അരിക്കൊമ്പന്‍ ആനക്കൂട്ടത്തിനൊപ്പം, കുട്ടിയാനകളും കൂട്ടത്തില്‍, പടക്കം പൊട്ടിച്ചിട്ടും ഒറ്റപ്പെടുത്താനായില്ല; ദൗത്യം നീളുന്നു
അരിക്കൊമ്പന്‍ ആനക്കൂട്ടത്തിനൊപ്പം
ഇടുക്കി: ഇടുക്കിയില്‍ അരിക്കൊമ്പനെ പിടികൂടാനുള്ള ദൗത്യം ആരംഭിച്ചു. ഡോ. അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘം ദൗത്യമേഖലയിലെത്തി. വനംവകുപ്പിന്റെ നേതൃത്വത്തില്‍ 150 അംഗ സംഘമാണ് ദൗത്യത്തില്‍ പങ്കെടുക്കുന്നത്. അതേസമയം, അരിക്കൊമ്പന്‍ ഇപ്പോള്‍ ആനക്കൂട്ടത്തിനൊപ്പമാണെന്നാണ് റിപ്പോര്‍ട്ട്. കുട്ടിയാനകളും കൂട്ടത്തിലുണ്ട്. വാഹനം എത്താന്‍ ബുദ്ധിമുട്ടുള്ള സ്ഥലത്താണ് അരിക്കൊമ്പന്‍ നില്‍ക്കുന്നത്. പടക്കം പൊട്ടിച്ചിട്ടും അരിക്കൊമ്പനെ ഒറ്റക്കാക്കാന്‍ കഴിഞ്ഞിട്ടില്ല.
കൊമ്പനെ ഉടന്‍ മയക്കുവെടി വയ്ക്കും എന്നാണ് അറിയുന്നത്. അരിക്കൊമ്പന്‍ ദൗത്യം കണക്കിലെടുത്ത് ചിന്നക്കനാല്‍ പഞ്ചായത്തിലും ശാന്തന്‍പാറ പഞ്ചായത്തിലെ ആദ്യ രണ്ട് വാര്‍ഡുകളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. സിമന്റ് പാലം ഭാഗത്തേക്കുള്ള റോഡ് 301 കോളനിക്ക് തിരിയുന്ന സ്ഥലത്ത് വെച്ച് അടച്ചു. 11 മണിയോടെ ആനയെ ലോറിയില്‍ കയറ്റാനാകുമെന്നാണ് പ്രതീക്ഷയെന്ന് ദൗത്യസംഘം പറയുന്നു. മയക്കുവെടി വച്ചാല്‍ 4 മണിക്കൂര്‍ സമയം കൊണ്ട് വാഹനത്തിലേക്ക് ആനയെ കയറ്റും. ആനയെ മാറ്റുന്ന സ്ഥലം നിലവില്‍ എവിടെ എന്ന് അറിയിച്ചിട്ടില്ല.
മയക്കുവെടിവെച്ച് ആനയെ പിടികൂടി പെരിയാര്‍ വന്യജീവി സങ്കേതത്തിലോ അഗസ്ത്യാര്‍കൂട വനമേഖലയിലോ വിടാനാണ് തീരുമാനം. അരിക്കൊമ്പനെ പിടികൂടുന്നതിന് മുന്നോടിയായുള്ള മോക്ക്ഡ്രില്‍ ഇന്നലെ പൂര്‍ത്തിയായിരുന്നു. ഇതിന് മുന്‍പ് അഞ്ച് തവണ അരിക്കൊമ്പനെ മയക്കുവെടി വെച്ചിരുന്നെങ്കിലും പിടികൂടാനായിരുന്നില്ല. ഇതുവരെ ഏഴ് വീടുകളും മൂന്ന് കടകളും റേഷന്‍കടയും കൃഷിയും അരിക്കൊമ്പന്‍ നശിപ്പിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."