HOME
DETAILS

വിധിയെഴുത്ത് വില്‍പ്പനയ്ക്ക്‌ വയ്ക്കുന്നവർ

  
backup
April 26 2023 | 04:04 AM

karnataka-election-2023

karnataka election 2023


നാലു പതിറ്റാണ്ടിന്റെ നിയമസഭാ ചരിത്രത്തിൽ ഒരു സർക്കാരിനും കർണാടകയിൽ ഭരണത്തുടർച്ച ലഭിച്ചിട്ടില്ല. ഇക്കുറി അതുണ്ടാവുമെന്ന് ബി.ജെ.പി നേതൃത്വമോ അണികളോ കരുതുന്നുമില്ല. പിന്നെ എന്തുകൊണ്ടാണ് കർണാടകയിൽ വീണ്ടും താമരവിരിയുമെന്ന ആത്മവിശ്വാസം ചില ബി.ജെ.പി നേതാക്കൾ പങ്കുവയ്ക്കുന്നത്. ജനങ്ങൾ വോട്ടുചെയ്തില്ലെങ്കിലും പിന്തുണച്ചില്ലെങ്കിലും തെരഞ്ഞെടുപ്പ് കഴിയുന്ന മുറയ്ക്ക് വിധാൻ സൗധയിൽ ബി.ജെ.പി മുഖ്യമന്ത്രി സത്യപ്രതിജ്ഞ ചെയ്യുമെന്നുവരെ ഉറപ്പിച്ചു പറയാൻ ചിലർക്ക് സാധിക്കുന്നത് എന്ത് ധൈര്യത്തിൻ്റെ പിൻബലത്തിലാണ്! അവിടെയാണ് കൂറുമാറ്റത്തിന്റെയും കുതിരക്കച്ചവടത്തിന്റെയും അനന്ത സാധ്യതകൾ ബി.ജെ.പി കാണുന്നത്. കോൺഗ്രസും ജെ.ഡി.എസും ഭയക്കുന്നതും ഇതുതന്നെ.


കുതിരക്കച്ചവടവും കൂറുമാറ്റവും ഇന്ത്യൻ ജനാധിപത്യത്തിന്റെ ഏറ്റവും മോശപ്പെട്ട അടയാളങ്ങളാണ്. കാലുമാറ്റത്തിനും കൂടുമാറ്റത്തിനും ചരിത്രത്തിൽ പഴക്കമേറെയുണ്ടെങ്കിലും സമീപകാലത്തെ കൂറുമാറ്റങ്ങളാണ് യഥാർഥത്തിൽ ജനാധിപത്യത്തെ തീർത്തും പരിഹാസ്യമാക്കുന്നത്. അരുണാചൽ പ്രദേശ്, ഗോവ, കർണാടക, മണിപ്പൂർ, മധ്യപ്രദേശ് ഏറ്റവും ഒടുവിൽ മഹാരാഷ്ട്ര എന്നിവിടങ്ങളിലെ കാലുമാറ്റവും കുതിരക്കച്ചവടവും ഇന്ത്യയുടെ പുകൾപെറ്റ ജനായത്ത സങ്കൽപ്പത്തിന് കളങ്കമായി തീർന്നു. കേന്ദ്രഭരണത്തിന്റെ സർവ അധികാരവും ഉപയോഗിച്ച്, പണവും സ്വാധീനവും ചെലവഴിച്ചാണ് ബി.ജെ.പി മേൽ സംസ്ഥാനങ്ങളിലെ ജനവിധി അട്ടിമറിച്ചത്.

