രാമക്ഷേത്ര നിര്‍മാണത്തിന് മുസ്‌ലിംകളെ ഭീഷണിപ്പെടുത്തി പണം പിരിച്ച സംഭവം; മധ്യപ്രദേശ് സര്‍ക്കാരിന് ഹൈക്കോടതി നോട്ടിസ്
ഭോപ്പാല്‍: മധ്യപ്രദേശില്‍ രാമക്ഷേത്ര നിര്‍മാണത്തിന് മുസ്‌ലിംകളില്‍ നിന്ന് ഭീഷണിപ്പെടുത്തി പണം പിരിക്കുകയും പണം നല്‍കാന്‍ വിസമ്മതിച്ച മുസ്‌ലിംകള്‍ക്കെതിരേ ആള്‍ക്കൂട്ട ആക്രമണം നടത്തുകയും വര്‍ഗീയ കലാപങ്ങളുണ്ടാക്കുകയും ചെയ്ത സംഭവത്തില്‍ മധ്യപ്രദേശ് ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിന് നോട്ടിസയച്ചു.
കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ് സിങ്ങിന്റെ ഹരജിയില്‍ ആറാഴ്ചയ്ക്കുള്ളില്‍ മറുപടി നല്‍കണമെന്നാവശ്യപ്പെട്ടാണ് മധ്യപ്രദേശ് ഹൈക്കോടതി ഇന്‍ഡോര്‍ ബെഞ്ച് സര്‍ക്കാറിന് നോട്ടിസയച്ചത്.
2020ലാണ് കേസിനാധാരമായ സംഭവം നടന്നത്. മധ്യപ്രദേശില്‍ ചില സംഘടനകള്‍ രാമക്ഷേത്ര നിര്‍മാണത്തിന് ഫണ്ട് സ്വരൂപിക്കുന്ന കാംപയിന്‍ സംഘടിപ്പിക്കുകയും മുസ്‌ലിംകളില്‍നിന്ന് ഭീഷണിപ്പെടുത്തി പണം വാങ്ങുകയും ചെയ്തു.
ചിലര്‍ പണം നല്‍കാതിരുന്നതോടെ ഉജ്ജയ്ന്‍, ഇന്‍ഡോര്‍, മന്‍ദസൗര്‍ എന്നിവിടങ്ങളില്‍ വര്‍ഗീയ കലാപമുണ്ടാക്കി. പ്രകടനമായെത്തി മുസ്‌ലിം വീടുകളും കടകളും തകര്‍ത്തു. ആളുകളെ ആക്രമിച്ചു. പൊലിസിന്റെ സാന്നിധ്യത്തില്‍ മുസ്‌ലിംകളെ ആക്രമിച്ചിട്ടും പൊലിസ് തടയുകയോ നിയമനടപടി സ്വീകരിക്കുകയോ ചെയ്തില്ലെന്നും അഭിഭാഷകന്‍ രവീന്ദ്രസിങ് ചാബ്‌റ മുഖേന സമര്‍പ്പിച്ച ഹരജിയില്‍ പറയുന്നു. ഉജ്ജയ്ന്‍, ഇന്‍ഡോര്‍, മന്‍ദസൗര്‍ എന്നിവിടങ്ങളില്‍ നടന്ന അക്രമത്തിന്റേയും വര്‍ഗീയ കലാപത്തിന്റേയും വിശദാംശങ്ങളും ഹരജിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
മതപരമായ റാലികള്‍ സമാധാനപരമായ ജീവിതത്തിന് തടസ്സമുണ്ടാകാത്ത വിധം നടത്തുന്നതിന് മാര്‍ഗരേഖ പുറപ്പെടുവിക്കണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടു. ചീഫ് സെക്രട്ടറി, പ്രിന്‍സിപ്പല്‍ സെക്രട്ടറി(ആഭ്യന്തരം), ഡി.ജി.പി, ഉജ്ജയ്ന്‍, ഇന്‍ഡോര്‍, മന്‍ദസൗര്‍ പൊലിസ് സൂപ്രണ്ടുമാര്‍, ഉജ്ജയ്ന്‍, മന്‍ദസൗര്‍ ജില്ലാ കലക്ടര്‍മാര്‍ എന്നിവരെയാണ് കേസില്‍ പ്രതിസ്ഥാനത്ത് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ചീഫ് ജസ്റ്റിസ് മുഹമ്മദ് റഫീഖ്, ജസ്റ്റിസ് സുജോയ് പോള്‍ ഏന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."