HOME
DETAILS

മൗസിമുല്‍ ഹിജ്‌റ ഇലശ്ശമാല്‍ ; അപരനിലേക്കുള്ള ആഴങ്ങളില്‍ മുങ്ങി താഴ്ന്നവര്‍

  
backup
June 12 2022 | 07:06 AM

9856356


ഡോ. എൻ. ഷംനാദ്


നീണ്ട ഏഴുവര്‍ഷത്തെ യൂറോപ്പ്‌വാസം കഴിഞ്ഞ് ഞാന്‍ തിരിച്ചെത്തിയിരിക്കുകയാണ്. കൊടുംതണുപ്പില്‍ മീനുകള്‍ ചാകുന്ന നാട്ടില്‍നിന്ന് പ്രിയപ്പെട്ടവരുടെ അരികിലെത്തുമ്പോള്‍ ലഭിക്കുന്ന ഊഷ്മളത ശരിക്കും 'മിസ്' ചെയ്യുകയായിരുന്നു ഇതുവരെ. തെക്കുനിന്ന് വടക്കോട്ടൊഴുകുന്ന നൈല്‍നദി പെട്ടെന്ന് കിഴക്കോട്ട് തിരിഞ്ഞൊഴുകാന്‍ തുടങ്ങുന്ന സുഡാനിലെ കര്‍ഷകഗ്രാമത്തില്‍ തിരിച്ചെത്തുമ്പോള്‍ കാണാന്‍ തിക്കുംതിരക്കും കൂട്ടിയവര്‍ക്കിടയില്‍ തീരേ പരിചിതമല്ലാത്തൊരു മുഖവും കണ്ടു. തിരക്കിയപ്പോള്‍ ആളൊരു 'വരത്തനാ'ണെന്നറിഞ്ഞു. മുസ്തഫാ സഈദ് എന്നാണേത്ര പേര്. അഞ്ചുവര്‍ഷം മുമ്പ് ഗ്രാമത്തിലെത്തിയ അജ്ഞാതന്‍. ഒരു പാടം വിലയ്ക്കുവാങ്ങി കൃഷി തുടങ്ങി. മഹ്‌മൂദിന്റെ മകള്‍ ഹുസ്‌നയെ വിവാഹം കഴിച്ചു.


രണ്ടുദിവസം കഴിഞ്ഞതും ഒരു കൂട നിറയെ ഓറഞ്ചുമായി അയാള്‍ തന്നെ എന്നെ കാണാനെത്തി. യൂറോപ്പില്‍നിന്ന് ഡോക്ടറേറ്റ് നേടി തിരിച്ചെത്തിയ ആളാണെന്നറിഞ്ഞ് പരിചയപ്പെടാന്‍ വന്നതാണത്രേ. ബാല്യകാല സുഹൃത്തും ഗ്രാമത്തിലെ കാര്‍ഷിക സഹകരണസംഘം ചെയര്‍മാനുമായ മഹ്ജൂബിന്റെ വീട്ടില്‍ സായാഹ്നവിരുന്നില്‍ പങ്കെടുത്തുകൊണ്ടിരിക്കെ മുസ്തഫ യാദൃശ്ചികമായി അവിടെയുമെത്തി. മഹ്ജൂബ് അയാളെയും നിര്‍ബന്ധിച്ച് മദ്യപിപ്പിച്ചു. ലക്കുകെട്ടതും ആ മനുഷ്യന്‍ ഏതോ ഇംഗ്ലിഷ് കവിത ചൊല്ലാന്‍ തുടങ്ങി. അമ്പരന്നുപോയ ഞാന്‍ അയാളുടെ കുപ്പായത്തില്‍ കയറിപ്പിടിച്ചു. 'ആരാണെടോ താന്‍?' ഒന്നും പറയാതെ അയാള്‍ ഇറങ്ങിപ്പോയ്ക്കളഞ്ഞു. പിറ്റേന്ന് മുസ്തഫയുടെ പാടത്തേക്ക് ചെന്നു. 'നിങ്ങളാരാണെന്ന് പറഞ്ഞേ പറ്റൂ'. നാരകത്തിന് തടമെടുത്തുകൊണ്ടിരുന്ന മുസ്തഫ അപ്പോഴും ഒന്നും പറഞ്ഞില്ല. എന്നാല്‍ വൈകിട്ട് അയാള്‍ എന്നെത്തേടിയെത്തി. 'തനിച്ചൊന്ന് സംസാരിക്കണം. നാളെ എന്റെ വീടുവരെ ഒന്ന് വരുമോ?'