 


കർണാടകയിലെ പതിവുകാഴ്ച


ഇക്കുറിയും കർണാടകയിൽ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു മുമ്പും ശേഷവും പാർട്ടി മാറ്റം പതിവുപോലെ അരങ്ങേറി. ഭരണവിരുദ്ധ വികാരം കലശലായി അലട്ടുന്ന ബി.ജെ.പിയിൽ നിന്നാണ് കൂറുമാറ്റം കൂടുതൽ. ഭാഗ്യാന്വേഷികളുടെ പോക്ക് ഭൂരിഭാഗവും കോൺഗ്രസിലേക്കാണ്. മുൻ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാർ, മുൻ ഉപമുഖ്യമന്ത്രി ലക്ഷ്മൺ സാവദി തുടങ്ങി ഇരുപതോളം സംസ്ഥാന നേതാക്കൾ ബി.ജെ.പി വിട്ട് കോൺഗ്രസ് പാളയത്തിലെത്തി. ചെറിയ തോതിൽ മാറ്റം ജനതാദൾ എസിലേക്കും(ജെ.ഡി.എസ്) ബി.ജെ.പിയിലേക്കും ഉണ്ടായി. ഭരണം മാറുമെന്ന ഉറച്ച വിശ്വാസവും സ്വന്തം പാർട്ടിയിൽ സീറ്റ് നിഷേധിക്കുമെന്ന ബോധ്യവുമാണ് ഷെട്ടാർ മുതൽ ഇങ്ങോട്ടുള്ള നേതാക്കളെ കൂടുമാറാൻ പ്രേരിപ്പിച്ചത്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനുശേഷമാണ് കൂറുമാറ്റം ഏറെയും. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പായി സ്വന്തം പാർട്ടിക്കോ നേതാക്കൾക്കോ എതിരായി ഒരു ഘട്ടത്തിലും അവിശ്വാസം രേഖപ്പെടുത്താത്തവരാണ് കണക്കുകൂട്ടലിനൊടുവിൽ കളം മാറുന്നത്. ഇതിന് അവരെ പ്രേരിപ്പിക്കുന്നത് ആശയമോ നിലപാടുകളോ അല്ല. അധികാരക്കൊതി മാത്രമാണ്.


കഴിഞ്ഞ വ്യാഴാഴ്ച പി.സി.സി പ്രസിഡന്റ് ഡി.കെ ശിവകുമാർ പറഞ്ഞത് പ്രത്യേകം ശ്രദ്ധയാകർഷിച്ച വാക്കുകളാണ്. 'ഇനി ടിക്കറ്റിനായി ആരും കോൺഗ്രസിലേക്കു വരേണ്ടതില്ല'. കോൺഗ്രസ് വല്ലാതെ പ്രയാസപ്പെട്ടു, കൂറുമാറ്റക്കാരെ കുടിയിരുത്താൻ. ഒരു സീറ്റും ഒരായിരം നേതാക്കളുമുള്ള പാർട്ടിയിൽ അവരെയെല്ലാം തട്ടിമാറ്റി, തരം നോക്കി കളിക്കാനെത്തിയവർക്ക് സീറ്റു നൽകുന്നത് പാർട്ടിയിലുണ്ടാക്കുന്ന അങ്കലാപ്പ് ചെറുതല്ല. പുറമെ നിന്നെത്തുവരെ ഉൾക്കൊള്ളിക്കുമ്പോൾ അകത്തുള്ളവർ ചാടിപ്പോകാതെ നോക്കുകയും വേണം. ശിവകുമാറും സിദ്ധരാമയ്യയും ഇക്കൂട്ടരെ മെരുക്കാൻ ഏറെ പണിപ്പെട്ടുകാണണം. എന്തായാലും പതിവിന് വിപരീതമായി കോൺഗ്രസിൽ ഇത്തവണ തൊഴുത്തിൽകുത്തും ചെളിവാരിയെറിയലും കുറവാണ്.
കണക്കുകൂട്ടലിൽ ബി.ജെ.പി


