മുഖ്യമന്ത്രിയുടെ കണ്ണിലും മനസിലും ഇരുട്ട്; ഇനി കറുപ്പ് നിറം നിരോധിക്കുമോ?: വി.ഡി സതീശന്‍
തിരുവനന്തപുരം: മുഖ്യമന്ത്രി പുറത്തിറങ്ങുമ്പോള്‍ ജനങ്ങള്‍ വീട്ടിലിരിക്കേണ്ട അവസ്ഥയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. ജനങ്ങളെ ബന്ദികളാക്കി മുഖ്യമന്ത്രി സഞ്ചരിക്കുകയാണ്. വലിയ സുരക്ഷാ സംവിധാനങ്ങളുടെ നടുവില്‍ നിന്നുകൊണ്ട് ഇത് ജനുസ് വേറെയാണ് ഇങ്ങോട് കളിവേണ്ട എന്ന് മുഖ്യമന്ത്രി ജനങ്ങളെ വെല്ലുവിളിക്കുന്നു. ആരെയും ഭയമില്ലെന്ന് ഇടക്കിടെ പറയുമെങ്കിലും അദ്ദേഹത്തിന് എല്ലാത്തിനേയും ഭയമാണെന്നും സതീശന്‍ പറഞ്ഞു.
മുണ്ടുടുത്ത നരേന്ദ്ര മോദിയാണ് പിണറായി വിജയന്‍. നേരത്തെ പ്രധാനമന്ത്രിയുടെ പരിപാടിയിലാണ് കറുപ്പ് നിറം ഒഴിവാക്കിയത്. കേട്ടുകേള്‍വിയില്ലാത്ത കാര്യങ്ങളാണ് കേരളത്തില്‍ നടക്കുന്നത്. മുഖ്യമന്ത്രിയുടെ കണ്ണിലും മനസിലും ഇരുട്ട് കേറിയിരിക്കുകയാണ്. അതുകൊണ്ടാണ് കാണുന്നതെല്ലാം കറുപ്പായി കാണുന്നത്. ഇനി കറുപ്പ് നിറം നിരോധിക്കുമോ?
മുമ്പ് മുഖ്യമന്ത്രി പത്രസമ്മേളനം നടത്തി ഒരു അവതാരങ്ങളേയും ഭരണത്തില്‍ കാണില്ലെന്നാണ് പറഞ്ഞത്. എന്നാല്‍
അവതാരങ്ങളെ തട്ടി നടക്കാനാവാത്ത സ്ഥിതിയാണ് കേരളത്തില്‍ ഉള്ളത്. ഒമ്പതാമത്തെ അവതാരമാണ് ഇപ്പോള്‍ വന്നിരിക്കുന്നത് (ഷാജ് കിരണ്‍). എന്തുകൊണ്ട് ഈ മാധ്യമ പ്രവര്‍ത്തകനെ ചോദ്യം ചെയ്യുന്നില്ല. മുഖ്യമന്ത്രി അറിഞ്ഞാണ് വിജിലന്‍സ് ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിച്ചത്. സ്വപ്നയുടെ 164 മൊഴിയെ ഭയക്കുന്നില്ലെങ്കില്‍ മുഖ്യമന്ത്രി ഭീഷണിപ്പെടുത്തുന്നത് എന്തുകൊണ്ട് ?ഇതില്‍ കാര്യമുണ്ടെന്ന് പലര്‍ക്കും ഇപ്പോള്‍ തോന്നുന്നുണ്ടെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
ഗുരുതര ആരോപണം ഉയര്‍ന്നിട്ടും കേന്ദ്ര ഏജന്‍സികള്‍ അനങ്ങാത്തത് ദുരൂഹമാണ്. മുഖ്യമന്ത്രിയും ബീലിവേഴ്ച്ച് ചര്‍ച്ചുമായുള്ള അവിശുദ്ധ ബന്ധം എന്താണെന്ന് അന്വേഷിക്കണമെന്നും സതീശന്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."