ന്യൂനപക്ഷ വിദ്യാര്‍ഥി സ്‌കോളര്‍ഷിപ്പിനും തടയിടാന്‍ കേന്ദ്രം; 60% ത്തിലേറെ അപേക്ഷകളില്‍ തടസ്സവാദം, 'പ്രശ്‌നങ്ങള്‍' തീരാന്‍ അധികാരികള്‍ കനിയണം
ന്യൂനപക്ഷ വിദ്യാര്‍ഥി സ്‌കോളര്‍ഷിപ്പിനും തടയിടാന്‍ കേന്ദ്രം
ന്യൂഡല്‍ഹി: ന്യൂനപക്ഷ വിദ്യാര്‍ത്ഥി സ്‌കോളര്‍ഷിപ്പിന്റെ ചിറകരിയാനുള്ള നീക്കവുമായി കേന്ദ്രം. ലഭിച്ച സ്‌കോളര്‍ഷിപ്പ് അപേക്ഷകളില്‍ അറുപത് ശതമാനത്തിലേറെ അപേക്ഷകള്‍ക്ക് പലവിധത്തിലുള്ള തടസ്സവാദങ്ങള്‍ ഉന്നയിച്ചിരിക്കുകയാണ് കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രാലയം. ന്യൂനപക്ഷ വിദ്യാര്‍ഥികളുടെ 11.65 ലക്ഷം സ്‌കോളര്‍ഷിപ് അപേക്ഷകളിലാണ് തടസ്സവാദം ഉന്നയിക്കുന്നത്.
പ്രീമെട്രിക് സ്‌കോളര്‍ഷിപ് പദ്ധതി, പോസ്റ്റ് മെട്രിക് സ്‌കോളര്‍ഷിപ് പദ്ധതി, പ്രഫഷനല്‍സാങ്കേതിക കോഴ്‌സുകള്‍ക്കുള്ള മെറിറ്റ് കം മീന്‍സ് സ്‌കോളര്‍ഷിപ്, ബീഗം ഹസ്‌റത് മഹല്‍ ദേശീയ സ്‌കോളര്‍ഷിപ് എന്നിങ്ങനെ നാലു സ്‌കോളര്‍ഷിപ്പിലാണ് പുനഃപരിശോധനയുടെ ഭീഷണി. ഈ നാലു സ്‌കോളര്‍ഷിപ്പുകള്‍ക്കായി 2022-23 അക്കാദമിക വര്‍ഷം മൊത്തം ലഭിച്ചത് 18.18 ലക്ഷം അപേക്ഷകളാണ്. ഇതില്‍ പകുതിയിലേറെ അപേക്ഷകള്‍ക്കാണ് കേന്ദ്രം തടയിടുന്നത്.
കേന്ദ്ര സര്‍ക്കാര്‍ ഏജന്‍സികള്‍ ഈ വര്‍ഷം ജനുവരിയില്‍ അംഗീകാരം നല്‍കിയ അപേക്ഷകളിലാണ് മന്ത്രാലയം മാര്‍ച്ച് മാസത്തില്‍ തടസ്സം ഉന്നയിച്ചത്. മൊത്തം അപേക്ഷകളില്‍ 38.30 ശതമാനം മാത്രമാണ് മന്ത്രാലയത്തിന്റെ അംഗീകാരം ലഭിച്ചത്.