അയാളുടെ കഥ കേള്‍ക്കാന്‍ എനിക്കായിരുന്നു ധൃതി. പിറ്റേന്ന് മുസ്തഫയുടെ വീട്ടിലെത്തിയതും ആരോടും പറയരുതെന്ന് ചട്ടംകെട്ടിയ ശേഷം ഗ്രാമത്തിലാരും കേട്ടിട്ടില്ലാത്ത തന്റെ കഥ അയാള്‍ പറയാന്‍ തുടങ്ങി. എന്റെ മുന്നിലേക്ക് നീക്കിവച്ച കടലാസ് കെട്ടുകള്‍ക്കിടയില്‍ രണ്ട് പാസ്‌പോര്‍ട്ടുകളുമുണ്ടായിരുന്നു. ഈജിപ്തില്‍നിന്നും പിന്നെ ലണ്ടനില്‍നിന്നും എടുത്തവ. രണ്ടാമത്തെ പാസ്‌പോര്‍ട്ട് നിറയെ യാത്രാസീലുകളുണ്ടായിരുന്നു. എന്നെ ആകാംക്ഷയുടെ കൊടുമുടിയില്‍ കൊണ്ടുനിര്‍ത്തിയശേഷം മുസ്തഫ സംസാരിച്ചുതുടങ്ങി.

മുസ്തഫാ സഈദിന്റെ കഥ

സുദാന്‍ തലസ്ഥാനമായ ഖാര്‍ത്തൂമിലാണ് മുസ്തഫ ജനിച്ചത്. 1898ല്‍. ഒട്ടക വില്‍പനക്കാരനായ പിതാവ് നേരത്തെ തന്നെ മരിച്ചു. അനാഥനായ മുസ്തഫയ്ക്ക് ഉമ്മ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അധികമൊന്നും സംസാരിക്കാത്തൊരു സ്ത്രീയായിരുന്നു അവര്‍. ഇംഗ്ലിഷുകാര്‍ നാട്ടില്‍ സ്‌കൂള്‍ തുടങ്ങിയപ്പോള്‍ ഗ്രാമീണര്‍ മക്കളെ ഒളിപ്പിക്കുന്ന കാലം. അധിനിവേശ സൈന്യത്തിനൊപ്പം വരുന്ന വിപത്താണ് സ്‌കൂളില്‍ കാത്തിരിക്കുന്നതെന്നായിരുന്നു അവര്‍ വിശ്വസിച്ചത്. കൂട്ടുകാര്‍ക്കൊപ്പം കളിച്ചുകൊണ്ടിരുന്ന മുസ്തഫയുടെ അരികിലേക്ക് യൂനിഫോം ധരിച്ചൊരു സായിപ്പ് കുതിരപ്പുറത്ത് കയറിവന്നു. മറ്റ് കുട്ടികളൊക്കെ ഓടിമറഞ്ഞിട്ടും അവന്‍ മാത്രം നിന്നിടത്തുനിന്ന് അനങ്ങിയില്ല.
'സ്‌കൂളില്‍ പോയി പഠിക്കാനിഷ്ടമാണോ?'- സായിപ്പ് ചോദിച്ചു.
'സ്‌കൂളോ. അതെന്താണ്?'
'എഴുത്തും വായനയും പഠിക്കാം'.
'ഇതുപോലെ തലപ്പാവ് വയ്ക്കാന്‍ പറ്റുമോ സ്‌കൂളില്‍ വന്നാല്‍?'
'അതിനിത് തലപ്പാവല്ലല്ലോ? ഹാറ്റാണ്'.
മുസ്തഫയെ അയാള്‍ കുതിരപ്പുറത്ത് കയറ്റിക്കൊണ്ടുപോയി. എന്നാല്‍ മകന്‍ സ്‌കൂളില്‍ പോകാന്‍ തുടങ്ങിയെന്നറിഞ്ഞിട്ടും ഉമ്മ ഒന്നും പറഞ്ഞതേയില്ല. അധ്യാപകരുടെ പ്രിയങ്കരനായ മുസ്തഫ അതിവേഗമാണ് ഇന്റര്‍മീഡിയറ്റ് പഠനം പൂര്‍ത്തിയാക്കിയത്. ഒരുദിവസം അവന്‍ ഹെഡ്മാസ്റ്ററോട് പറഞ്ഞു. 'എനിക്ക് കൈറോയില്‍ പോയി പഠിക്കണം'. വിവരം അറിയിക്കാനെത്തിയപ്പോള്‍ ഉമ്മ പറഞ്ഞത് നിനക്കിഷ്ടമുള്ളത് ചെയ്‌തോ മോനേ എന്നായിരുന്നു. കൈറോയിലേക്ക് ട്രെയിന്‍ കയറുമ്പോള്‍ അവനെ യാത്രയയക്കാനും ആ ഉമ്മ വന്നില്ല. പിന്നെ അവരെ കണ്ടിട്ടേയില്ല.
12ാം വയസില്‍ കൈറോയില്‍ വന്നിറങ്ങിയ മുസ്തഫയെ സ്വീകരിക്കാന്‍ നാട്ടിലെ ഹെഡ്മാസ്റ്ററുടെ സുഹൃത്ത് മിസ്റ്റര്‍ റോബിന്‍സണും ഭാര്യയും കാത്തുനില്‍പ്പുണ്ടായിരുന്നു. അറബ് സംസ്‌കാരത്തെയും സാഹിത്യവും ഏറെ ഇഷ്ടപ്പെട്ടിരുന്ന വ്യക്തിയായിരുന്നു റോബിന്‍സണ്‍. മക്കളില്ലാത്ത മിസിസ് റോബിന്‍സനാകട്ടെ മുസ്തഫയോട് പുത്രസമാനമായ വാല്‍സല്യമായിരുന്നു. സ്വന്തം ഒട്ടകം തന്നെ കൂട്ടിക്കൊണ്ടുവന്ന വലിയൊരു കുന്നായിരുന്നു മുസ്തഫയെ സംബന്ധിച്ച് കൈറോ. മൂന്ന് വര്‍ഷം കഴിഞ്ഞ് അലക്‌സാണ്ട്രിയയില്‍ നിന്ന് ലണ്ടനിലേക്ക് കപ്പല്‍ കയറുമ്പോള്‍ അതിനെക്കാളും വലിയൊരു കുന്ന് ലക്ഷ്യമാക്കിയാണ് ആ ചെറുപ്പക്കാരന്‍ നീങ്ങിയത്.

