ചൂടുകുരുവിന് പൗഡര്‍ പ്രതിവിധിയാണോ?
ചൂടുകുരുവിന് പൗഡര്‍ പ്രതിവിധിയാണോ?
വേനല്‍ക്കാലമായതോടെ പല ത്വക്ക് രോഗങ്ങളും തലപൊക്കി തുടങ്ങി.ചെറിയ കുട്ടികളില്‍ ഉള്‍പ്പടെ സാധാരണയായി കാണുന്ന പ്രശ്‌നമാണ് ചൂടുകുരു. വിയര്‍പ്പുഗ്രന്ഥികള്‍ ശരീരത്തിന്റെ എല്ലാ ഭാഗത്തുമുണ്ട്. ഇവയാണ് വിയര്‍പ്പ് പുറന്തള്ളാന്‍ സഹായിക്കുന്നത്. ശരീരത്തിന്റെ ചില ഭാഗങ്ങളില്‍ ഈ വിയര്‍പ്പ് ഗ്രന്ഥികളുടെ പ്രവര്‍ത്തനത്തിന് തടസമുണ്ടാക്കുമ്പോഴാണ് ചൂടുകുരു പ്രത്യക്ഷപ്പെടുന്നത്.
കിടപ്പു രോഗികള്‍, കുഞ്ഞുങ്ങള്‍ ഇവരില്‍ വിയര്‍പ്പു ഗ്രന്ധിക്കുഴലുകള്‍ പൂര്‍ണമായും പ്രവര്‍ത്തനക്ഷമമല്ലാത്തതിനാല്‍ ചൂടുകുരു വരാന്‍ സാധ്യത കൂടുതലാണ്. കഴുത്ത്,നെഞ്ച്,ശരീരത്തിന്റെ പിന്‍ഭാഗം,അരഭാഗം,നാഭിഭാഗം തുടങ്ങിയ ഇടങ്ങളിലാണ് ചൂടുകുരു കൂടുതലായി കാണുക. കുട്ടികളെ ദിവസേന രണ്ട് മൂന്ന് തവണ തണുത്ത വെള്ളത്തില്‍ കഴുകുന്നത് നല്ലതാണ്.
ചൂടുകുരു വന്നാല്‍ പൗഡറിടുക എന്ന ശീലമാണ് ഒട്ടുമിക്ക മലയാളികള്‍ക്കുമുള്ളത്. പക്ഷേ യഥാര്‍ഥത്തില്‍ പൗഡറിടുന്നത് ശരീരത്തിലെ സുഷിരങ്ങള്‍ അടയുന്നതിന് സാഹചര്യമൊരുക്കുന്നതിനാല്‍ ചൂടുകുരു മാറാന്‍ ഇതൊരു പ്രതിവിധിയല്ലെന്നാണ് ആരോഗ്യവിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. കുട്ടികള്‍ക്ക് ചൂടുകുരു കാരണം ചൊറിച്ചിലോ മറ്റോ അനുഭവപ്പെടുന്നുണ്ടെങ്കില്‍ ഇങ്ങനെ പൗഡറിടുന്നതിലൂടെ അല്‍പം ആശ്വാസം കിട്ടുന്നു എന്ന് മാത്രമേ നേട്ടമുള്ളു. ഇനി മാര്‍ക്കറ്റില്‍ ലഭ്യമാകുന്ന പൗഡറുകള്‍ ഉപയോഗിക്കുന്നതിന് മുന്‍പേ ഡോക്ടറുടെ അഭിപ്രായം തേടുക.
ചൂടുകാലത്തെ നമ്മുടെ ദിനചര്യയില്‍ ഒന്ന് ശ്രദ്ധിച്ചാല്‍ ചൂടുകുരുവിനെ ചെറുക്കാന്‍ സാധിക്കും. നന്നായി വെള്ളം കുടിക്കുകയാണ് ഏറ്റവും പ്രധാനമായും ചെയ്യേണ്ട കാര്യം.ചര്‍മ്മത്തെ എപ്പോഴും വൃത്തിയോടെ സൂക്ഷിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ചൂടുകുരു വന്ന ഇടങ്ങളില്‍ ഒരിക്കലും ചൊറിയാതിരിക്കുക. ഈ ഭാഗത്ത് ചൊറിയുന്നതോടെ അണുക്കള്‍ ചര്‍മ്മത്തിന്റെ ഉള്ളിലെ ലെയറുകളിലേക്ക് പടരും.ചൂടുകുരുവിനെ ചെറുക്കുന്നതിനായി വസ്ത്ര ധാരണത്തിലും പ്രത്യേക ശ്രദ്ധ വേണം. ചൂടുകുരു അധികം ബുദ്ധിമുട്ടുണ്ടാക്കുന്ന സമയത്ത് ഡോക്ടറെ സമീപിക്കുക.
തണുത്ത വെള്ളത്തില്‍ മുക്കിയ കോട്ടന്‍ തുണി കൊണ്ട് ചൂടുകുരു ഉള്ള ഭാഗത്ത് അമര്‍ത്തുന്നത് അസ്വസ്ഥത കുറയ്ക്കും.സിന്തറ്റിക് വസ്ത്രങ്ങള്‍ ഒഴിവാക്കുക.കുളി കഴിഞ്ഞ് വെള്ളം മെല്ലെ ഒപ്പിയെടുക്കുക. ശക്തമായി ഉരസരുത്.
ശരീരം തണുപ്പിക്കാനായ ലാക്ടോകലാമിന്‍ ലോഷന്‍ പുരട്ടുന്നത് നല്ലതാണ്.
മുതിര്‍ന്ന ആളുകള്‍ ഇലക്കറികള്‍ ധാരാളം കഴിക്കുക.തണ്ണിമത്തന്‍, വെള്ളരിക്ക എന്നിവ കഴിക്കുന്നത് ശരീരം തണുക്കാന്‍ സഹായിക്കും. ആര്യവേപ്പിലയിട്ട് തിളപ്പിച്ച വെള്ളത്തില്‍ കുളിക്കുക.
Is powder a cure for heat rash
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."