സാക്ഷികള്‍ കൂറുമാറിയിട്ടും മൗനംപാലിച്ചു, പ്രോസിക്യൂട്ടറെ മാറ്റാന്‍ ആവശ്യപ്പെട്ടത് കേസിനെ ബാധിക്കുമെന്ന ഭയത്താലെന്ന് മധുവിന്റെ കുടുംബം
വി.എം ഷണ്‍മുഖദാസ്
പാലക്കാട്
മധു കേസില്‍ സാക്ഷി വിസ്താരത്തിനിടയില്‍ രണ്ടു പ്രധാന സാക്ഷികള്‍ കൂറുമാറിയിട്ടും സ്പെഷല്‍ പ്രോസിക്യൂട്ടര്‍ കേസ് വാദിക്കുന്നതില്‍ മൗനം പാലിച്ചതില്‍ സംശയമുണ്ടെന്നും ഇതിനാലാണ് സ്പെഷല്‍ പ്രോസിക്യൂട്ടറെ മാറ്റി മറ്റൊരാളെ നിയമിക്കണമെന്നാവശ്യപ്പെട്ട് കോടതിയില്‍ ഹരജി നല്‍കിയതെന്നും മധുവിന്റെ അമ്മ മല്ലിയും സഹോദരി സരസുവും പറഞ്ഞു. ഗവര്‍ണര്‍ക്കും മുഖ്യമന്ത്രിക്കും പരാതി നല്‍കിയിട്ടുണ്ട്.
ഈ മാസം എട്ടിനാണ് മണ്ണാര്‍ക്കാട് പട്ടികജാതി, വര്‍ഗ പ്രത്യേക കോടതിയില്‍ സാക്ഷിവിസ്താരം തുടങ്ങിയത്. ഇതിനിടയില്‍ പ്രോസിക്യൂഷന്‍ പത്താം സാക്ഷി ഉണ്ണികൃഷ്ണനും പതിനൊന്നാം സാക്ഷി ചന്ദ്രനും കൂറുമാറിയിരുന്നു. കോടതിയില്‍ സാക്ഷികളെ പ്രതിഭാഗം വക്കീലന്മാര്‍ കൂറുമാറ്റുന്നതില്‍ വിജയിക്കുകയായിരുന്നു. എന്നാല്‍ ഇതിനെ പ്രതിരോധിക്കാന്‍ സ്പെഷല്‍ പ്രോസിക്യൂട്ടര്‍ക്ക് കഴിഞ്ഞില്ല. അഡീഷനല്‍ പബ്ലിക് പ്രോസിക്യൂട്ടറെ കേസ് വാദിക്കുന്നതില്‍നിന്ന് വിലക്കുവാനാണ് ശ്രമിച്ചതെന്നും അവര്‍ പറയുന്നു. ഈയൊരു സാഹചര്യത്തില്‍ ഈ സ്പെഷല്‍ പ്രോസിക്യൂട്ടറെ കൊണ്ട് കേസ് നടത്തിയാല്‍ മധുവിന് നീതികിട്ടാനിടയില്ല. വാളയാര്‍ കേസില്‍ അമ്മക്കായി ഹൈക്കോടതിയില്‍ നന്നായി കേസ് വാദിക്കുകയും സി.ബി.ഐ അന്വേഷണം നടത്താനുള്ള ഉത്തരവ് നേടിയെടുക്കുന്നതില്‍ മിടുക്ക് തെളിയിച്ചതിനാലാണ് സ്വന്തം മകന്റെ കേസിലും ഇദ്ദേഹത്തെ സ്പെഷല്‍ പ്രോസിക്യൂട്ടറായി നിയമിക്കണമെന്നാവശ്യവുമായി സര്‍ക്കാരിനെ സമീപിച്ചത്. എന്നാല്‍ ഇവിടത്തെ കോടതിയില്‍ ഇദ്ദേഹം നല്ലരീതിയില്‍ കേസ് വാദിക്കാന്‍ തയാറായില്ല. ഇതിലും സംശയമുണ്ട്.
പുതിയ സ്പെഷല്‍ പ്രോസിക്യൂട്ടറെ നിയമിക്കുന്നതുവരെ കോടതിയിലെ ട്രയല്‍ റണ്‍ നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ട് നാളെ ഹൈകോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്യുന്നുണ്ട്. ഇപ്പോള്‍ ചൊവ്വാഴ്ച്ച വരെ മണ്ണാര്‍ക്കാട് പട്ടികജാതിവര്‍ഗ പ്രത്യേക കോടതിയിലെ ട്രയല്‍ റണ്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്. 2018 ഫെബ്രുവരി 22നാണ് ആദിവാസിയുവാവ് മധുവിനെ ആള്‍ക്കൂട്ട വിചാരണ നടത്തി തല്ലിക്കൊന്നത്. മനുഷ്യമനഃസാക്ഷിയെ ഞെട്ടിച്ച സംഭവം അന്ന് ഏറെ ചര്‍ച്ചയായെങ്കിലും കേസിന്റെ നടത്തിപ്പില്‍ ബന്ധപ്പെട്ടവര്‍ ശ്രദ്ധചെലുത്തിയില്ല. കേസിനായി ആദ്യം ഒരു സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിച്ചെങ്കിലും സൗകര്യങ്ങള്‍ പോരെന്ന് പറഞ്ഞ് അദ്ദേഹം ഒഴിഞ്ഞു.പിന്നീട് 2019 ഓഗസ്റ്റില്‍ വി.ടി രഘുനാഥിനെ സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിച്ചു. പക്ഷേ, ഒരിക്കല്‍പോലും അദ്ദേഹം മണ്ണാര്‍ക്കാട്ടെ കോടതിയില്‍ എത്തിയില്ല. അദ്ദേഹത്തിന്റെ ജൂനിയര്‍ അഭിഭാഷകര്‍ മാത്രമാണ് കോടതിയില്‍ വന്നത്. അദ്ദേഹവും പ്രോസിക്യൂട്ടര്‍ സ്ഥാനം ഒഴിഞ്ഞു. പിന്നീടാണ് ഇപ്പോഴത്തെ പ്രോസിക്യൂട്ടര്‍മാരായ ഇ. രാജേന്ദ്രന്‍, രാജേഷ് എം. മേനോന്‍ എന്നിവരെ സ്പെഷല്‍ പ്രോസിക്യൂട്ടര്‍മാരായി നിയോഗിച്ചതും കേസ് മുന്നോട്ട് പോകുന്നതും.സ്പെഷല്‍ പ്രോസിക്യൂട്ടര്‍ സി. രാജേന്ദ്രനെ ഒഴിവാക്കി അഡീഷനല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ രാജേഷ് എം. മേനോനു ചുമതല നല്‍കണമെന്നാവശ്യപ്പെട്ടാണ് സര്‍ക്കാരിനെ സമീപിച്ചത്. സാക്ഷികളെ എല്ലാവരെയും പ്രതികള്‍ രാഷ്ട്രിയമായോ സാമ്പത്തികമായോ സ്വാധീനിച്ച് കൂറുമാറ്റാന്‍ ശ്രമിക്കുന്നതായി മധുവിന്റെ കുടുംബം നേരത്തെ ആരോപിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."