കെഎംസിസി ആസ്‌പെയർ<br>പോസ്റ്റർ ഡിസൈനിങ് വർക്ക് ഷോപ്പിന് തുടക്കമായി
ജിദ്ദ: ക്ലറിക്കൽ മേഖലയിൽ ജോലി ചെയ്യുന്ന പ്രവാസികൾക്ക് തൊഴിൽ ഉന്നമനത്തിനുതകുന്ന വിവിധ പരിശീലനങ്ങൾ നൽകുന്നതിനായി മലപ്പുറം ജില്ല കെഎംസിസി രൂപവൽക്കരിച്ച 'ആസ്‌പെയർ' നടത്തുന്ന പോസ്റ്റർ ഡിസൈനിങ് വർക്ക് ഷോപ്പിന് ജിദ്ദയിൽ തുടക്കമായി. ജീവ കാരുണ്യ - സേവന പ്രവർത്തന രംഗത്ത് തുല്യതയില്ലാത്ത പ്രവർത്തനം കാഴ്ച വെച്ച് ചരിത്രം സൃഷ്‌ടിച്ച ജിദ്ദ - മലപ്പുറം ജില്ലാ കെഎംസിസി കാലഘട്ടത്തിന്റെ ആവശ്യം ഉൾക്കൊണ്ട് കൊണ്ട് ആരംഭിച്ച മീഡിയ ട്രെയിനിങ് കോഴ്‌സിന്റെ തുടർച്ചയായാണ് പോസ്റ്റർ ഡിസൈൻ ശില്പശാല സംഘടിപ്പിക്കുന്നത്.
ശില്പശാല കെഎംസിസി സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡന്റ് വി. പി മുസ്തഫ ഉദ്ഘാടനം ചെയ്തു. പോസ്റ്റർ ഡിസൈനിങ് ശില്പശാല സമൂഹത്തെ ഉണർത്താൻ പ്രാപ്തരയായ ഡിസൈനർമാരെ വാർത്തെടുക്കാൻ സാധിക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. വാർത്തകൾ അടർത്തിമാറ്റി ചരിത്രം വളച്ചൊടിച്ച് സമൂഹത്തിൽ ഛിദ്രതയുണ്ടാക്കപ്പെടുന്ന വർത്തമാന കാലത്ത് ഇത്തരം പരിശീലനം നേടിയവർക്ക് മാനവിക ഐക്യം ഊട്ടിയുറപ്പിക്കുന്നതിന് ഒട്ടേറെ സംഭാവനകൾ ചെയ്യാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പരിപാടിയിൽ മലപ്പുറം ജില്ല കെഎംസിസി ജനറൽ സെക്രട്ടറി ഹബീബ് കല്ലൻ അധ്യക്ഷത വഹിച്ചു. കൃത്യതയാർന്ന വാചകങ്ങളിലൂടെ ആശയങ്ങൾ പോസ്റ്റർ രൂപത്തിൽ അവതരിപ്പിക്കപ്പെടുമ്പോൾജനമനസ്സുകളിൽ അതുണ്ടാക്കുന്ന സ്വാധീനം വിവരണാതീതമാണെന്ന് അദ്ദേഹം പറഞ്ഞു. സമർപ്പിക്കപ്പെടുന്ന റിപോർട്ടുകൾ അത്യാകർഷക രൂപത്തിൽ രൂപപ്പെടുത്തുന്നതും അതിപ്രധാന വാർത്തകൾ പോലും പോസ്റ്റർ രൂപത്തിൽ അവതരിപ്പിക്കപ്പെടുന്നതും വർത്തമാന കാലത്തെ പ്രവണതയാണ്. ക്ലറിക്കൽ മേഖലയിൽ ജോലി ചെയ്യുന്നവർക്ക് ഇത്തരം പരിശീലനങ്ങൾ ലഭിക്കുന്നത് തൊഴിൽ രംഗത്ത് അവരുടെ ഉന്നമനത്തിന് ഉതകുന്നതായതിനാൽ തുടർന്നും ഇത്തരം വിവിധങ്ങളായ പരിശീലന ക്‌ളാസ്സുകൾ മലപ്പുറം ജില്ല കെ.എം.സി.സി സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രമുഖ പോസ്റ്റർ ഡിസൈനർ അൽ മുർത്തുവാണ് ശില്പശാലക്ക് നേതൃത്വം നൽകുന്നത്. ദ്വൈ മാസ ദൈർഘ്യമുള്ള ശില്പശാലയിൽ വീഡിയോ എഡിറ്റിംഗ് ഉൾപ്പെടെയുള്ള വിവിധ തരത്തിലുള്ള പരിശീലനം ഉൾപ്പെടുത്തിയിട്ടുണ്ട്.
ആസ്‌പെയർ കൺവീനർ സുൽഫീക്കർ ഒതായി സ്വാഗതവും വി. വി അഷ്‌റഫ് നന്ദിയും പറഞ്ഞു. കെഎംസിസി ഭാരവാഹികളായ ജലാൽ തേഞ്ഞിപാലം, അബ്ബാസ് വേങ്ങൂർ എന്നിവർ പ്രസംഗിച്ചു. അഫ്സൽ, ഹംസക്കുട്ടി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."