നേരത്തേ തിരുത്തിയിരുന്നെങ്കില്‍ മൃതദേഹങ്ങള്‍ ഒഴുകില്ലായിരുന്നു
കൊവിഡ് നിയന്ത്രണത്തില്‍ തനിക്കു പറ്റിയ പാളിച്ചകള്‍ മനസിലാക്കാനും നയം തിരുത്താനും സുപ്രിംകോടതിയില്‍ നിന്നും ആര്‍.എസ്.എസ് അധ്യക്ഷന്‍ മോഹന്‍ ഭാഗവതില്‍ നിന്നും രൂക്ഷവിമര്‍ശനം നേരിടേണ്ടിവന്നു, പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്. സര്‍ക്കാരിന്റെ വാക്‌സിന്‍ നയം ഏകപക്ഷീയവും യുക്തിക്ക് നിരക്കാത്തതും പണമടച്ച് വാക്‌സിന്‍ വാങ്ങുക എന്നതു വിവേചനപരമാണെന്നും സുപ്രിംകോടതി സര്‍ക്കാരിനെ ഓര്‍മിപ്പിച്ചത് കഴിഞ്ഞ രണ്ടിനാണ്. അതിനു മുന്‍പ് വാക്‌സിന്‍ വിതരണത്തിലും ഓക്‌സിജന്‍ ലഭ്യത ഉറപ്പുവരുത്തുന്നതിലും പരാജയപ്പെട്ട സര്‍ക്കാരിനെ മാറ്റിനിര്‍ത്തി പ്രസ്തുത പ്രവര്‍ത്തനങ്ങള്‍ക്ക് സുപ്രിം കോടതി കര്‍മസമിതി രൂപീകരിച്ചത് മെയ് ഒന്‍പതിനായിരുന്നു. ഓക്‌സിജന്‍ പ്രതിസന്ധി പരിഹരിക്കണമെന്ന് ഡല്‍ഹി ഹൈക്കോടതി ആവശ്യപ്പെട്ടിട്ടും മിണ്ടാതിരുന്ന സര്‍ക്കാരിനെതിരേ കോടതിയലക്ഷ്യ നടപടികളിലേക്ക് വരെ ഹൈക്കോടതിക്ക് നീങ്ങേണ്ടിവന്നു. സര്‍ക്കാരിന്റെ വാക്‌സിനേഷന്‍ നയം വിവേചനപരമാണെന്ന ജൂണ്‍ രണ്ടിലെ സുപ്രിംകോടതി വിധിയാണ് വൈകിയ വേളയിലെങ്കിലും വാക്‌സിന്‍ നയത്തില്‍ മാറ്റം വരുത്താന്‍ നരേന്ദ്ര മോദിയെ നിര്‍ബന്ധിതനാക്കിയത്.
ചോദ്യങ്ങളില്ലാത്ത മന്‍കി ബാത്തുമായി ഇണങ്ങിപ്പോന്ന നരേന്ദ്ര മോദിക്ക് സുപ്രിംകോടതിയുടെ നിരന്തരമായ ഇടപെടല്‍ വന്നുപോയ തെറ്റിനെക്കുറിച്ച് ചിന്തിക്കാന്‍ ഒരവസരം ഒരുക്കിക്കൊടുത്തിരിക്കണം. 35,000 കോടി രൂപ വാക്‌സിന്‍ പ്രതിരോധത്തിനു ബജറ്റില്‍ നീക്കിവച്ച സര്‍ക്കാരിനു അതില്‍നിന്ന് എത്ര പണം കൊവിഡ് പ്രതിരോധത്തിനു ചെലവാക്കിയെന്ന് പറയാനോ കോടതിയെ ബോധ്യപ്പെടുത്താനോ ഇപ്പോഴും കഴിഞ്ഞിട്ടില്ല.
എല്ലാവര്‍ക്കും വാക്‌സിന്‍ എന്നത് രണ്ടു മാസം മുന്‍പ് പ്രഖ്യാപിച്ചിരുന്നുവെങ്കില്‍, ഓക്‌സിജന്‍ ആവശ്യാനുസരണം ലഭ്യമാക്കിയിരുന്നുവെങ്കില്‍ ആളുകള്‍ക്ക് ഒരുതുള്ളി ജീവവായു കിട്ടാതെ ശ്വാസംമുട്ടി മരിക്കേണ്ടി വരുമായിരുന്നില്ല. ഹൈന്ദവ സഹോദരങ്ങളുടെ പുണ്യനദിയായ ഗംഗ മൃതദേഹങ്ങള്‍ കൊണ്ട് നിറയുമായിരുന്നില്ല. വാക്‌സിന്‍ നയത്തില്‍ തിരുത്തല്‍ വരുത്തിയപ്പോഴും കോടതിയുടെ ഇടപെടലാണ് ഇത്തരമൊരു തീരുമാനത്തിനു പിന്നിലെന്ന് സമ്മതിക്കാന്‍ നരേന്ദ്ര മോദി തയാറായില്ല. പൊതുദൃഷ്ടിയില്‍ ഭരണപരാജയം മറച്ചുപിടിക്കാനായിരിക്കാം ഈ മൗനം.