തങ്ങളുടെ പൊക്കിൾക്കൊടി ബന്ധമറ്റുപോകാത്ത നേതാക്കളാണ് ഇപ്പോൾ മറുകണ്ടം ചാടിയതെന്ന ചില ബി.ജെ.പി നേതാക്കളുടെ പ്രസ്താവന വരികൾക്കിടയിലൂടെ വായിക്കണം. സംഘബോധത്തിന്റെ ജൈവികധാര അവശേഷിക്കുന്ന നേതാക്കൾ സാഹചര്യം തങ്ങൾക്കനുകൂലമായാൽ തിരികെ എത്തുമെന്ന പ്രതീക്ഷയിലാണ് ഒരു വിഭാഗം നേതാക്കളും അണികളും. സീറ്റു മോഹികളാണ് പാർട്ടി വിട്ടതെന്നും അവർക്ക് അവിടെ(കോൺഗ്രസിൽ) അനുകൂലമല്ലാത്ത അവസ്ഥ വന്നാൽ അവർ തിരിച്ചുവരുമെന്നുമുള്ള മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയുടെ വാക്കുകളും കരുതലോടെ ഓർത്തുവയ്‌ക്കേണ്ടതുണ്ട്. ആർക്കും ഭൂരിപക്ഷമില്ലാത്ത സാഹചര്യം, കൂടുതൽ ആകർഷകമായ പദവികളും മറ്റ് സൗകര്യങ്ങളും, ഇ.ഡി, ഐ.ടി വിഭാഗങ്ങളുടെ നടപടികൾ എന്നിവയുണ്ടായാൽ ബി.ജെ.പി വിട്ടവർ മാത്രമല്ല, കോൺഗ്രസിലെയും ജെ.ഡി.എസിലെയും പല നേതാക്കളെയും തെരഞ്ഞെടുപ്പാനന്തരം തങ്ങളുടെ ക്യാംപിലെത്തിക്കാനാകുമെന്നാണ് ബി.ജെ.പി നേതൃത്വം കരുതുന്നത്. ഇതിനുള്ള പ്ലാൻ ബി തങ്ങളുടെ കൈവശമുണ്ടെന്ന് ആർ.എസ്.എസുമായി ബന്ധമുള്ള കേന്ദ്രങ്ങളും സമ്മതിക്കുന്നു.


ആശയമോ അധികാരമോ


കൂറുമാറിയെത്തിവർ നേരിടുന്ന അതേ പ്രതിസന്ധി അയാളെ കൂട്ടിച്ചേർത്ത പാർട്ടിക്കുമുണ്ട്. കളംമാറിയെത്തിയവരെ വിശുദ്ധരാക്കാനുള്ള പ്രചാരണമാണ് ഓരോ പാർട്ടിക്കാരും ആദ്യം നടത്തുക. അതിനായി പല മുറകളും പ്രയോഗിക്കും. തഴയപ്പെട്ടവരെന്ന് സഹതാപം പറയും. പാർട്ടി നീതികേട് കാട്ടിയെന്ന് വിലപിക്കും. ആദർശധീരന് മുറിവേറ്റുവെന്നും സമുദായത്തിന് അപമാനമുണ്ടായെന്നും പരാതിപ്പെടും. ലക്ഷ്യം ഒന്നുതന്നെ. കൂറുമാറ്റത്തെ ന്യായീകരിക്കുക. കൂറുമാറ്റത്തിന് പിന്നിൽ രാഷ്ട്രീയകാരണങ്ങളുണ്ടെന്നും സമുദായ താൽപര്യമുണ്ടെന്നും വിശദീകരിക്കുമെങ്കിലും അധികാരപദവി ബോധമാണെന്ന് സാമാന്യജനത്തിന് മനസിലാകും. ഇതു സമ്മതിച്ചുതരാതെ ചെറിയ കാലയളവിലേക്കെങ്കിലും കൂറുമാറ്റക്കാർ 'വിശുദ്ധരുടെ പദവിയിൽ' വിലസും. അവരെ ഏറ്റെടുത്ത് പ്രദക്ഷിണം ചെയ്യാൻ പാർട്ടിക്കാരും സ്ഥാപിത താൽപര്യക്കാരുമുണ്ടാകും. അപ്പോഴും ഒരു ചോദ്യം മാത്രം ബാക്കിയാകുന്നു; ആശയപരമായ മാറ്റമെവിടെ?