ജീന്‍ മോറിസിന്റെ ലോകത്തേക്ക്

15ാം വയസില്‍ ലണ്ടനില്‍ കപ്പലിറങ്ങിയ മുസ്തഫയെ കാത്തിരുന്നത് അതിശയങ്ങളുടെ ലോകമായിരുന്നു. സായിപ്പന്മാരെ വെല്ലുന്ന രീതിയില്‍ ഇംഗ്ലിഷ് കൈകാര്യം ചെയ്ത ആ ചെറുപ്പക്കാരന്‍ പതിയെ പടവുകള്‍ കയറാന്‍ തുടങ്ങി. പലതും പഠിച്ചു. പലതും അനുഭവിച്ചറിഞ്ഞു. 24ാം വയസില്‍ ലണ്ടന്‍ സര്‍വകലാശാലയില്‍ ഇക്കണോമിക്‌സ് ലക്ചററായി. മാനവികതാവാദത്തില്‍ അധിഷ്ഠിതമായ സാമ്പത്തിക ശാസ്ത്രത്തെക്കുറിച്ചും കോളനിവിരുദ്ധ ധനതത്വചിന്തയെ സംബന്ധിച്ചും ഒട്ടേറെ പ്രഭാഷണങ്ങള്‍ നടത്തി. ഗ്രന്ഥങ്ങള്‍ രചിച്ചു. 'കറുത്ത ഇംഗ്ലിഷുകാരെ'നെന്ന് വിദേശികള്‍ അയാളെ അഭിസംബോധന ചെയ്തു. സാമ്രാജ്യത്വത്തിന്റെ വഷളന്‍ സന്തതിയെന്ന് മറ്റുള്ളവരും.


പകല്‍ വിജ്ഞാനത്തിന്റെ കൊടുമുടികള്‍ താണ്ടിയിരുന്ന മുസ്തഫ രാത്രികാലങ്ങളില്‍ പെണ്‍വേട്ടയ്ക്കിറങ്ങുന്ന കാസനോവയായി മാറുന്ന കാഴ്ചയാണ് പിന്നീടുള്ള വര്‍ഷങ്ങള്‍ കണ്ടത്. പ്രണയിച്ച് വഞ്ചിക്കുന്നതില്‍ ഒരു കുറ്റബോധവും തോന്നാത്ത കാസനോവ. കള്ളപ്പേരുകളില്‍ ഒട്ടനേകം ഇംഗ്ലിഷ് യുവതികളുമായി അയാള്‍ ചങ്ങാത്തത്തിലായി. ഷീലാ ഗ്രീന്‍വുഡും ആന്‍ ഹാമണ്ടും ഇസബെല്ലാ സൈമൂറും മുസ്തഫയുടെ കറുത്തതൊലി കണ്ട് ആകൃഷ്ടരായവരാണ്. സഹസ്രാബ്ദങ്ങളുടെ പഴക്കമുള്ള ഭോഗതൃഷ്ണയുടെ അണുക്കളുമായാണ് മുസ്തഫ കപ്പല്‍ കയറി തങ്ങള്‍ക്കരികിലെത്തിയതെന്ന് അവര്‍ തിരിച്ചറിയുമ്പോഴേക്കും വൈകിപ്പോയിരുന്നു. ആഫ്രിക്കയെയും തന്നെയും കുറിച്ച് അയാള്‍ പറഞ്ഞ നിറംപിടിപ്പിച്ച കഥകള്‍ അവര്‍ വിശ്വസിച്ചുപോയി. ആ മൂന്ന് യുവതികളും മുസ്തഫയുടെ വഞ്ചന തിരിച്ചറിഞ്ഞ് ആത്മഹത്യ ചെയ്തിട്ടും അയാള്‍ക്കൊരു കൂസലുമില്ലായിരുന്നു. 'നിങ്ങളെ ദൈവം ശപിക്കട്ടെ' എന്ന് കത്തെഴുതിവച്ചിട്ടായിരുന്നു അവര്‍ മരിച്ചത്.