ഒരു ഭരണാധികാരിക്ക് മിനിമം ഉണ്ടാകേണ്ട മേന്മ തന്റെ അധികാരപരിധിയിലുള്ള പ്രജകളുടെ ജീവന്‍ സംരക്ഷിക്കുക എന്നതു തന്നെയാണ്. സാര്‍വത്രിക വാക്‌സിസിനേഷന്‍ പദ്ധതിയെന്നത് ഇന്ത്യ നാല്‍പത് വര്‍ഷമായി തുടര്‍ന്നുപോരുന്നതാണ്. സര്‍ക്കാര്‍ വാക്‌സിന്‍ വാങ്ങി സംസ്ഥാനങ്ങള്‍ക്ക് വിതരണം ചെയ്യുക എന്നതാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. ആ നയം നരേന്ദ്ര മോദി സര്‍ക്കാര്‍ അട്ടിമറിച്ചതാണ് കൂട്ടമരണങ്ങള്‍ക്ക് കാരണമായിത്തീര്‍ന്നത്.
വാക്‌സിന്‍ വിതരണത്തില്‍ കരുതിക്കൂട്ടി ഉണ്ടാക്കിയ ക്ഷാമം ഇന്നുകാണുന്ന എല്ലാ ദുരിതങ്ങളുടെയും ഹേതുവായിത്തീരുകയായിരുന്നു. എല്ലാറ്റിലും വിപണനസാധ്യത കാണുന്ന മോദി സര്‍ക്കാര്‍ വിപണിക്ക് കൂടുതല്‍ നേട്ടമുണ്ടാക്കുകയായിരിന്നു വാക്‌സിന്‍ നയത്തിലെ അട്ടിമറിയിലൂടെ. ഇതിനു വില കൊടുക്കേണ്ടി വന്നതോ, പാവങ്ങളായ മനുഷ്യരുടെ ജീവനും. മാതാപിതാക്കള്‍ നഷ്ടപ്പെട്ട കുട്ടികളുടെ തേങ്ങലുകള്‍ പ്രധാനമന്ത്രിക്കു മനസിലായിക്കൊള്ളണമെന്നില്ല.
പ്രതിച്ഛായ നിലനിര്‍ത്താനുള്ള വ്യഗ്രത തന്നെയായിരുന്നില്ലേ രാജ്യത്തെ വാക്‌സിസിന്‍ ആവശ്യം നിറവേറ്റാതെ വിദേശത്തേക്ക് കയറ്റി അയച്ചതിന്റെ പിന്നിലും. തന്റെ രാജ്യം വാക്‌സിന്‍ നിര്‍മാണത്തില്‍ സ്വയം പര്യാപ്തത നേടിയിരിക്കുന്നുവെന്ന് ലോകരാഷ്ട്രങ്ങളെ ബോധ്യപ്പെടുത്താനുള്ള വൃഥാശ്രമത്തെ ദരിദ്രന്റെ അഹങ്കാരമെന്നല്ലാതെ മറ്റെന്താണു വിശേഷിപ്പിക്കുക. മനുഷ്യരുടെ മൃതദേഹങ്ങള്‍ സൈക്കിളുകളില്‍ കെട്ടിവച്ച് കിലോമീറ്ററുകള്‍ താണ്ടുന്നതും വഴിവക്കിലും കടവരാന്തകളിലും കൊവിഡ് ബാധിതര്‍ മരിച്ചുകിടക്കുന്നതും ഇന്ത്യന്‍ മാധ്യമങ്ങള്‍ക്ക് വാര്‍ത്തകളായിരുന്നില്ല. രാജ്യാന്തര മാധ്യമങ്ങളില്‍ അത്തരം വാര്‍ത്തകള്‍ സുലഭമായി വരികയും പല വിദേശമാധ്യമങ്ങളും മുഖപ്രസംഗങ്ങളിലും നിരീക്ഷണങ്ങളിലും കൊവിഡ് മഹാമാരിയെ തടഞ്ഞുനിര്‍ത്തുന്നതില്‍ ഇന്ത്യക്കും പ്രധാനമന്ത്രിക്കും പറ്റിയ വീഴ്ച തുറന്നുകാണിക്കുകയും ചെയ്തു.