 


തുടക്കത്തിൽ പാളിയ
ഒാപറേഷൻ താമര


2018ൽ കോൺഗ്രസ് പ്രതീക്ഷകൾക്ക് വിരുദ്ധമായ ജനവിധിയാണു കർണാടകത്തിലുണ്ടായത്. തുടർഭരണം പ്രതീക്ഷിച്ച സിദ്ധരാമയ്യയ്ക്കും കൂട്ടർക്കും 80 സീറ്റിൽ ഒതുങ്ങേണ്ടി വന്നു. ബി.ജെ.പി 104 സീറ്റുനേടി ഏറ്റവും വലിയ ഒറ്റകക്ഷിയായി. ജെ.ഡി.എസ് 37 സീറ്റുനേടി. വലിയ കക്ഷിയെ സർക്കാരുണ്ടാക്കാൻ ഗവർണർ വാജുഭായ് ആർ വാല ക്ഷണിച്ചു. മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ബി.എസ് യെദ്യൂരപ്പയ്ക്ക് ഭൂരിപക്ഷം തെളിയിക്കാൻ 15 ദിവസവും അനുവദിച്ചു. ഒറ്റയ്ക്ക് സർക്കാരുണ്ടാക്കാൻ ബി.ജെ.പിക്ക് വേണ്ടത് എട്ട് എം.എൽ.എമാർ കൂടി.


കേന്ദ്രത്തിൽനിന്ന് അമിത് ഷാ ഉൾപ്പെടെ അരഡസൻ ട്രബിൾഷൂട്ടർമാർ ബംഗളൂരുവിലെത്തി. 15 ദിവസത്തെ ഇടവേള ധാരാളമെന്ന കണക്കുകൂട്ടലിലാണ് എം.എൽ.എമാരെ വിലയ്ക്കുവാങ്ങാനുള്ള പദ്ധതി ബി.ജെ.പി തയാറാക്കിയത്. എന്നാൽ അപകടം മണത്ത കോൺഗ്രസ് പരമോന്നത നീതിപീഠത്തെ സമീപിച്ചു. സർക്കാരിന് ഭൂരിപക്ഷം തെളിയിക്കാൻ ഒരു ദിവസം മാത്രം കോടതി അനുവദിച്ചു. ഇതിനിടയിൽ കോൺഗ്രസ് മാനേജർമാർ ഉണർന്നു പ്രവർത്തിച്ചു. കൂട്ടത്തിലൊരാൾ പോലും ചാടിപ്പോകാതിരിക്കാൻ അവരുടെ അവസാനത്തെ ആയുധവും പരീക്ഷിച്ചു. ജെ.ഡി.എസും എം.എൽ.എമാരെ 'കൂട്ടിലൊളിപ്പിച്ചു'. ഫലമോ നാൽപത്തിയെട്ട് മണിക്കൂറിനുള്ളിൽ യെദ്യൂരപ്പ പുറത്തായി. രാജിവച്ചുകൊണ്ടുള്ള വിധാൻ സൗധയിലെ അദ്ദേഹത്തിന്റെ പ്രസംഗം അവസാനിച്ചതിങ്ങനെയാണ്. 'നിങ്ങൾ കാത്തിരുന്നോളൂ. ജനവിധി അട്ടിമറിച്ചതിന് നിങ്ങൾ കണക്കുപറയേണ്ടിവരും.

അതിന് അധികം കാലതാമസം വേണ്ട'. ഒരു വർഷത്തിനുശേഷം ഓപറേഷൻ താമരയിലൂടെ കോൺഗ്രസിലെ 14ഉം ജെ.ഡി.എസിന്റെ മൂന്നും എം.എൽ.എമാർ മറുകണ്ടം ചാടി. അവിശ്വാസ നോട്ടിസ് നൽകിയ 17 എം. എൽ.എമാരെ ബി.ജെ.പി മുംബൈയിലേക്ക് മാറ്റി. അവരെ താമസിപ്പിച്ച ഹോട്ടലിനുമുന്നിലെത്തി അപേക്ഷിച്ചിട്ടും കൂറുമാറിയവരെ തിരികെ എത്തിക്കാൻ ഡി.കെ ശിവകുമാറിന് സാധിച്ചില്ല. എച്ച്.ഡി കുമാരസ്വാമി രാജിവെച്ചതിനെ തുടർന്ന് യെദ്യൂരപ്പ വീണ്ടും മുഖ്യമന്ത്രിയായി.