ദാഹാര്‍ത്തമായൊരു മരുഭൂമിയായിരുന്നു മുസ്തഫ. ആഫ്രിക്ക കീഴടക്കി വടക്ക് യൂറോപ്പിനോട് പ്രതികാരം ചെയ്യാനെത്തിയ യോദ്ധാവാണ് താനെന്ന് അയാള്‍ സ്വയം പറയുന്നുണ്ടായിരുന്നു. എന്നാല്‍ തന്റെ പ്രതികാരം ആയുധം കൊണ്ടാകില്ല. ഭോഗതൃഷ്ണയുടെ മാരകാണുക്കള്‍ കൈമാറിക്കൊണ്ടായിരിക്കും. അവസാനം അയാള്‍ ജീന്‍ മോറിസെന്ന സ്ത്രീയെ കണ്ടുമുട്ടി. കാണുമ്പോഴൊക്കെയും തന്നെ അപഹസിക്കാറുള്ള ജീനിനെ അയാള്‍ പിന്തുടര്‍ന്നത് മൂന്ന് വര്‍ഷമായിരുന്നു. വിനാശത്തിന്റെ തീരമായിരുന്നു ജീന്‍. മുസ്തഫയെന്ന നൗക ചെന്നിടിച്ച് തകര്‍ന്നൊരു കൂറ്റന്‍ പാറക്കെട്ട്. അവസാനം അവര്‍ വിവാഹിതരായി. എന്നാല്‍ പിന്നീടങ്ങോട്ട് മുസ്തഫയെ കാത്തിരുന്നത് ഭ്രാന്തിന്റെ ചക്രവാളങ്ങളായിരുന്നു. 'ഞാന്‍ നിന്നെ വെറുക്കുന്നു ജീന്‍. ഒരുദിവസം നിന്നെ ഞാന്‍ കൊല്ലും'. കാലമേറെ കഴിഞ്ഞ് ഫെബ്രുവരിയിലെ ഒരു ഇരുണ്ട സായാഹ്നത്തില്‍ അയാളുടെ കഠാരി ജീന്‍മോറിസിന്റെ മാറില്‍ ആഴ്ന്നിറങ്ങി. വിചിത്രമായ നിര്‍വൃതിയോടെ മരിക്കുന്നതിനിടെയും ആ സ്ത്രീ മുരണ്ടു: ''പ്രിയപ്പെട്ടവനേ, നീ ഇത് ചെയ്യില്ലെന്ന് നിരാശയോടെ കരുതിയിരിക്കുകയായിരുന്നു ഞാന്‍''.

ഭാര്യയുടെ കൊലപാതകത്തിനും മൂന്ന് ഇംഗ്ലിഷ് യുവതികളുടെ ആത്മഹത്യക്കും കാരണക്കാരനായ മുസ്തഫാ സഈദിന്റെ വിചാരണയ്ക്കിടയില്‍ ഓള്‍ഡ് ബെയ്‌ലിയിലെ കോടതിമുറിയില്‍ അരങ്ങേറിയത് നാടകീയ സംഭവങ്ങളായിരുന്നു. ഞാനൊരു മിഥ്യയാണ്. ആ മിഥ്യയെ തൂക്കിലേറ്റൂ എന്ന് അലറിവിളിക്കണമെന്ന് തോന്നിയിട്ടും മുസ്തഫ നിശബ്ദനായി ഇരുന്നതേയുള്ളൂ. കുറ്റങ്ങളെല്ലാം സമ്മതിച്ച അയാളെ കഴുമരത്തില്‍നിന്ന് രക്ഷിക്കാന്‍ അരയും തലയും മുറുക്കി ഇറങ്ങിയതും ഇംഗ്ലിഷുകാര്‍ തന്നെയായിരുന്നു. 'സാമ്രാജ്യത്വത്തിന്റെ ഇര'യാണ് മുസ്തഫയെന്ന് അവര്‍ വാദിച്ചു. അവസാനം ഏഴ് വര്‍ഷം കഠിനതടവ് വിധിച്ചപ്പോള്‍ മിസിസ് റോബിന്‍സണ്‍ അയാളെ അണച്ചുപിടിച്ചുകൊണ്ട് വിതുമ്പി, 'കരയല്ലേ മോനേ'.
നീണ്ട ജയില്‍വാസത്തിനൊടുവില്‍ മോചിതനായ മുസ്തഫ എവിടെയെല്ലാമോ ചുറ്റിത്തിരിഞ്ഞു. പല രാജ്യങ്ങളും നാടുകളും. അവസാനം ജന്മനാടായ സുദാനിലേക്ക് കപ്പല്‍ കയറി. നൈലിന്റെ തീരത്തെ ഏതോ ഗ്രാമത്തില്‍ ആവിക്കപ്പല്‍ നങ്കൂരമിട്ടതും അയാള്‍ അവിടെ ഇറങ്ങി. കൈയിലുള്ള പണം കൊടുത്തൊരു നിലം വാങ്ങി. കൃഷി ചെയ്തു. ചോദിച്ചവരോടൊക്കെ ഖാര്‍ത്തൂമില്‍ നിന്ന് വരുകയാണെന്ന് കള്ളം പറഞ്ഞു. ഒന്ന് രണ്ട് വര്‍ഷം കഴിഞ്ഞപ്പോഴാണ് മഹ്‌മൂദിന്റെ മകള്‍ ഹുസ്‌നയെ വിവാഹം കഴിക്കുന്നത്. അവര്‍ക്ക് രണ്ട് ആണ്‍കുട്ടികളും ജനിച്ചു.

