'പൈസ ഇല്ലെങ്കില്‍ എന്തിനാടാ ഗ്ലാസ് പൂട്ടിയിട്ടത്, വെറുതെ തല്ലിപ്പൊളിച്ചില്ലേ..’ നിരാശയിൽ കടയില്‍ കള്ളന്റെ കുറിപ്പ്
കുന്നംകുളം
എന്തെങ്കിലും കിട്ടിയേക്കുമെന്ന് കരുതിത്തന്നെയാണ് കള്ളന്മാർ എത്തുന്നത്. ഒന്നും കിട്ടിയില്ലെങ്കിൽ നിരാശരാകും. എന്തെങ്കിലും തപ്പിയെടുത്ത് മടങ്ങും. ചില കള്ളന്മാരാകട്ടെ നിരാശ മറച്ചുവയ്ക്കില്ല. അത്തരത്തിൽ ഒരു കള്ളനാണ് കഴിഞ്ഞദിവസം കുന്നംകുളത്തെ വ്യാപാര സമുച്ചയത്തിലെ മൂന്നു കടകളിൽ കയറിയത്.
പൂട്ട് പൊളിച്ചാണ് അകത്തുകയറിയത്. ഒരു കടയില്‍ നിന്ന് പന്ത്രണ്ടായിരം രൂപയും മറ്റൊരു കടയില്‍ നിന്ന് അഞ്ഞൂറു രൂപയും കിട്ടി. മൂന്നാമത്തെ കടയുടെ ചില്ലുകൊണ്ടുള്ള വാതിൽ തല്ലിപ്പൊട്ടിച്ച് അകത്തുകടന്ന കള്ളൻ നിരാശനായി. പണമൊന്നും കിട്ടിയില്ല. നിരാശ മറച്ചുവയ്ക്കാതെ കള്ളന്‍ അവിടെ കിടന്ന പൊട്ടിയ ചില്ലു കഷണത്തില്‍ കടയുടമ കാണാനായി പേന കൊണ്ട് കുറിച്ചു.
‘പൈസ ഇല്ലെങ്കില്‍ എന്തിനാടാ....ഗ്ലാസ് പൂട്ടിയിട്ടത്. വെറുതെ തല്ലിപ്പൊളിച്ചില്ലേ. ഒരു ജോഡി ഡ്രസ് മാത്രം എടുക്കുന്നു’. ശേഷം ഒരു ജോഡി ഡ്രസ് എടുത്ത് കള്ളൻ കളം വിട്ടു. കടയിൽ ഉടമ പണം സൂക്ഷിക്കാതിരുന്നതാണ് കള്ളനെ ചൊടിപ്പിച്ചത്. പക്ഷേ, കള്ളന്റെ കയ്യക്ഷരത്തിൻ്റെ ചിത്രം പകർത്തി പൊലിസ് സൂക്ഷിച്ചുവച്ചിട്ടുണ്ട്. പിടിയിലാകുന്ന ഏതെങ്കിലും കള്ളൻ്റെ കയ്യക്ഷരം ഒത്തുവന്നാൽ പിടിവീഴും.
മോഷണ സ്ഥലത്ത് ഇതുപോലെ എന്തെങ്കിലുമൊക്കെ എഴുതിവയ്ക്കുന്ന ശീലമുള്ള കള്ളന്‍മാരുടെ വിവരങ്ങളും സി.സി.ടി.വി കാമറകളും പൊലിസ് പരിശോധിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."