കൂറുമാറിയവർ ആദ്യം ചെയ്തത് എം.എൽ.എ സ്ഥാനം രാജിവയ്ക്കലായിരുന്നു. അതോടെ ജനവിധിയിലൂടെ വീണ്ടും തിരിച്ചുവന്ന് 'അഗ്നിശുദ്ധി വരുത്തുക' എന്ന പുതിയ രീതിക്ക് ബി.ജെ.പി തുടക്കമിട്ടു. കൂറുമാറിയവർ ഒന്നടങ്കം രാജിവെച്ചതും അവരിൽ മിക്കവരും ഉപതെരഞ്ഞെടുപ്പിലൂടെ തിരികെ എത്തിയതും കൂറുമാറ്റത്തിന് പുത്തൻ അധ്യായങ്ങൾ എഴുതിച്ചേർത്തു. അവരിൽ ഭൂരിപക്ഷത്തിനും ഇക്കുറിയും സീറ്റ് നൽകാൻ ബി.ജെ.പി ശ്രദ്ധകാട്ടി. കാലുമാറിയെത്തുന്നവർക്ക് സാമ്പത്തിക, രാഷ്ട്രീയ സംരക്ഷണം നൽകുന്നതിൽ മാത്രമല്ല ഇനിയും അത്തരം ഭാഗ്യാന്വേഷികളെ വരവേൽക്കാനുള്ള ഒരു വിളംബരം കൂടിയാണത്.

karnataka election 2023



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദേശീയ ചിഹ്‌നങ്ങള്‍ വാണിജ്യപരമായി ഉപയോഗിക്കുന്നത് തടയാന്‍ ഉത്തരവിറക്കി സഊദി

Saudi-arabia
  •  25 days ago
No Image

ബംഗാളി നടിയുടെ പീഡന പരാതി സംവിധായകന്‍ രഞ്ജിത്തിനെതിരെ പൊലിസ് കുറ്റപത്രം സമര്‍പ്പിച്ചു

Kerala
  •  25 days ago
No Image

ചേവായൂര്‍ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിലെ സംഘര്‍ഷം; കോഴിക്കോട് നാളെ കോണ്‍ഗ്രസ് ഹര്‍ത്താല്‍

Kerala
  •  25 days ago
No Image

സഹകരണം വര്‍ധിപ്പിക്കും; ഒമാന്‍ സുല്‍ത്താനുമായി കൂടിക്കാഴ്ച നടത്തി ബഹ്‌റൈന്‍ വിദേശകാര്യ മന്ത്രി

oman
  •  25 days ago
No Image

സന്ദീപ് വാര്യരുടെ കോണ്‍ഗ്രസ് പ്രവേശനത്തോടെ ബിജെപി കോണ്‍ഗ്രസ് ഡീല്‍ കൂടുതല്‍ വ്യക്തമായെന്ന് ഇ.പി ജയരാജന്‍

Kerala
  •  25 days ago
No Image

'ആര്‍.എസ്.എസ് ശാഖക്ക് കാവല്‍ നില്‍ക്കണം എന്ന് തോന്നിയാല്‍ കെ.പി.സി.സി പ്രസിഡന്റ് ഉണ്ട്'; പരിഹസിച്ച് മുഹമ്മദ് റിയാസ്

Kerala
  •  25 days ago
No Image

ഇത്രയും കാലം ഛര്‍ദ്ദിച്ചതൊക്കെ വിഴുങ്ങണ്ടേ..?; സന്ദീപിന്റെ കോണ്‍ഗ്രസ് പ്രവേശനത്തെ പരിഹസിച്ച് പത്മജ

Kerala
  •  25 days ago
No Image

ആറ് ജില്ലകളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  25 days ago
No Image

സ്‌നേഹത്തിന്റെ കടയില്‍ സന്ദീപ് വാര്യര്‍ക്ക് വലിയ കസേരകള്‍ കിട്ടട്ടെ; പരിഹസിച്ച് കെ സുരേന്ദ്രന്‍

Kerala
  •  25 days ago
No Image

സന്തോഷ് ട്രോഫി: കേരളം സുസജ്ജം

Kerala
  •  25 days ago