കാത്തിരുന്ന ദുരന്തം

കുറച്ചുകാലം കഴിഞ്ഞപ്പോള്‍ എനിക്ക് ഖാര്‍ത്തൂമില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഇന്‍സ്‌പെക്ടറായി ജോലി ലഭിച്ചു. ഇതിനിടയിലെപ്പോഴോ വിവാഹവും കഴിഞ്ഞു. കഥകളെല്ലാം കേട്ടതില്‍ പിന്നെ മുസ്തഫയുടെ കാര്യം മറന്നുവരുകയായിരുന്നു. ജൂലൈ മാസത്തിലെ ചൂടുള്ളൊരു രാത്രി. നൈല്‍നദിയില്‍ പതിവില്ലാത്തൊരു വെള്ളപ്പൊക്കം. ഇരുപതോ മുപ്പതോ വര്‍ഷങ്ങള്‍ കൂടുമ്പോള്‍ മാത്രം ഉണ്ടാകുന്ന തരം പ്രളയമായിരുന്നു അത്. നദിയില്‍ പോയ പലരെയും കാണാതായി. അന്ന് അപ്രത്യക്ഷരായവരില്‍ ഒരാള്‍ മുസ്തഫയായിരുന്നു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ നൈലിന്റെ തീരങ്ങളിലൊക്കെ തിരച്ചില്‍ നടത്തിയിട്ടും മുസ്തഫയുടെ മാത്രം യാതൊരു വിവരവും ലഭിച്ചില്ല. അയാള്‍ നൈലില്‍ മുങ്ങിമരിച്ചിട്ടുണ്ടാവുമെന്ന് ഏവരും കരുതി. മൃതദേഹം മുതലകള്‍ തിന്നിട്ടുണ്ടാകുമോ? ആളുകള്‍ അടക്കംപറഞ്ഞു.


വെള്ളപ്പൊക്കത്തിന് തലേദിവസം മുദ്രവച്ചൊരു കവര്‍ അയാള്‍ ഹുസ്‌നയെ ഏല്‍പിച്ചിരുന്നു. തനിക്കെന്തെങ്കിലും സംഭവിച്ചാല്‍ ഈ കത്ത് എന്നെ ഏല്‍പിക്കണമെന്നും പറഞ്ഞത്രേ. അവധിക്ക് നാട്ടിലെത്തിയ എന്നെ കാത്തിരുന്നത് മുസ്തഫാ സഈദ് മരിച്ചെന്ന വാര്‍ത്തയായിരുന്നു. തന്റെ ഭാര്യയുടെയും മക്കളുടെയും രക്ഷകര്‍തൃചുമതല എന്നെ ഏല്‍പിച്ചുകൊണ്ടുള്ള കത്തായിരുന്നു ആ കവറിലുണ്ടായിരുന്നത്. വീട്ടിലെ മറ്റാര്‍ക്കും പ്രവേശനമില്ലാത്തൊരു രഹസ്യമുറിയുടെ താക്കോലുമുണ്ടായിരുന്നു കൂട്ടത്തില്‍. അതോടെ മുസ്തഫയുടെ പ്രേതം എന്നെ ശരിക്കും പിന്തുടരുന്നതുപോലെ തോന്നി.


