ചിലിയുടെ പരാതി തള്ളി ഇക്വഡോർ ലോകകപ്പ് കളിക്കും
സൂറിച്ച്
ഇക്വഡോർ ഖത്തർ ലോകകപ്പ് കളിക്കുമോ എന്ന കാര്യത്തിൽ തീരുമാനമായി. ചിലി നൽകിയ പരാതി ഫിഫ തള്ളിയതോടെയാണ് ഇക്വഡോർ ലോകകപ്പ് കളിക്കുന്ന കാര്യത്തിൽ തീരുമാനമായത്. ഇക്വഡോർ ലോകകപ്പ് യോഗ്യത നേടിയിരുന്നെങ്കിലും ഒരു താരത്തെ അവർ അനധികൃതമായാണ് കളിപ്പിച്ചതെന്ന ചിലിയുടെ പരാതിയാണ് ഫിഫ തള്ളിയത്.
എട്ട് യോഗ്യതാ മത്സരങ്ങളിൽ കളിച്ച ഇക്വഡോർ ഡിഫൻഡർ ബൈറോൺ കാസ്റ്റിലോ അയോഗ്യനാണെന്ന അവകാശവാദത്തിൽ അച്ചടക്ക സമിതി നടപടികൾ അവസാനിപ്പിച്ചതായി ഫിഫ വ്യക്തമാക്കിയതായി വാഷിങ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്തു.'ബന്ധപ്പെട്ട എല്ലാ കക്ഷികളും സമർപ്പിച്ച കാര്യങ്ങൾ വിശകലനം ചെയ്യുകയും മുമ്പാകെ കൊണ്ടുവന്ന എല്ലാ ഘടകങ്ങളും പരിഗണിച്ച്, (ഇക്വഡോർ ഫുട്‌ബോൾ ഫെഡറേഷൻനെതിരെ) ആരംഭിച്ച നടപടികൾ അവസാനിപ്പിക്കാൻ ഫിഫ അച്ചടക്ക സമിതി തീരുമാനിച്ചു,' ഫിഫ പ്രസ്താവനയിൽ പറഞ്ഞതായി വാഷിങ്ടൺ പോസ്റ്റ് വ്യക്തമാക്കി.കാസ്റ്റിലോ കൊളംബിയക്കാരനാണെന്ന് തെളിയിക്കുന്ന രേഖകൾ കൈവശമുണ്ടെന്ന് അവകാശപ്പെട്ടായിരുന്നു ചിലി ഫുട്‌ബോൾ ഫെഡറേഷൻ ഫിഫക്ക് പരാതി നൽകിയത്.
ഇക്വഡോറിലാണ് ജനിച്ചതെന്ന് വരുത്തിത്തീർക്കാൻ കാസ്റ്റിലോ ജനന സർട്ടിഫിക്കറ്റിലും പാസ്‌പോർട്ടിലും കൃത്രിമം കാട്ടിയെന്നായിരുന്നു പരാതി.കാസ്റ്റില്ലോ യഥാർത്ഥത്തിൽ കൊളംബിയയിലാണ് ജനിച്ചതെന്നും ഇക്വഡോർ പൗരത്വത്തിന് അവകാശമില്ലെന്നും ചിലി നൽകിയ പരാതിയിൽ പറയുന്നു.
അതേസമയം, ഫിഫയുടെ നിലവിലെ തീരുമാനം ഫിഫയുടെ അപ്പീൽ കമ്മിറ്റിക്ക് മുൻപിലുള്ള അപ്പീലിന് വിധേയമാണെന്നും ഫിഫ അവരുടെ പ്രസ്താവനയിൽ വ്യക്തമാക്കിയിട്ടുണ്ട്. വിധിക്ക് എതിരെ അപ്പീൽ പോകുമെന്നും, വേണമെങ്കിൽ കോർട്ട് ഓഫ് ആർബിട്രേഷൻ ഫോർ സ്‌പോർട്‌സിലേക്ക് പോകുമെന്നും ചിലി ഫുട്‌ബോൾ ഫെഡറേഷൻ പ്രസിഡന്റ് പാബ്ലോ മിലാദ് വ്യക്തമാക്കിയപ്പോൾ, കായിക നീതി നടപ്പാക്കിയിട്ടുണ്ടെന്നാണ് വിധിയെ കുറിച്ച് ഇക്വഡോർ ഫുട്‌ബോൾ ഫെഡറേഷൻ പ്രസിഡന്റ് ഫ്രാൻസിസ്‌കോ ഇഗാസ് വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."