സ്വകാര്യ ആശുപത്രികളിലെ കൊവിഡ് വാക്‌സിന്‍ വില നിശ്ചയിച്ച് കേന്ദ്രം
കൊവിഷീല്‍ഡ്- 780, കൊവാക്‌സിന്‍- 1,410 രൂപ
ന്യൂഡല്‍ഹി: കൊവിഡ് വാക്‌സിന്‍ കുത്തിവയ്പ് നല്‍കുന്നതിന് സ്വകാര്യ ആശുപത്രികള്‍ക്ക് ഈടാക്കാവുന്ന തുക നിശ്ചയിച്ച് കേന്ദ്രസര്‍ക്കാര്‍.
ഒരു ഡോസിന് പരമാവധി കൊവിഷീല്‍ഡ്- 780 രൂപ, കൊവാക്‌സിന്‍ - 1,410, സ്പുടിനിക് - 1145 രൂപയായാണ് നിശ്ചയിച്ചതെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. നികുതിയും സര്‍വിസ് ചാര്‍ജും ഉള്‍പ്പെടെയാണിത്. സ്വകാര്യ ആശുപത്രികളിലെ വാക്‌സിന്‍ വിതരണം സംസ്ഥാന സര്‍ക്കാരുകള്‍ നിരീക്ഷിക്കണമെന്നും നിര്‍ദേശമുണ്ട്.
പുതുക്കിയ വാക്‌സിന്‍നയത്തിലെ മാര്‍ഗരേഖയും കേന്ദ്രം പുറത്തിറക്കി. ഉത്പാദിപ്പിക്കുന്ന വാക്‌സിനുകളുടെ 75 ശതമാനവും കേന്ദ്രസര്‍ക്കാര്‍ വാങ്ങും. 25 ശതമാനം സ്വകാര്യ ആശുപത്രികള്‍ക്ക് നല്‍കും.
ജനസംഖ്യ, രോഗവ്യാപ്തി, പ്രതിരോധ കുത്തിവയ്പ്പുകളുടെ പുരോഗതി തുടങ്ങിയ മാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കിയായിരിക്കും സംസ്ഥാനങ്ങള്‍ക്ക് വാക്‌സിന്‍ വിതരണംചെയ്യുകയെന്ന് മാര്‍ഗരേഖ വ്യക്തമാക്കുന്നു.
സംസ്ഥാനങ്ങള്‍ക്ക് സൗജന്യമായി നല്‍കുന്ന വാക്‌സിന്‍ ഡോസുകളെ സംബന്ധിച്ച മുന്‍ഗണനാക്രമം തുടരും.
ആരോഗ്യപ്രവര്‍ത്തകര്‍, കൊവിഡ് മുന്നണി പോരാളികള്‍, 45 വയസിനു മുകളിലുള്ള പൗരന്മാര്‍, രണ്ടാമത്തെ ഡോസ് എടുക്കേണ്ട പൗരന്മാര്‍ എന്നിങ്ങനെയാണ് മുന്‍ഗണനാക്രമം. 18- 44 പ്രായമുള്ളവര്‍ക്കുള്ള മുന്‍ഗണനാക്രമം സംസ്ഥാനങ്ങള്‍ക്ക് തീരുമാനിക്കാമെന്നും മാര്‍ഗരേഖയില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."