ഒമാനിൽ കനത്ത മഴ; നിറഞ്ഞൊഴുകിയ വാദിയിൽ അകപ്പെട്ട് ദമ്പതികൾ മരിച്ചു
മസ്കത്ത്: ഒമാനിൽ കനത്ത മഴ തുടരുന്നു. മഴ ശക്തമായതിനെ തുടർന്ന് നിറഞ്ഞൊഴുകിയ വാദിയിൽ അകപ്പെട്ട് ദമ്പതികൾ മരിച്ചു. ഒമാനിലെ ജഅലൻ ബാനി ബു അലി വിലായത്തിലെ വാദി അൽ ബത്തയിൽ ആണ് അപകടം സംഭവിച്ചത്. അതേസമയം, ഒമാനിൽ വിവിധ ഗവർണറേറ്റുകളിൽ ശനിയാഴ്ചവരെ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
മൂന്നു വാഹനങ്ങളിലായി എട്ടുപേരായിരുന്നു വാദിയിൽ അകപ്പെട്ടിരുന്നത്. ഇതിൽ ആറുപേരെ സംഭവ സമയത്തുതന്നെ രക്ഷിച്ചിരുന്നു. മറ്റുള്ളവർക്ക് നടത്തിയ തെരച്ചിലിനിടെയാണ് ദമ്പതികളായ രണ്ടുപേരെ മരിച്ച നിലയിൽ കണ്ടത്തുന്നത്.
ഒമാനിലെ മിക്ക ഗവർണറേറ്റുകളിലും കനത്ത മഴയാണ് കഴിഞ്ഞ ദിവസങ്ങളിൽ പെയ്തത്. വാദികൾ നിറഞ്ഞൊഴുകുന്നതിനാൽ മുറിച്ച് കടക്കരുതെന്നും താഴ്ന്ന സ്ഥലങ്ങളിൽ നിന്ന് വിട്ട് നിൽക്കണമെന്നും അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്.
പാറകൾ ഇടിഞ്ഞ് വീഴാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു. താഴ്ന്ന സ്ഥലങ്ങളിൽ രൂപപ്പെട്ടിട്ടുള്ള വെള്ളക്കെട്ടിൽ ഇറങ്ങരുതെന്നും നിർദേശമുണ്ട്. കുട്ടികളെ സംരക്ഷിക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."