ഇന്ധനവിലയില്‍ പ്രതിഷേധിച്ചും ഏറ്റുമുട്ടിയും ബജറ്റ് ചര്‍ച്ച
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: ബജറ്റ് ചര്‍ച്ചയുടെ രണ്ടാം ദിനത്തില്‍ ഇന്ധനവില നൂറു കടന്നതില്‍ പ്രതിഷേധം രേഖപ്പെടുത്തി ഭരണ, പ്രതിപക്ഷാംഗങ്ങള്‍.
ജനകീയ പ്രശ്‌നമായി ഉയര്‍ന്നുവന്ന വിഷയം പിന്നീട് ഭരണ, പ്രതിപക്ഷ ഏറ്റുമുട്ടലിനു വഴിയൊരുക്കി.മോദി സര്‍ക്കാര്‍ ഇന്ധനവില വര്‍ധിപ്പിക്കുമ്പോള്‍ അധികനികുതി കുറയ്ക്കാതെ കേരളത്തിലെ ധനമന്ത്രി ചിരിക്കുകയാണെന്ന പ്രതിപക്ഷ വിമര്‍ശനത്തെ വിലനിയന്ത്രണം എടുത്തുകളഞ്ഞത് കോണ്‍ഗ്രസ് സര്‍ക്കാരാണെന്ന മറുപടി നല്‍കിയാണ് ഭരണപക്ഷം പ്രതിരോധിച്ചത്. ഇന്ധനവിലയുടെ സ്‌ട്രൈക്കര്‍ എന്‍ഡില്‍നിന്ന് മോദി സെഞ്ചുറി അടിച്ചപ്പോള്‍ നോണ്‍സ്‌ട്രൈക്കര്‍ എന്‍ഡില്‍ സംസ്ഥാന സര്‍ക്കാരുണ്ടെന്ന് റോജി എം. ജോണ്‍ പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ മരണവീട്ടിലെ പോക്കറ്റടിക്കാരനാണെന്നതില്‍ യാതൊരു സംശയവുമില്ലെന്നും റോജി പറഞ്ഞു.
എണ്ണവിലയിലെ അധിക നികുതി ഒഴിവാക്കാന്‍ സംസ്ഥാനം തയാറാകണമെന്ന് അ നൂപ് ജേക്കബും അന്‍വര്‍ സാദത്തും ആവശ്യപ്പെട്ടു. എണ്ണവിലയില്‍ കോണ്‍ഗ്രസ് തുടങ്ങിവച്ചത് ബി.ജെ.പി പൂര്‍ത്തീകരിക്കുകയാണ് ചെയ്യുന്നതെന്ന് മുഹമ്മദ് മുഹ്‌സിന്‍ തിരിച്ചടിച്ചു. ഇന്ധനവില എടുത്തുകളഞ്ഞ കോണ്‍ഗ്രസും മോദിയും ഇക്കാര്യത്തില്‍ അനുജനും ചേട്ടനുമാണെന്ന് എം.എസ് അരുണ്‍കുമാര്‍ പറഞ്ഞു.
ബജറ്റ് ആവലാതികളുടെ വിവരണപത്രിക മാത്രമാണെന്ന് കെ.പി.എ മജീദ് പറഞ്ഞു. കൊവിഡ് കാലത്ത് ജനം അഭിമുഖീകരിച്ച ഗൗരവതരമായ പ്രശ്‌നങ്ങളെ സത്യസന്ധമായി അഭിമുഖീകരിക്കാന്‍ ബജറ്റിനു സാധിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
കൊവിഡ് ബാധിച്ച് വിദേശത്ത് മരിച്ചവരുടെയും മക്കളെ സര്‍ക്കാരിന്റെ ആശ്വാസ പദ്ധതികളില്‍ ഉള്‍പ്പെടുത്തണമെന്ന് ആബിദ് ഹുസൈന്‍ തങ്ങള്‍ ആവശ്യപ്പെട്ടു. പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ സ്മാരകമായി ഒരു വിദ്യാഭ്യാസ ഗവേഷണ കേന്ദ്രം സ്ഥാപിക്കണമെന്ന് യു.എ ലത്തീഫ് ആവശ്യപ്പെട്ടു. വൈദികരെയും കന്യാസ്ത്രീകളെയും ക്ഷേമപെന്‍ഷനില്‍ ഉള്‍പ്പെടുത്തണമെന്നും അവര്‍ക്ക് ഭക്ഷ്യകിറ്റ് അനുവദിക്കണമെന്നും അന്‍വര്‍ സാദത്ത് ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."