ഊദ് ; കൃഷിയിലെ രാജാവ്
മുഹമ്മദ് ഫാറൂഖ് ഫൈസി
മണ്ണാര്‍ക്കാട്
വര്‍ഷം മുമ്പാണ്. പാലക്കാട് കൂറ്റനാട് നിന്നുള്ള ഒരു 15കാരന്‍ അങ്ങകലെ യു.എ.ഇയിലെത്തി. സഹോദരന്മാര്‍ അബൂദബി കിരീടാവകാശിയുടെ കൊട്ടാരത്തില്‍ ജീവനക്കാരായിരുന്നു. ഒരുവര്‍ഷത്തിനകം അബൂദബി വിമാനത്താവളത്തില്‍ അവനു ജോലി കിട്ടി. കൊട്ടാരത്തില്‍ മജ്‌ലിസുകള്‍ നടക്കുമ്പോള്‍ ജ്യേഷ്ടനെ സഹായിക്കാനായി അവനും പോകാറുണ്ട്. അവിടെ വിളമ്പുന്ന രുചിയേറിയ വിഭവങ്ങളെക്കാള്‍ അവനെ ആകര്‍ഷിച്ചത് മജ്‌ലിസില്‍ പുകയ്ക്കുന്ന ഊദിന്റെ പുകച്ചുരുളുകളാണ്. അതവനെ വല്ലാതെ ഭ്രമിപ്പിച്ചു. സന്ദര്‍ശനവേളകളില്‍ ശൈഖുമാരില്‍ നിന്ന് ഊദിന്റെ മദിപ്പിക്കുന്ന കഥ കേട്ട അവന്‍ എയര്‍പോര്‍ട്ടിലെ ജോലി ഉപേക്ഷിച്ച് യാത്ര തുടങ്ങി, ഊദിന്റെ രഹസ്യം തേടി. 12 വര്‍ഷം നീണ്ട അലച്ചില്‍. പതിറ്റാണ്ട് പിന്നിട്ട പഠനപരീക്ഷണങ്ങളിലൂടെ ഏത് സാധാരണക്കാരനും കൃഷിചെയ്ത് വരുമാനമാര്‍ഗം കണ്ടെത്താവുന്ന ഒന്നാക്കി ഈ മേഖലയെ അവന്‍ മാറ്റിയെടുത്തു.
ഇന്ന് ലോകത്ത് അറിയപ്പെട്ട ഏഴ് ഊദ് ഗവേഷകരില്‍ ഒരാളാണ് ഡോ. ശംസുദ്ദീന്‍. 2015ല്‍ വിശുദ്ധ കഅ്ബയെ സുഗന്ധപൂരിതമാക്കാനുള്ള ഊദ് ഇദ്ദേഹത്തിന്റെ ശേഖരത്തില്‍ നിന്നാണ് തിരഞ്ഞെടുത്തതെന്നറിയുമ്പോഴാണ് ഊദുമായി ശംസുദ്ദീനുള്ള ബന്ധത്തിന്റെ ആഴം മനസിലാവുക. ഊദിന്റ കാര്‍ഷിക, വ്യവസായ, വാണിജ്യ സാധ്യതകള്‍ പഠിക്കാന്‍ 32ല്‍പരം രാജ്യങ്ങളില്‍ ഇദ്ദേഹം ചുറ്റിക്കറങ്ങിയിട്ടുണ്ട്.
2018ല്‍ മുന്‍ രാഷ്ട്രപതി എ.പി.ജെ അബ്ദുല്‍ കലാമിന്റെ പേരിലുള്ള പ്രഥമ കാര്‍ഷിക ദേശീയ അവാര്‍ഡ്, 2019ല്‍ ഇന്ത്യന്‍ എക്‌സലന്‍സ് അവാര്‍ഡ്, 2021ല്‍ ഭാരതീയ സമാജ് രത്‌ന അവാര്‍ഡ് എന്നീ ദേശീയ പുരസ്‌കാരങ്ങള്‍ക്ക് പുറമേ 2019ല്‍ ജര്‍മന്‍ പീസ് യൂനിവേഴ്‌സിറ്റിയുടെ അന്താരാഷ്ട്ര ബഹുമതിയും ഡോക്ടറേറ്റും ലഭിച്ചു. 'ഊദ് സുഗന്ധങ്ങളുടെ രാജാവ്' എന്ന ഗ്രന്ഥവും ഇദ്ദേഹം രചിച്ചിട്ടുണ്ട്.