കുറച്ചുകാലം കഴിഞ്ഞതും ഗ്രാമത്തിലെ വദ്ദുല്‍ റയ്യിസെന്ന വൃദ്ധന് ഹുസ്‌നയെ വിവാഹംകഴിക്കണമെന്നൊരു കലശലായ മോഹം. എന്നാല്‍ പിതാവും സഹോദരങ്ങളുമൊക്കെ നിര്‍ബന്ധിച്ചിട്ടും ഹുസ്‌ന അയാളെ വിവാഹംകഴിക്കില്ലെന്ന് ശഠിച്ചു. എല്ലാവരും കൂടി എന്നെ നിര്‍ബന്ധിച്ചു, നിങ്ങള്‍ പറഞ്ഞാല്‍ ആ സ്ത്രീ കേള്‍ക്കുമെന്ന്. ഈ പ്രതിസന്ധി ഒഴിവാക്കാനായി ഒന്ന് സഹായിക്കണമെന്ന് സുഹൃത്ത് മഹ്ജൂബിനോട് പറഞ്ഞപ്പോള്‍ അയാള്‍ ചോദിച്ചത് നിനക്ക് ഹുസ്‌നയെ കല്യാണം കഴിച്ചൂടേ എന്നായിരുന്നു. ഗ്രാമത്തില്‍ പുരുഷന്മാര്‍ രണ്ടാമത് വിവാഹം കഴിക്കുന്നതൊരു പുതിയ കാര്യമല്ലല്ലോ? വദ്ദുല്‍ റയ്യിസാകട്ടെ ഈ സ്ത്രീയെ അല്ലാതെ വേറെയാരെയും കെട്ടില്ലെന്ന വാശിയിലാണ്. അവധി തീര്‍ന്നതിനാല്‍ എനിക്ക് പെട്ടെന്ന് ഖാര്‍ത്തൂമിലേക്ക് തിരിച്ചുപോകേണ്ടി വന്നു. ഹുസ്‌ന എന്റെ ഉമ്മയേയും മഹ്ജൂബിനെയും പോയി കണ്ട് ഞാന്‍ അവരെ വിവാഹംകഴിക്കണമെന്നും വൃദ്ധന്റെ പിടിയില്‍നിന്ന് രക്ഷിക്കണമെന്നും അപേക്ഷിച്ചുവെന്ന് പിന്നീടാണ് അറിയുന്നത്.