അതിലൂടെ അതുവരെ കെട്ടിപ്പൊക്കിയ മോദിയുടെ പ്രതിച്ഛായയാണ് തകര്‍ന്നുവീണത്. പ്രതിച്ഛായ പുനര്‍നിര്‍മാണവും ഇപ്പോഴത്തെ വാക്‌സിന്‍ നയ മാറ്റത്തിനു പിന്നിലുണ്ട്. അതിനാല്‍ വാക്‌സിന്‍ സൗജന്യമാക്കിയ ഇപ്പോഴത്തെ തീരുമാനം പ്രധാനമന്ത്രിക്ക് വൈകിയുദിച്ച വിവേകമെന്ന് വിശേഷിപ്പിക്കാനും ആവില്ല
വാക്‌സിന്‍, കൊവിഡ് വരാതിരിക്കാനുള്ള കുറ്റമറ്റ സംവിധാനമാണെന്ന് ആരോഗ്യവിദഗ്ധരും അവകാശപ്പെടുന്നില്ല. രണ്ട് ഡോസ് വാക്‌സിന്‍ എടുത്താലും രോഗം വരാം. എന്നാല്‍ വാക്‌സിന്‍ എടുത്തവരില്‍ കൊവിഡ് ഗുരുതരാവസ്ഥ പ്രാപിക്കുന്നില്ല, മരണം സംഭവിക്കുന്നില്ല. അതിനുവേണ്ടത് എത്രയും പെട്ടെന്ന് വാക്‌സിനേഷന്‍ വ്യാപകമാക്കുക എന്നതായിരുന്നു. ചുരുങ്ങിയ സമയത്തിനുള്ളില്‍ വാക്‌സിന്‍ വ്യാപകമാക്കിയിരുന്നുവെങ്കില്‍ തൊഴിലും കൂലിയുമില്ലാതെ ലോക്ക്ഡൗണ്‍ തടവില്‍ സാധാരണക്കാരായ മനുഷ്യര്‍ കഴിയേണ്ടി വരില്ലായിരുന്നു. രോഗം മനുഷ്യരെ ശ്വാസം മുട്ടിച്ചു കൊന്നുകൊണ്ടിരുന്നപ്പോഴും വണിക്കുകളുടെ ബുദ്ധിയോടെയായിരുന്നു ഭരണാധികാരി വിഷയത്തെ സമീപിച്ചത്. വാക്‌സിനുകള്‍ സ്വകാര്യ ആശുപത്രികള്‍ക്ക് എത്ര വിലക്ക് വില്‍ക്കാം? സംസ്ഥാന സര്‍ക്കാരുകള്‍ക്ക് എന്ത് വിലക്ക് കൊടുക്കാം? സ്വന്തമായി എത്ര സൂക്ഷിക്കാം? ഈ കാര്യങ്ങളായിരുന്നു ഭരണകൂടത്തെ അലട്ടിയിരുന്നത്.
കൊവിഡ് തുടക്കമുണ്ടായ ചൈന ഇന്ന് അത്തരമൊരു രോഗത്തെ തന്നെ മറന്ന മട്ടാണ്. വൈറസ് കണ്ടെത്തിയ വുഹാന്‍ മാര്‍ക്കറ്റിനരികെ അവര്‍ ഉത്സവം ആഘോഷിച്ചത് ഈയിടെയാണ്. രോഗം ഏറ്റവും കൂടുതല്‍ ബാധിച്ച അമേരിക്ക ഇന്നു സാധാരണ ജീവിതത്തിലേക്കെത്തിയിരിക്കുന്നു. രണ്ടാം തരംഗത്തിലും കൊവിഡ് വ്യാപനം അവസാനിക്കാന്‍ പോകുന്നില്ലെന്നും വന്നതിലും രൂക്ഷമായ മൂന്നാം തരംഗം പടിവാതില്‍ക്കല്‍ കാത്തുനില്‍ക്കുന്നുണ്ടെന്ന തിരിച്ചറിവുകൂടി മോദി സര്‍ക്കാരിന്റെ വാക്‌സിന്‍ നയ മാറ്റത്തിനു കാരണമായിട്ടുണ്ടാകണം.
ഒരു ഭരണാധികാരിയുടെ പ്രാഗത്ഭ്യവും മികവും പ്രകടമാക്കേണ്ടത്, രാജ്യത്തെ പകര്‍ച്ചവ്യാധി പോലുള്ള വിപത്ത് പിടികൂടുമ്പോള്‍ എങ്ങനെ ജനതയേയും ജനങ്ങളേയും സംരക്ഷിക്കാമെന്ന്
പ്രവൃത്തിയിലൂടെ കാണിച്ചുകൊടുക്കുന്നതിലൂടെയാണ്. കൊവിഡ് ദുരന്തംവിതച്ച വിദേശരാഷ്ട്രങ്ങളിലെ ഭരണത്തലവന്മാര്‍ അത്തരം പ്രവര്‍ത്തനങ്ങളിലെ ഉദാത്ത മാതൃകകളായി നമുക്കു മുന്നിലുണ്ട്.
നമ്മുടെ പ്രധാനമന്ത്രിക്ക് ഈ വിഷയത്തില്‍ സംഭവിച്ചത് ഗുരുതരമായ വീഴ്ചയാണ്. തന്റെ പിഴ, തന്റെ മാത്രം പിഴ എന്നുപറഞ്ഞ് ഇന്ത്യന്‍ പ്രധാനമന്ത്രി വിലപിക്കേണ്ടതില്ല. ജനതയോട് മാപ്പു ചോദിക്കുകയും വേണ്ട. ചുരുങ്ങിയ പക്ഷം വാക്‌സിന്‍ നയത്തില്‍ തനിക്ക് തെറ്റുപറ്റിയെന്ന് ഏറ്റുപറയാനെങ്കിലും അദ്ദേഹം സന്നദ്ധനാകേണ്ടതുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."