ഊദ് സാധാരണക്കാരിലേക്ക്
കുത്തകകള്‍ കൈയടക്കിവച്ച ഊദിനെ ജനകീയവല്‍ക്കരിക്കുകയെന്ന ദൗത്യമാണ് ഡോ. ശംസുദ്ദീന്‍ ഏെറ്റടുത്തിരിക്കുന്നത്. അതുകൊണ്ടുതന്നെ കാര്‍ഷിക മേഖലയിലെ ശാസ്ത്രജ്ഞരടക്കമുള്ള പ്രമുഖരുടെ പിന്തുണയും ഇദ്ദേഹത്തിന് നേടാനായി. ഐക്യരാഷ്ട്രസഭയുടെ ഫുഡ് ആന്റ് അഗ്രികള്‍ച്ചര്‍ ഓര്‍ഗനൈസേഷന്റെ (FAO) ഉദ്യോഗസ്ഥനായിരുന്ന ലോകപ്രശസ്ത കാര്‍ഷിക ശാസ്ത്രജ്ഞന്‍ കോക്കനട്ട്മാന്‍ എന്നറിയപ്പെട്ട ഡോ. അഹ്‌മദ് ബാവപ്പയുടെ പ്രോത്സാഹനവും പിന്തുണയും ഈ മേഖലയില്‍ നേട്ടങ്ങള്‍ കൊയ്യാന്‍ സഹായിച്ചതായി ശംസുദ്ദീന്‍ പറയുന്നു. ഊദിനെ ജനകീയവല്‍ക്കരിക്കുന്നതിന്റെ ഭാഗമായി നിയമസഭാ മന്ദിരം മുതല്‍ പാതയോരങ്ങളില്‍ വരെ ഇദ്ദേഹം ഊദ് നട്ടിട്ടുണ്ട്.
ഇന്ന് ശാസ്ത്ര, സാങ്കേതിക, വാണിജ്യ മേഖലയിലെ ഉന്നതരടക്കമുള്ള ഒരു നിരതന്നെയുണ്ട് ഇദ്ദേഹത്തിനൊപ്പം. ഒപ്പം ആയിരക്കണക്കിന് സാധാരണ കര്‍ഷകരും. ഊദ്കൃഷി കേരളീയര്‍ക്ക് പരിചയപ്പെടുത്തിയതിന് 2019ല്‍ അംബേദ്കര്‍ പുരസ്‌കാരം, 2021ല്‍ ഗുരുശ്രേഷ്ട പുരസ്‌കാരം എന്നിവയും ഈ പ്രതിഭയെ തേടിയെത്തി. 2019ല്‍ ഖത്തറില്‍ നടന്ന അന്താരാഷ്ട്ര കാര്‍ഷിക സമ്മേളനത്തിലും 2019ലെ ആയുഷ് കോണ്‍ക്ലേവ് അന്താരാഷ്ട്ര സെമിനാറിലും ഡോ. ശംസുദ്ദീന്‍ ഈ സുഗന്ധരാജ്ഞിയുടെ സൗന്ദര്യവും സൗരഭ്യവും പകര്‍ന്നുകൊടുത്തു.
2019ലെ ഗ്രീന്‍ അറേബ്യ പ്രൊജക്ടിന്റെ ഭാഗമായി ഗള്‍ഫ് നാടുകളില്‍ അറബിവീടുകളില്‍ വരെ ശംസുദ്ദീന്‍ ഊദ് തൈകള്‍ നട്ടു. ഇദ്ദേഹത്തിന്റെ മേല്‍നോട്ടത്തിലുള്ള ഊദ് കൃഷിയിടങ്ങള്‍ സന്ദര്‍ശിക്കാന്‍ വിദേശികള്‍ എത്താറുണ്ട്. ഒരിക്കല്‍ വിമാനം പറത്തി വന്ന ഇത്തിഹാദ് എയര്‍വെയ്‌സ് സീനിയര്‍ ക്യാപ്റ്റന്‍ ആസ്‌ത്രേലിയക്കാരനായ ഗ്രാന്‍ജര്‍ നരാറ കൃഷിയിടം കാണാനെത്തിയതും അദ്ദേഹത്തിന്റെ നാട്ടില്‍ നൂറേക്കറില്‍ കൃഷിയിറക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ചതും ശംസുദ്ദീന്‍ ഓര്‍ക്കുന്നു.
ഊദ് ഗവേഷണ കേന്ദ്രം
ഡോ. ശംസുദ്ദീന്‍ (AWK) എന്ന പേരില്‍ ഒരു ഊദ് ഗവേഷണ കേന്ദ്രം മലപ്പുറം ജില്ലയിലെ കുറ്റിപ്പുറത്ത് നടക്കാവില്‍ നടത്തിക്കൊണ്ടിരിക്കുന്നു.