ഖാര്‍ത്തൂമിലെത്തി ഒരുമാസം കഴിഞ്ഞതും മഹ്ജൂബിന്റെ ടെലഗ്രാം കിട്ടി. നാട്ടിലൊരു പ്രശ്‌നമുണ്ട്, എത്രയും വേഗം ഗ്രാമത്തിലെത്തണം. മൂന്ന് ദിവസം നീണ്ട യാത്രയ്‌ക്കൊടുവില്‍ ആവിക്കപ്പല്‍ തീരത്തണഞ്ഞപ്പോള്‍ സ്വീകരിക്കാന്‍ പതിവായി വരാറുള്ള ബന്ധുക്കളെയാരെയും കണ്ടില്ല. ഏവരുടെയും മുഖത്ത് എന്തോ ദുരന്തമുണ്ടായ ഭാവം. ചോദിച്ചിട്ട് ആരുമൊന്നും പറയുന്നില്ല. ഉപ്പുപ്പയുടെ സുഹൃത്തായ ബിന്‍ത് മജ്ദൂബെന്ന വൃദ്ധയുടെ കാലുപിടിച്ചു. എന്താണ് നടന്നതെന്നറിയണം. അവസാനം ആ സ്ത്രീയാണ് കാര്യം പറഞ്ഞത്.
'ഗ്രാമത്തിന്റെ ചരിത്രത്തിലിന്നോളം സംഭവിക്കാത്ത അപമാനകരമായ കാര്യമാണ് ഇവിടെ നടന്നത്. നീ പോയി ഏതാനും ദിവസം കഴിഞ്ഞപ്പോള്‍ തന്നെ വദ്ദുല്‍ റയ്യിസ് ഹുസ്‌നയെ ബലമായി വിവാഹംകഴിച്ചു. വീട്ടുകാര്‍ക്കെല്ലാം സമ്മതമായിരുന്നതിനാല്‍ ആരും അവളുടെ എതിര്‍പ്പ് വകവച്ചതേയില്ല. എന്നാല്‍ കല്യാണം കഴിഞ്ഞ് രണ്ടാഴ്ചയായിട്ടും വദ്ദുല്‍ റയ്യിസിനെ തന്റെ ദേഹത്ത് സ്പര്‍ശിക്കാന്‍ അവള്‍ അനുവദിച്ചില്ല. അവസാനം ഒരുദിവസം രാത്രി അയാള്‍ അവളെ ആക്രമിച്ചു. അട്ടഹാസം പോലുള്ള നിലവിളി കേട്ടാണ് ഞങ്ങളൊക്കെ ഓടിയെത്തിയത്. വാതില്‍ ചവിട്ടിപ്പൊളിച്ച് അകത്ത് കയറിയപ്പോള്‍ കണ്ട കാഴ്ച വദ്ദുല്‍ റയ്യിസ് കുത്തേറ്റ് കിടക്കുന്നതാണ്. ദേഹം നിറയെ കുത്തേറ്റ മുറിവുകള്‍. തൊട്ടരികിലായി ഹുസ്‌നയും മരിച്ചുകിടപ്പുണ്ടായിരുന്നു. കഠാരി നെഞ്ചില്‍ കുത്തിയിറക്കിയ നിലയിലായിരുന്നു അവളെ കണ്ടത്. വദ്ദുല്‍ റയ്യിസിനെ കൊന്നശേഷം അവള്‍ ആത്മഹത്യ ചെയ്തതായിരുന്നു.
ആ അലര്‍ച്ചകള്‍ കേട്ട് നാട് മുഴുവന്‍ ഉണര്‍ന്നെഴുന്നേറ്റ് വന്നിട്ടും വദ്ദുല്‍ റയ്യിസിന്റെ മൂത്ത ഭാര്യ മബ്‌റൂക മാത്രം അതേ വീട്ടില്‍ കൂര്‍ക്കംവലിച്ചുറങ്ങുകയായിരുന്നു. കുലുക്കിവിളിച്ച പെണ്ണുങ്ങളോട് ആ സ്ത്രീ തട്ടിക്കയറി. ''അങ്ങേര്‍ക്ക് അതുതന്നെ വേണം'' എന്നു പറഞ്ഞശേഷം അവര്‍ തിരിഞ്ഞു കിടന്നുറങ്ങി. നേരം പുലരുന്നതിന് മുമ്പ് തന്നെ ഗ്രാമത്തിലുള്ളവര്‍ മൃതശരീരങ്ങള്‍ അടക്കംചെയ്തു.
പാവം ഹുസ്‌നയെ രക്ഷിക്കാനായില്ലല്ലോ എന്ന ചിന്തയില്‍ നീറുകയായിരുന്നു എന്റെ മനസ്. അവരെ എന്നെ വിശ്വസിച്ചേല്‍പിച്ച ശേഷമല്ലേ മുസ്തഫ പോയത്? എനിക്കവളെ രക്ഷിക്കാമായിരുന്നു. തകര്‍ന്ന മനസോടെ മുസ്തഫയുടെ വീട്ടിലെ നിഗൂഢതകളുടെ രാവണന്‍കോട്ടയായ രഹസ്യമുറി തുറന്നപ്പോള്‍ കണ്ട ഞെട്ടിക്കുന്ന കാഴ്ചകള്‍ കൂടി താങ്ങാനാകാതെ ഞാന്‍ നദിക്കരയിലേക്ക് നടന്നു. വെള്ളത്തിലിറങ്ങി വടക്കോട്ട് നീന്താന്‍ തുടങ്ങി. പകുതി ദൂരമെത്തിയതും കാലുകള്‍ തളര്‍ന്നുതുടങ്ങി. ഞാന്‍ മരിക്കാന്‍ പോവുകയാണോ? ഇനിയൊരു തിരിച്ചുപോക്കില്ല. പക്ഷേ എനിക്കിനിയും ചെയ്തുതീര്‍ക്കാന്‍ പലതുമില്ലേ. മരിക്കരുത്. ജീവിക്കണം. അതോടെ സര്‍വശക്തിയും സംഭരിച്ച് കൈകാലിട്ടടിക്കാന്‍ തുടങ്ങി. പിന്നെ ആവുന്നത്ര ഒച്ചയില്‍ നിലവിളിച്ചു: ''രക്ഷിക്കണേ..''


നാഗരിക സംഘര്‍ഷങ്ങളുടെ കഥ

സുദാനി എഴുത്തുകാരന്‍ ത്വയ്യിബ് സ്വാലിഹിന്റെ(1929-2009) വിഖ്യാത അറബി നോവലായ 'മൗസിമുല്‍ ഹിജ്‌റ ഇലശ്ശമാല്‍' (Season of Migration to the North) മുസ്തഫാ സഈദിന്റെയും അയാള്‍ അവശേഷിപ്പിച്ചുപോയ നാഗരിക സംഘര്‍ഷങ്ങളുടെയും കഥയാണ്. അറബിയിലെ എക്കാലത്തെയും മികച്ച നോവലുകളിലൊന്നായി വാഴ്ത്തപ്പെട്ട ഈ കൃതി 1966ലാണ് പ്രസിദ്ധീകൃതമാകുന്നത്. എഡ്വേര്‍ഡ് സൈദിന്റെ അഭിപ്രായത്തില്‍ ബ്രിട്ടിഷ് കൊളോണിയലിസവും യൂറോപ്യന്‍ ആധുനികതയും ആഫ്രിക്കയെ എങ്ങനെ ബാധിച്ചുവെന്ന് സൂചിപ്പിക്കുന്ന ഉജ്വല കൃതിയാണ് 'മൗസിമുല്‍ ഹിജ്‌റ'. പോളിഷ് എഴുത്തുകാരന്‍ ജോസഫ് കൊണ്‍റാഡിന്റെ 'Heart of Darkness', അപകോളനീകരണ ചിന്തകനായ ഫ്രാന്‍സ് ഫാനന്റെ 'Black Skin, White Masks' എന്നീ കൃതികളുടെ സ്വാധീനം പേറുന്ന ഈ നോവല്‍ അറബിയിലെ ആദ്യ പോസ്റ്റ് കൊളോണിയല്‍ സാഹിത്യകൃതിയായാണ് നിരൂപകര്‍ വിലയിരുത്തുന്നത്.


