യുഎഇയിലെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ട; പിടികൂടിയത് അമ്പതിലേറെ കോടിയുടെ മയക്കുമരുന്ന്, ഏഷ്യക്കാർ ഉൾപ്പെടെ 24 പേർ പിടിയിൽ
ഷാർജ: വിപണിയിൽ 23.5 ദശലക്ഷം ദിർഹം വിലമതിക്കുന്ന (ഏകദേശം 52 കോടിയിലേറെ ഇന്ത്യൻ രൂപ) മയക്കുമരുന്ന് പിടികൂടി. ഷാർജ പൊലിസ് നടത്തിയ പ്രത്യേക ഓപ്പറേഷനിലൂടെയാണ് ഇത്രയും വലിയ മയക്കുമരുന്ന് ശേഖരം പിടികൂടിയത്. സംഭവത്തിൽ 24 അറബ്, ഏഷ്യൻ സംഘത്തെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
120 കിലോഗ്രാം ഹാഷിഷും മൂന്ന് ദശലക്ഷം ക്യാപ്റ്റഗൺ ഗുളികകളും ആണ് സംഘത്തിൽ നിന്ന് പിടികൂടിയത്. രണ്ട് പ്രത്യേക ഓപറേഷനിലോടെയാണ് ഇത്രയും വലിയ സംഘത്തെ പിടികൂടിയതെന്ന് ബുധനാഴ്ച മാധ്യമപ്രവർത്തകരെ അഭിസംബോധന ചെയ്‍ത ഷാർജ പോലീസിലെ മയക്കുമരുന്ന് വിരുദ്ധ വിഭാഗം ഡയറക്ടർ ലെഫ്റ്റനന്റ് കേണൽ മജീദ് അൽ-അസ്സം പറഞ്ഞു. രണ്ട് ഓപ്പറേഷനുകളിലുമായി നടത്തിയത് യുഎഇയിലെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
അൽ-അസാം പറയുന്നതനുസരിച്ച്, തുടക്കത്തിൽ, ഒരു കൂട്ടം വ്യക്തികൾ, പ്രത്യേകിച്ച് ഏഷ്യൻ പൗരന്മാർ, യുഎഇയിൽ വിതരണം ചെയ്യുന്നതിനായി ഗണ്യമായ അളവിൽ മയക്കുമരുന്ന് ഗുളികകൾ എത്തിച്ചതായി മയക്കുമരുന്ന് വിരുദ്ധ ഏജൻസിക്ക് വിവരം ലഭിച്ചിരുന്നു. രാജ്യത്തിന് പുറത്ത് നിന്നുള്ള വ്യക്തികളുമായി സഹകരിച്ചാണ് ഈ വിവരം ലഭിച്ചത്.
പിന്നീട് ഷാർജ പൊലിസിന്റെ നാർക്കോട്ടിക് വിരുദ്ധ സംഘങ്ങൾ പ്രതികളെ നിരീക്ഷിക്കാൻ തുടങ്ങി. പിന്നീട് വിപുലമായ പദ്ധതിപ്രകാരം മയക്കുമരുന്ന് വിതരണ തലവന്മാരെയും അവരുടെ കൂട്ടാളികളെയും പിടികൂടുകയായിരുന്നു. ഇത്തരം സംഘടിത മയക്കുമരുന്ന് സംഘത്തെ തകർക്കാൻ വേണ്ട പ്രവർത്തനങ്ങൾ പൊലിസിന്റെ ഭാഗത്ത് നിന്ന് നടത്തുമെന്ന് അധികൃതർ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."