ഊദ് കൃഷിയിലെ അവിഭാജ്യഘടകമായ ഇനോക്കുലേഷന് ആവശ്യമായ ഫംഗസ് കാര്‍ഷിക സര്‍വകലാശാലയിലെ വിദഗ്ധരുടെ സഹായത്താല്‍ കേരളത്തില്‍ തന്നെ ഓര്‍ഗാനിക് രീതിയില്‍ വികസിപ്പിച്ചെടുത്തത് ഈ ഗവേഷണകേന്ദ്രമാണ്. ഇതിന് വേണ്ട സഹായങ്ങള്‍ ചെയ്തുകൊടുത്തത് തിരുവനന്തപുരം വെള്ളിയാണി കാര്‍ഷിക സര്‍വകലാശാലയിലെ പ്രൊഫ.ലുലുദാസാണ്. ഈ സ്ഥാപനത്തിന് കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ അംഗീകാരത്തിനു പുറമെ അന്താരാഷ്ട്ര തലത്തില്‍ ഊദ് നിയന്ത്രിക്കുന്ന CITES ന്റെ അംഗീകാരവുമുണ്ട്. 'Soil to Oil ' എന്നതാണ് സ്ഥാപനത്തിന്റെ നയം. വിത്ത് മുതല്‍ ഉല്‍പന്നം പണമാക്കി മാറ്റുന്നതടക്കമുള്ള എല്ലാ സേവനങ്ങളും ഈ സ്ഥാപനം ചെയ്തുകൊടുക്കുന്നു.
ഊദിന്റെ സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ നേരിട്ട് കണ്ട് മനസിലാക്കാന്‍ ഇവിടെ സൗകര്യമുണ്ട്. അതോടൊപ്പം കര്‍ഷകര്‍ക്ക് ഇേനാക്കുലേഷന്റെ പരിശീലനം വരെ ഇവിടെ നല്‍കിവരുന്നു.
അഗര്‍വുഡ് കേരളയും KAFAIയും
ഡോ. ശംസുദ്ദീന്റെ അഗര്‍വുഡ് കേരള എന്ന സ്ഥാപനം ഇതിനകം ഊദിന്റെ ചന്ദനത്തിരി മുതല്‍ ലക്ഷങ്ങള്‍ വിലമതിക്കുന്ന 'മലബാര്‍ ഊദ് '(ഊദിന്റെ ചിപ്‌സ്), ഊദിന്റെ അത്തര്‍, സ്‌പ്രേ, മസാജ് ഓയില്‍ തുടങ്ങി നാല്‍പതില്‍പരം ഉല്‍പന്നങ്ങള്‍ പുറത്തിറക്കി. കമ്പനിയുടെ 'ഊദ് അല്‍ഖലീജ്' എന്ന ഔട്ട്‌ലെറ്റിലൂടെ ഇവ വിപണംചെയ്തുവരുന്നു. നാട്ടിലും വിദേശത്തും ഇതിന് ഷോറൂമുകളുണ്ട്. അബൂദബിയില്‍ ഊദ് മലബാര്‍ പെര്‍ഫ്യൂം എന്ന പേരില്‍ ഈ സ്ഥാപനം പ്രവര്‍ത്തിക്കുന്നു. ശംസുദ്ദീനെ ആശ്രയിച്ച് ആയിരക്കണക്കിന് കര്‍ഷകര്‍ കേരളത്തിനകത്തും പുറത്തുമായി ഊദ്കൃഷി ചെയ്‌കൊണ്ടിരിക്കുന്നു
കര്‍ഷകര്‍ക്ക് അവരുടെ ഉല്‍പന്നങ്ങള്‍ നേരിട്ട് വിപണിയിലെത്തിക്കാന്‍ 'കേരള അഗര്‍വുഡ് അസോസിയേഷന്‍ ഓഫ് ഇന്ത്യ' (KAFAI) എന്ന പ്രൈവറ്റ് ലിമിറ്റഡ് കമ്പനി പ്രവര്‍ത്തനം തുടങ്ങിക്കഴിഞ്ഞു. അന്താരാഷ്ട്ര വിപണി ലക്ഷ്യമാക്കി നൂറില്‍പരം ഉല്‍പന്നങ്ങള്‍ പുറത്തിറക്കാനുള്ള പുറപ്പാടിലാണ് KAFAI. പാലക്കാട് ജില്ലയിലെ കൂറ്റനാടാണ് ഇതിന്റെ കേന്ദ്രം.
