കറുപ്പിനോട് കലിപ്പോ ?
പി.കെ മുഹമ്മദ് ഹാത്തിഫ്
തിരുവനന്തപുരം
മുഖ്യമന്ത്രി പിണറായി വിജയന്റെ സഞ്ചാരപാതയിലും പരിപാടികളിലും കറുപ്പിന് വിലക്ക്. കറുത്ത വസ്ത്രം ധരിക്കാനോ കറുത്ത മാസ്‌ക് ധരിക്കാനോ എന്തിന് കറുത്തവസ്തു കൈയിലുണ്ടെങ്കിൽ പോലും അനുമതിയില്ല. സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്നാണ് മുഖ്യമന്ത്രിക്ക് അസാധരണ സുരക്ഷ പൊലിസ് ഒരുക്കിയത്.
കഴിഞ്ഞദിവസം തലസ്ഥാന നഗരം തന്നെ അക്ഷരാർത്ഥത്തിൽ ജനങ്ങളെ ബുദ്ധിമുട്ടിച്ച് പൊലിസ് വലയത്തിലായിരുന്നു. ഇന്നലെ കോട്ടയത്തും കൊച്ചിയിലും തൃശൂരും ജനം വലഞ്ഞു. മുഖ്യമന്ത്രി തലസ്ഥാനത്ത് നിന്നു യാത്ര തിരിച്ചപ്പോൾ മുതൽ സഞ്ചാര പാതയിൽ ഓരോ 300 മീറ്ററിലും പൊലിസിനെ വിന്യസിച്ച് മണിക്കൂറുകൾക്ക് മുമ്പ് തന്നെ ഇടറോഡുകൾ ഉൾപ്പെടെ അടച്ച് ജനത്തെ തെരുവിൽ നിർത്തി. ഊരിപ്പിടിച്ച വാളുപോയിട്ട് ഊന്നുവടി പോലുമില്ലാതെ വെറും കൈയോടെ നടന്ന സാധാരണക്കാരെ പോലും തടഞ്ഞാണ് മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം ചീറിപ്പാഞ്ഞത്.
കഴിഞ്ഞദിവസങ്ങളിൽ ക്ലിഫ്ഹൗസിൽ നിന്ന് സെക്രട്ടേറിയറ്റ് നോർത്ത് ബ്ലോക്കിലെ ഓഫിസിലേക്കുള്ള യാത്രയ്ക്ക് ഒരു മണിക്കൂർ മുമ്പുതന്നെ മുഖ്യമന്ത്രി സഞ്ചരിച്ച എല്ലാ റോഡുകളും പൊലിസ് നിയന്ത്രണത്തിലായിരുന്നു. തിരുവനന്തപുരം നഗരത്തിൽ മാത്രം കഴിഞ്ഞ നാലു ദിവസമായി അഞ്ചു മണിക്കൂറോളമാണ് മുഖ്യമന്ത്രിയുടെ യാത്രാസുരക്ഷയുടെ പേരിൽ പൊലിസ് റോഡുകൾ അടച്ചിട്ടത്.
കഴിഞ്ഞ ദിവസം രാത്രിയാണ് കോട്ടയത്തേക്ക് മുഖ്യമന്ത്രി യാത്ര തിരിച്ചത്. ഇതിനായി ക്ലിഫ് ഹൗസ് മുതൽ ഉള്ളൂർ ദേശീയപാത വരെ മറ്റു വാഹന യാത്രക്കാരെ തടഞ്ഞുവച്ചു. മുഖ്യമന്ത്രി സഞ്ചരിക്കുന്ന റോഡരികിലെ പച്ചക്കറിക്കടകളിൽ നിന്ന് തേങ്ങ ഉൾപ്പെടെയുള്ളവ പൊലിസ് നീക്കി. ഇന്നലെ കോട്ടയത്ത് പരിപാടി റിപ്പോർട്ട് ചെയ്യാൻ കറുത്ത മാസ്ക് ധരിച്ചെത്തിയ മാധ്യമപ്രവർത്തകരുടെ മാസ്കുകൾ ഊരിമാറ്റിച്ചു. കോട്ടയത്തേക്കും തിരിച്ചു കൊച്ചിക്കുമുള്ള മുഖ്യമന്ത്രിയുടെ സഞ്ചാരവഴികളിലുടനീളം പൊലിസ് ജനത്തെ വലച്ച് പ്രധാന റോഡുകൾ അടക്കം അടച്ചുപൂട്ടി. ഇന്നലെ ഉച്ചയ്ക്കു ശേഷം കൊച്ചിയിലെ ജനങ്ങളും ദുരിതത്തിലായി. മെട്രോ സ്‌റ്റേഷനും പ്രധാന റോഡുകളും അടച്ചിട്ടു. ഇന്നലെ രാത്രി മുഖ്യമത്രി തങ്ങിയ തൃശൂർ രാമനിലയത്തിൽ ജലപീരങ്കി അടക്കമുള്ള സംവിധാനങ്ങളാണ് ഒരുക്കിയത്. ഇന്ന് മുഖ്യമന്ത്രിയുടെ പരിപാടികൾ നടക്കുന്ന തൃശൂരിലെയും കോഴിക്കോട്ടെയും ജനങ്ങൾ വഴികാണാതെ വലയുമെന്നുറപ്പ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."