തെക്ക് ആഫ്രിക്കയില്‍നിന്ന് വടക്ക് യൂറോപ്പിലേക്കുള്ള മുസ്തഫാ സഈദിന്റെ സഞ്ചാരങ്ങളും അയാളിലെ പൗരസ്ത്യനും പാശ്ചാത്യനിലെ അപരനും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ക്കൊപ്പം ആഫ്രിക്കന്‍ ഗ്രാമങ്ങളിലെ പാരമ്പര്യമൂല്യങ്ങള്‍ തമ്മിലുള്ള ഒടുങ്ങാത്ത പോരാട്ടങ്ങളെക്കുറിച്ച് കൂടിയാണ് നോവല്‍ സംസാരിക്കുന്നത്. സുദാനി സംസ്‌കാരത്തെ അധിക്ഷേപിക്കുന്നുവെന്ന് ആരോപിച്ച് കുറച്ചുകാലം നോവല്‍ ആ നാട്ടില്‍ നിരോധിക്കപ്പെട്ടിരുന്നു. സാംസ്‌കാരിക സങ്കരത്വം, അപകോളനീകരണം, ഓറിയന്റലിസം തുടങ്ങിയ ഒട്ടേറെ കാഴ്ചപ്പാടുകളില്‍ നിന്ന് ധാരാളം വായിക്കപ്പെട്ട, ആഘോഷിക്കപ്പെട്ട കൃതിയാണ് 'മൗസിമുല്‍ ഹിജ്‌റ'. യൂറോപ്പിന്റെ സാംസ്‌കാരിക അരാജകത്വത്തെ തുറന്നുകാട്ടുന്നതിനൊപ്പം കിഴക്കിന്റെ ലൈംഗികദാരിദ്ര്യം കൂടി കാണാതെപോകരുതെന്ന് പറയുകയാണ് ത്വയ്യിബ് സ്വാലിഹ്. അപരനിലേക്കുള്ള അകലം ശരിക്കും തന്നിലേക്കുള്ള ദൂരം തന്നെയല്ലേ എന്ന ചോദ്യം കൂടിയാണ് നോവല്‍ അവശേഷിപ്പിച്ചു പോകുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലോകത്തിലെ ഏറ്റവും മനോഹരമായ വിമാനത്താവളമെന്ന നേട്ടം സ്വന്തമാക്കി സായിദ് അന്താരാഷ്ട്ര വിമാനത്താവളം

uae
  •  6 days ago
No Image

തൃശൂരിൽ വൻ കഞ്ചാവ് വേട്ട; കഞ്ചാവ് എത്തിച്ചത് ചരക്ക് വാഹനത്തിൽ 

Kerala
  •  6 days ago
No Image

കാലിഫോർണിയയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത രോഖപ്പെടുത്തി, സുനാമി മുന്നറിയിപ്പ് 

International
  •  6 days ago
No Image

റോഡ് അടച്ച് സി.പി.എം ഏരിയാ സമ്മേളനം

Kerala
  •  6 days ago
No Image

നവീൻ ബാബുവിന്‍റെ മരണം; സിബിഐ അന്വേഷണം ആവശ്യപ്പെട്ടുളള ഹരജി ഇന്ന് ഹൈക്കോടതി വീണ്ടും പരിഗണിക്കും.

Kerala
  •  6 days ago
No Image

സംസ്ഥാനത്തെ വൈദ്യുതി നിരക്ക് വര്‍ധനയിൽ പ്രഖ്യാപനം ഇന്നറിയാം

Kerala
  •  6 days ago
No Image

ശബരിമല ദർശനത്തിനെത്തിയ 2 തീർഥാടകർ കുഴഞ്ഞുവീണു മരിച്ചു

Kerala
  •  6 days ago
No Image

ക്രിസ്റ്റ്യാനോ റൊണാൾഡോ ഇസ്ലാം മതം സ്വീകരിക്കാൻ ആഗ്രഹിക്കുന്നുവെന്ന് മുൻ സഹതാരം വലീദ് അബ്ദുള്ള

Football
  •  6 days ago
No Image

ട്രോളി ബാ​ഗിൽ 8 കിലോ കഞ്ചാവുമായി അസം സ്വദേശികൾ പിടിയിൽ

Kerala
  •  6 days ago
No Image

സ്വിമ്മിങ് പൂളിൽ നീന്തുന്നതിനിടെ ദേഹാസ്വാസ്ഥ്യം; റാസൽഖൈമയിൽ മലയാളി വിദ്യാർഥി മരിച്ചു

uae
  •  6 days ago