ന്യൂനപക്ഷ വിദ്യാര്‍ഥി സ്‌കോളര്‍ഷിപ്പിനും തടയിടാന്‍ കേന്ദ്രം
ലഭിച്ചുകൊണ്ടിരിക്കുന്ന സ്‌കോളര്‍ഷിപ് പുതുക്കാന്‍ നല്‍കിയ അപേക്ഷകള്‍ക്കും ചുവപ്പുകൊടി കാണിച്ചിട്ടുണ്ട്. അപേക്ഷകളിലെ 'പ്രശ്‌നങ്ങള്‍' ബന്ധപ്പെട്ട അധികാരികള്‍ വഴി തീര്‍ത്തില്ലെങ്കില്‍ സ്‌കോളര്‍ഷിപ് മുടങ്ങും. 11 ലക്ഷത്തോളം ന്യൂനപക്ഷ വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസ സ്വപ്നങ്ങള്‍ക്ക് മേല്‍ കരിനിഴല്‍ വീഴ്ത്തുന്നതാണ് കേന്ദ്രത്തിന്റെ ഈ നീക്കം. ഇത് വിദ്യാര്‍ഥികളെയും രക്ഷിതാക്കളെയും ആശങ്കപ്പെടുത്തുകയാണ്. 'നാകി'ന്റെ എ ഗ്രേഡുള്ള മൗലാന ആസാദ് നാഷനല്‍ ഉര്‍ദു സര്‍വകലാശാലക്ക് മന്ത്രാലയത്തിന്റെ സ്‌കോളര്‍ഷിപ്പേയില്ല.
അതേസമയം, ഈ നാലു സ്‌കോളര്‍ഷിപ് പദ്ധതികള്‍ വിലയിരുത്താന്‍ നാഷനല്‍ കൗണ്‍സില്‍ ഓഫ് അപ്ലൈഡ് ഇക്കണോമിക് റിസര്‍ച്ചിനെ ചുമതലപ്പെടുത്തിയതായി ന്യൂനപക്ഷ മന്ത്രാലയം പറയുന്നു. ഈ സ്ഥാപനം നടത്തിയ സര്‍വേയില്‍ ചില വ്യാജ അപേക്ഷകര്‍ ആനുകൂല്യം പറ്റുന്നതായി കണ്ടെത്തിയെന്ന് കേന്ദ്രം വാദിക്കുന്നു. സ്ഥാപനങ്ങള്‍ക്കെതിരെയും കൗണ്‍സില്‍ ഓഫ് അപ്ലൈഡ് ഇക്കണോമിക് റിസര്‍ച്ചിന്റെ പരാമര്‍ശം ഉണ്ട്.
കര്‍ശനമായ വ്യവസ്ഥകള്‍ പാലിച്ചാണ് മിക്ക സംസ്ഥാനങ്ങളും അപേക്ഷകള്‍ പരിഗണിച്ചത്. അപേക്ഷ അംഗീകരിക്കാനുള്ള 44 മാനദണ്ഡങ്ങളില്‍ വിവിധയിടങ്ങളിലെ ന്യൂനപക്ഷ ക്ഷേമ വകുപ്പുകള്‍ കടുത്ത അതൃപ്തിയിലാണ്. കഴിഞ്ഞ മാര്‍ച്ചിലെ അവസാന ആഴ്ചയാണ് അപേക്ഷകളിലെ പ്രശ്‌നങ്ങള്‍ ഉന്നയിക്കപ്പെടുന്നത്. കഴിഞ്ഞവര്‍ഷം നവംബറിലായിരുന്നു അപേക്ഷ നല്‍കാനുള്ള അവസാന തീയതി. കേന്ദ്രത്തിന്റെ നിര്‍ദേശം അനുസരിച്ച് ഏപ്രില്‍ ഒന്നിനകം അപേക്ഷകളിലെ പ്രശ്‌നങ്ങള്‍ തീര്‍ക്കണം. പത്തുദിവസം മാത്രമാണ് ഇതിന് കിട്ടിയത്. പരിശോധനാ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം നാഷനല്‍ ഇന്‍ഫോമാറ്റിക്‌സ് സെന്റര്‍ (എന്‍.ഐ.സി) വിവിധ നടപടികളിലൂടെ വീണ്ടും അപേക്ഷകള്‍ വിലയിരുത്തി പ്രശ്‌നങ്ങള്‍ കണ്ടെത്തിയെന്നാണ് മന്ത്രാലയം അയച്ച കത്തിലുള്ളത്. അവസാന വെരിഫിക്കേഷനുള്ള തീയതിയായിരുന്ന ജനുവരി പത്തിനുമുമ്പ് തന്നെ എന്തുകൊണ്ട് എന്‍.ഐ.സിക്ക് ഇത് പൂര്‍ത്തിയാക്കാനായില്ല എന്ന ചോദ്യവും ഉയരുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."