മാമുക്കോയയുടെ ഖബറടക്കം ഇന്ന് കണ്ണംപറമ്പ് ഖബര്‍സ്ഥാനില്‍
മാമുക്കോയയുടെ ഖബറടക്കം
കോഴിക്കോട്: മലയാളത്തിന്റെ പ്രിയ നടന്‍ മാമുക്കോയയുടെ ഖബറടക്കം ഇന്ന് നടക്കും. കോഴിക്കോട് കണ്ണംപറമ്പ് ഖബര്‍സ്ഥാനില്‍ രാവിലെ പത്തിനാണ് ഖബറടക്കം. പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്‌കാരം നടക്കുക. ഒന്‍പത് മണിവരെ വീട്ടില്‍ പൊതുദര്‍ശനമുണ്ടാകും. തുടര്‍ന്ന്, അരക്കിണര്‍ മുജാഹിദ് പള്ളിയിലെ മയ്യത്ത് നിസ്‌കാരത്തിന് ശേഷമാണ് കണ്ണംപറമ്പിലേക്ക് കൊണ്ടുപോവുക. രാത്രി വൈകിയും നിരവധി ആളുകളാണ് പ്രിയതാരത്തിന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ വീട്ടിലേക്ക് എത്തിയത്.
സിനിമ നാടക സാംസ്‌കാരികരാഷ്ട്രീയ മേഖലകളില്‍ നിന്നുള്ളവര്‍ക്കൊപ്പം മാമുക്കോയയുടെ പ്രിയപ്പെട്ട കോഴിക്കോട്ടെ നാട്ടുകാരും അവസാനമായി ആദരാഞ്ജലികളര്‍പ്പിക്കാന്‍ ടൗണ്‍ഹാളിലേക്ക് ഒഴുകിയെത്തി. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ബുധനാഴ്ച ഉച്ചയ്ക്ക് 1.05 നായിരുന്നു മാമുക്കോയയുടെ അന്ത്യം. വണ്ടൂരിലെ പൊതുപരിപാടിക്കിടെ ഹൃദയാഘാതം ഉണ്ടായതിനെ തുടര്‍ന്നാണ് ചൊവ്വാഴ്ച അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
നാടകത്തിലൂടെ അഭിനയം തുടങ്ങി സിനിമയില്‍ എത്തിയ നടനായിരുന്നു മാമുക്കോയ. കോഴിക്കോടന്‍ ഭാഷയുടെ നര്‍മം നിറഞ്ഞ പ്രയോഗത്തിലൂടെ പൊട്ടിച്ചിരി തീര്‍ത്ത നടന്‍ ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാളികളുടെ പ്രിയപ്പെട്ട ഹാസ്യതാരമായിത്തീര്‍ന്നു. നായരായാലും നമ്പൂരിയായാലും ഞമ്മളെ കോയിക്കോടന്‍ ശൈലി വിട്ടൊരു വര്‍ത്താനമില്ലായതിരുന്ന ഈ മഹാനടനിലൂടെയാണ് കോഴിക്കോടന്‍ മലയാളം കേരളത്തിന് പ്രിയപ്പെട്ടതായതെന്ന് ഉറപ്പിച്ചു പറയാന്‍ കഴിയും. സിനിമയില്‍ അദ്ദേഹം രാഷ്ട്രീയം പറഞ്ഞിട്ടില്ല. എന്നാല്‍ മലയാള സിനിമയുടെ 'വൃത്തികെട്ട' രാഷ്ട്രീയം മാമുക്കോയയെ കൊണ്ട് പറയിപ്പിച്ചു മിക്ക സംവിധായകരും. അതേയ സമയം സിനിമക്കു പുറത്ത് കൃത്യമായ നിലപാടുകളും രാഷ്ട്രീയവുമുണ്ടായിരുന്നു അദ്ദേഹത്തിന്. മുഹ് സിന്‍ പരാരിയുടെ നേറ്റിവ് ബാപ്പ എന്ന ആദ്യ മാപ്പിള ഹിപ്‌ഹോപ് ആല്‍ബത്തില്‍ വേഷമിട്ടത് ഇക്കാര്യം വിളിച്ചു പറഞ്ഞു. സി.എ.എ എന്‍.ആര്‍.സി സമരക്കാലത്ത് സിനിമാ രംഗത്തെ 'പ്രമുഖരെല്ലാം' മൗനത്തിലൊളിച്ചപ്പോള്‍ വേദികളില്‍ തന്റെ നിലപാടുകള്‍ ഉറക്കെ വിളിച്ചു പറയാന്‍ ഒട്ടും ഭയമുണ്ടായിരുന്നില്ല അദ്ദേഹത്തിന്.
മാമുക്കോയയുടെ ഖബറടക്കം
വിദ്യാര്‍ത്ഥി ആയിരിക്കുമ്പോള്‍തന്നെ മാമുക്കോയ നാടക പ്രവര്‍ത്തനത്തില്‍ സജീവമായിരുന്നു. 'അന്യരുടെ ഭൂമി' ചിത്രത്തിലൂടെയാണ് ആദ്യമായി സിനിമ രംഗത്തേക്കെത്തിയത്. 'ദൂരെ ദൂരെ ഒരു കൂടു കൂട്ടാം' സിനിമയിലെ മുന്‍ഷിയുടെ വേഷത്തിലൂടെയാണ് ആദ്യം ശ്രദ്ധിക്കപ്പെട്ടത്. പിന്നീട് സത്യന്‍ അന്തിക്കാട് അടക്കമുള്ളവരുടെ സിനിമകളിലെ സ്ഥിര സാന്നിധ്യമായി. പെരുമഴക്കാലം (2004), ഇന്നത്തെ ചിന്താവിഷയം (2008) എന്നീ സിനിമകളിലെ പ്രകടനം സംസ്ഥാന പുരസ്‌കാരം നേടി. രാംജിറാവു സ്പീക്കിംഗ്, തലയണ മന്ത്രം, ശുഭയാത്ര, നാടോടിക്കാറ്റ്, ഹിസ് ഹൈനസ് അബ്ദുള്ള, വരവേല്പ്, പെരുമഴക്കാലം എന്നിവയായിരുന്നു മാമുക്കോയയുടെ ശ്രദ്ധേയമായ സിനിമകള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."