അത്തര്‍
മരത്തില്‍ നിന്ന് ഊദ് വേര്‍തിരിച്ചെടുത്ത് ബാക്കിവരുന്ന തടിയില്‍നിന്ന് എണ്ണമയമുള്ള ഭാഗങ്ങള്‍ വാറ്റിയാണ് ഊദെണ്ണ-അത്തര്‍-നിര്‍മിക്കുന്നത്. 70 കിലോ തടി വാറ്റിയാല്‍ ഏകദേശം 20 മില്ലി വരെ എണ്ണയേ ലഭിക്കൂ. ഇതാണ് ഊദ് അത്തറിന്റെ വിലയിലെ രഹസ്യം. എണ്ണ വേര്‍തിരിച്ച് ബാക്കിയുള്ള തടിക്കഷണങ്ങള്‍ പൊടിച്ച് പുകയ്ക്കാനുപയോഗിക്കുന്ന ബഖൂര്‍, ചന്ദനത്തിരി എന്നിവ നിര്‍മിക്കുന്നു. അസമിലിതൊരു കുടില്‍ വ്യവസായമാണ്.
ഊദ് കൃഷി ചെലവ് കുറഞ്ഞ വരുമാനമാര്‍ഗമായതു കൊണ്ട് വീട്, സ്ഥാപനങ്ങള്‍, ആരാധനാലയങ്ങള്‍ എന്നിവയുടെ ചുറ്റും ഊദ് നട്ടാല്‍ ഭാവിയില്‍ വരുമാനഭദ്രത ഉറപ്പുവരുത്താം. ഇതിന് മാതൃക ഡോ. ശംസുദ്ദീന്‍ തന്നെ കാണിച്ചിട്ടുണ്ട്. കൂറ്റനാട് ജുമാമസ്ജിദിന് ചുറ്റും അസമിനെ വെല്ലുംവിധം ഊദ് വളര്‍ന്നുകൊണ്ടിരിക്കുന്നു. മറ്റ് വൃക്ഷങ്ങളെ അപേക്ഷിച്ച് ഊദ് കൂടുതല്‍ ഓക്‌സിജന്‍ പുറന്തള്ളുന്നതുകൊണ്ട് ശുദ്ധവായു ശ്വസിക്കാനും കഴിയും.
കീടങ്ങളേ വരൂ...
ഊദ് മരത്തിന് 25 മുതല്‍ 50 വര്‍ഷം വരെ പ്രായമാകുമ്പോള്‍ ഒരു കീടാക്രമണം നേരിടേണ്ടിവരുന്നു. തുടര്‍ന്നുണ്ടാകുന്ന പൂപ്പല്‍ബാധയെ പ്രതിരോധിക്കാന്‍ മരം സുഗന്ധപൂരിതമായ ഒരു ദ്രാവകം ഉത്പാദിപ്പിക്കും. അത് സാവധാനം കാതലിനു സമാനമായ രൂപംപ്രാപിക്കും. തൈലോസ് (TyIos) എന്ന പേരിലറിയപ്പെടുന്ന ഈ പ്രക്രിയ പൂര്‍ത്തിയാവാന്‍ എകദേശം എട്ട് വര്‍ഷം വേണ്ടിവരും. സാവധാനം മരം ഉണങ്ങി വലിയ ചിതല്‍പ്പുറ്റ് പോലെയായി മാറും. അരനൂറ്റാണ്ടോളം നീണ്ടുനില്‍ക്കുന്ന പ്രകൃതിയിലെ അപൂര്‍വമായ ഈ പ്രക്രിയയുടെ അനന്തരഫലമായി രൂപപ്പെടുന്ന വസ്തുവാണ് ഊദ്. ഇതാണ് കോടികളുടെ കണക്ക് പറയുന്ന അന്തര്‍ദേശീയ വിപണിയിലെ 'ബ്ലാക്ക് ഗോള്‍ഡ്'. ഇത് തന്നെ വ്യത്യസ്ത നിലവാരത്തിലുള്ളവയാണ്. ഉയര്‍ന്ന നിലവാരമുള്ളത് വെള്ളത്തിലിട്ടാല്‍ താഴ്ന്നുപോവും.
കാലപ്പഴക്കം, സുഗന്ധം, എണ്ണമയം എന്നിവയെ അടിസ്ഥാനമാക്കിയാണ് ഊദിനു നിലവാരം നിശ്ചയിക്കുന്നത്. ഇന്ത്യയിലെ അസം കാടുകളാണിതിന്റെ ജന്മദേശം. ബംഗ്ലാദേശ്, ഭൂട്ടാന്‍, ഇന്തോനേഷ്യ, ഇറാന്‍, മലേഷ്യ, മ്യാന്‍മര്‍, ഫിലിപ്പൈന്‍സ്, സിങ്കപ്പൂര്‍, തായ്‌ലാന്റ്, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിലും ഇന്ത്യയില്‍ അസമിനു പുറമേ കേരളമടക്കം മറ്റു ചില സംസ്ഥാനങ്ങളിലും വ്യാവസായികാടിസ്ഥാനത്തില്‍ ഇത് കൃഷിചെയ്തുവരുന്നു. ഊദ് കൃഷിയില്‍ കേരളം ഇന്ത്യയില്‍ രണ്ടാം സ്ഥാനത്താണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."