കുന്നതിൽ സർക്കാരിന് നഷ്ടമില്ലെന്നും അഞ്ചുവർഷം കൊണ്ട് 424 കോടി രൂപ ജനങ്ങളിൽനിന്ന് പിഴ ഇൗടാക്കി തിരിച്ചുതരാമെന്നുമാണ് കെൽട്രോൺ സർക്കാരിനെ അറിയിച്ചത്. 165.23 കോടി രൂപയാണ് പാതകളിൽ കാമറകൾ സ്ഥാപിക്കുന്നതിനും ജില്ലകളിൽ കൺട്രോൾ റൂമുകൾ സ്ഥാപിക്കുന്നതിനും കണക്കാക്കിയിരുന്നത്. ഇതിൽ 66.35 കോടി കെൽട്രോണിനുള്ള കമ്മിഷനാണ്. സർക്കാരിൽനിന്നു കരാർ എടുത്ത കെൽട്രോൺ ഇത് എസ്.ഐ.ആർ.ടി എന്ന കമ്പനിക്ക് മറിച്ചു നൽകി. 151 കോടിക്കാണ് ഇതു നൽകുന്നത്. 15 കോടി ഈ ഉപകരാറിലൂടെ കെൽട്രോൺ വീണ്ടും നേടി. ഈ കരാർ എസ്.ഐ.ആർ.ടി കമ്പനിയാകട്ടെ രണ്ടു കമ്പനികൾക്കായി വീണ്ടും മറിച്ചു നൽകി. ലൈറ്റ് മാസ്റ്റർ ലൈനിങ്ക് ഇന്ത്യ, പ്രെസാഡിയോ ടെക്‌നോളജി എന്നീ കമ്പനികൾക്കാണ് കരാർ നൽകിയത്. ഇതിൽ കമ്മിഷനായി 9.07 കോടി എസ്.ഐ.ആർ.ടി കമ്പനിക്കും കിട്ടി. 232 കോടിയുടെ പദ്ധതി കെൽട്രോൺ വഴി സർക്കാർ നടപ്പാക്കിയപ്പോൾ കെൽട്രോണിനും എസ്.ഐ.ആർ.ടിക്കുമായി കമ്മിഷൻ കിട്ടിയത് 75.42 കോടിയാണ്. കരാർ മറിച്ചുനൽകിയതോടെ മറ്റൊരു 15 കോടിയും കെൽട്രോണിന് ലഭിച്ചു. ഒരു പദ്ധതിയുടെ മറവിലാണ് ഒന്നും ചെയ്യാതെ പൊതുമേഖലാ സ്ഥാപനമായ കെൽട്രോണും സ്വകാര്യ കമ്പനിയും ഇത്രയും കമ്മിഷൻ സ്വന്തം അക്കൗണ്ടിലാക്കിയത്. ഇതിനെ നോക്കുകൂലിയെന്നല്ലാതെ മറ്റെന്താണ് വിളിക്കാനാകുക.
കെൽട്രോണിന് കരാർ നൽകിയതും സർക്കാരിന്റെ കരാർ നിയമങ്ങൾ ലംഘിച്ചാണെന്നും ആരോപണമുയർന്നിട്ടുണ്ട്. 2018ൽ ധനവകുപ്പ് ഇറക്കിയ ഉത്തരവിൽ പൊതുമേഖലാ സ്ഥാപനങ്ങൾക്ക് ഇത്തരം കരാറുകൾ നൽകുമ്പോൾ പാലിക്കേണ്ട മാനദണ്ഡങ്ങളെക്കുറിച്ച് പറയുന്നുണ്ട്. ഇതനുസരിച്ച് പൊതുമേഖലാ സ്ഥാപനങ്ങളും അക്രഡിറ്റ് ഏജൻസികളും ഒന്നുകിൽ പ്രൊജക്ട് മാനേജ്‌മെന്റ് കൺസൾറ്റന്റായി പ്രവർത്തിക്കണം. അല്ലെങ്കിൽ സ്വന്തമായി ഉപകരണങ്ങൾ വിതരണം ചെയ്യുന്ന സ്ഥാപനമായി പ്രവർത്തിക്കണം. എന്നാൽ കെൽട്രോൾ കരാർ ഏറ്റെടുത്തശേഷം സ്വന്തമായി ഒന്നും ഉൽപാദിപ്പിക്കാതെ സ്വകാര്യ കമ്പനിക്ക് ഉപകരാർ കൊടുക്കുകയായിരുന്നു. ഇവിടേയും ദുരൂഹതകൾ തീരുന്നില്ല. എസ്.ആർ.ഐ.ടിക്ക് ഉപകരാർ കിട്ടാനായി മറ്റ് രണ്ടു കമ്പനികളുടെയും കരാർ തുക കൂട്ടിക്കാണിച്ചുവെന്ന ആരോപണവും ഉയർന്നിട്ടുണ്ട്.
സംസ്ഥാനത്ത് ഓരോ വർഷവും നടക്കുന്ന റോഡപകടങ്ങൾക്കും അതുമൂലമുണ്ടാകുന്ന ജീവഹാനിക്കും അറുതിയുണ്ടാകണമെങ്കിൽ റോഡ് നിയമങ്ങൾ കർശനമായും നടപ്പാക്കുക തന്നെ വേണം. അതിന് അത്യാധുനിക സംവിധാനങ്ങളും സജ്ജീകരണങ്ങളും അനിവാര്യവുമാണ്. എന്നാൽ നിർമിതബുദ്ധി കാമറകളാണ് സ്ഥാപിച്ചിരിക്കുന്നതെന്ന് സർക്കാരും ഗതാഗത വകുപ്പും ആവർത്തിക്കുമ്പോഴും കാമറകളുടെ നിർമിത ബുദ്ധിയിൽ പൊതുജനത്തിന് സംശയമുണ്ട്. വാഹനത്തിനുള്ളിലെ യാത്രക്കാരുടെ സ്വകാര്യതെ ഹനിക്കുന്നതിനപ്പുറം ഈ എ.ഐ കാമറകൾക്ക് എന്ത് നിർമിത ബുദ്ധിയാണുള്ളതെന്ന് കാമറ സ്ഥാപിച്ച കെൽട്രോൺ വ്യക്തമാക്കണം.
കരാർ നൽകിയതിലെ മുഴുവൻ വിവരങ്ങളും ചെലവായ തുകയും അറിയാൻ പൊതുജനത്തിന് അവകാശമുണ്ട്. ഉത്തരവദിത്വം മുഴുവൻ കെൽട്രോണിനാണെന്ന് പറഞ്ഞ് സർക്കാരിന് കൈയൊഴിയാനാവില്ല. റോഡിലെ നിയമലംഘനത്തിന്റെ പേരിലാണെങ്കിലും സാധാരണക്കാരുടെ പോക്കറ്റിൽനിന്ന് പിടിച്ചുപറിക്കുന്ന പണമൊരിക്കലും അനർഹരുടെ കൈകളിലേക്ക് എത്താൻ ഇടവരുത്തരുത്. അങ്ങനെയെങ്കിൽ അത് മാപ്പില്ലാത്ത തെറ്റുതന്നെയാണ്.
232.25 crores spent on setting up AI cameras
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."