'സംഘികള്‍ക്ക് കപ്പം കൊടുത്ത് ജീവിക്കേണ്ട ഗതികേടില്ല'; സ്വപ്‌നയുടെ പുതിയ വെളിപ്പെടുത്തലില്‍ കെ.ടി ജലീലിന്റെ മറുപടി
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ പുതിയ വെളിപ്പെടുത്തലില്‍ മറുപടിയുമായി മുന്‍ മന്ത്രി കെ.ടി ജലീല്‍. സൂര്യന്‍ കിഴക്ക് ഉദിക്കുന്നിടത്തോളം എനിക്കെന്തിനാണ് ടെന്‍ഷനെന്നാണ് കെ.ടി ജലീല്‍ ഫേസ്ബുക്കില്‍ കുറിച്ചു. ജലീലിനെതിരെയുള്ള രഹസ്യമൊഴി പുറത്തു പറയുമെന്ന സ്വപ്‌നയുടെ പതിയ വെല്ലുവിളിക്ക് മറുപടിയാണ് ഫേസ്ബുക്ക് പോസ്റ്റ്. രണ്ടു ദിവസം ജലീല്‍ വിയര്‍ക്കട്ടെയെന്ന് സ്വപ്നയുടെ അഭിഭാഷകന്‍ അഡ്വ. കൃഷ്ണരാജും പറഞ്ഞിരുന്നു.
അഡ്വ. കൃഷ്ണരാജിനും സംഘികള്‍ക്കും കപ്പം കൊടുത്ത് ജീവിക്കേണ്ട ഗതികേട് കൂരിപ്പറമ്പില്‍ തെക്കുംപാട്ട് കുഞ്ഞിമുഹമ്മദ് ഹാജിയുടെ മകന്‍ ജലീലിനില്ല. എന്തും പറഞ്ഞോളൂ. ഏത് ഏജന്‍സികളെയും അന്വേഷണത്തിന് വിളിച്ചോളൂ. 'ഖുര്‍ആനില്‍ സ്വര്‍ണം കടത്തിയെന്ന് ആദ്യം പറഞ്ഞു. ഖുര്‍ആന്റെ തൂക്കം പറഞ്ഞ് കുറേ കഥകള്‍ വേറെ മെനഞ്ഞു. ഖുര്‍ആന്‍ കയറ്റിയ വണ്ടിയുടെ ജി.പി.എസ് കേടുവന്നു എന്നും പറഞ്ഞ് കുറേ നടന്നു. പിന്നെ കേട്ടത് വണ്ടി ബാഗ്ലൂരിലേക്ക് പോയ വാര്‍ത്തയാണ്. ഈത്തപ്പഴത്തിന്റെ കുരുവാക്കി സ്വര്‍ണം കടത്തിയെന്നായി അടുത്ത പ്രചാരണം. അതിനൊക്കെ തീര്‍പ്പുണ്ടാക്കിയിട്ട് പോരേ പുതിയ വെളിപ്പെടുത്തല്‍.'' എന്നാണ് കെ.ടി ജലീലിന്റെ ചോദ്യം.
കെ.ി ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
മിസ്റ്റര്‍ കൃഷ്ണരാജ്, രണ്ടു ദിവസമല്ല, ഒരു നിമിഷം പോലും എനിക്ക് ടെന്‍ഷന്‍ അടിക്കേണ്ടി വരില്ല. ഖുര്‍ആനില്‍ സ്വര്‍ണം കടത്തി എന്ന് ആദ്യം പറഞ്ഞു. ഖുര്‍ആന്റെ തൂക്കം പറഞ്ഞ് കുറേ കഥകള്‍ വേറെ മെനഞ്ഞു. ഖുര്‍ആന്‍ കയറ്റിയ വണ്ടിയുടെ ജി.പി.എസ് കേടുവന്നു എന്നും പറഞ്ഞ് കുറേ നടന്നു. പിന്നെ കേട്ടത് വണ്ടി ബാഗ്ലൂരിലേക്ക് പോയ വാര്‍ത്തയാണ്. ഈത്തപ്പഴത്തിന്റെ കുരുവാക്കി സ്വര്‍ണം കടത്തിയെന്നായി അടുത്ത പ്രചരണം. അതിനൊക്കെ തീര്‍പ്പുണ്ടാക്കിയിട്ട് പോരേ പുതിയ വെളിപ്പെടുത്തല്‍.
അഡ്വ: കൃഷ്ണരാജിനും സംഘികള്‍ക്കും കപ്പം കൊടുത്ത് ജീവിക്കേണ്ട ഗതികേട് കൂരിപ്പറമ്പില്‍ തെക്കുംപാട്ട് കുഞ്ഞിമുഹമ്മദാജിയുടെ മകന്‍ ജലീലിനില്ല.
എന്തും പറഞ്ഞോളൂ. ഏത് ഏജന്‍സികളെയും അന്വേഷണത്തിന് വിളിച്ചോളൂ. സൂര്യന്‍ കിഴക്കുദിക്കുന്നെടത്തോളം എനിക്കെന്ത് ടെന്‍ഷന്‍ കൃഷ്ണരാജ്.
മിസ്റ്റര്‍ കൃഷ്ണരാജ്, ഇലക്ട്രോണിക് യുഗമാണിത്. തെറ്റ് ചെയ്യാത്തവര്‍ക്ക് ലവലേശം ഭയപ്പാടിന്റെ കാര്യമില്ല. ഒരു അണുമണിത്തൂക്കം എന്തെങ്കിലും ഉണ്ടായിരുന്നെങ്കില്‍ എന്നേ അതെല്ലാം നാട്ടില്‍ പാട്ടാകുമായിരുന്നു. പലരെയും നിങ്ങള്‍ മിണ്ടാട്ടമില്ലാത്തവരാക്കിയത് ഇത്തരം ഓലപ്പാമ്പുകള്‍ കാട്ടിയാണ്.
മിസ്റ്റര്‍ കൃഷ്ണരാജ്. എനിക്ക് സംരക്ഷിക്കാന്‍ കോടികളുടെ ആസ്തി ഇല്ല. എന്റെ കയ്യില്‍ നികുതി കൊടുക്കാത്ത ഒരു രൂപയുടെ സമ്പാദ്യവുമില്ല. കണക്കില്‍ പെടാത്ത ഒരു നയാപൈസ ഞാനെവിടെയും നിക്ഷേപിച്ചിട്ടുമില്ല. പിന്നെ ഞാന്‍ എന്തിന് ടെന്‍ഷന്‍ അടിക്കണം?
മിസ്റ്റര്‍ കൃഷ്ണരാജ്, ഞാനും കാത്തിരിക്കുന്നു. പലരെയും പോലെ. ആ തമാശ കേള്‍ക്കാന്‍. ബാക്കി തമാശക്ക് ശേഷം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."