ഇത് ഗുസ്തി താരങ്ങൾ ജയിക്കേണ്ട സമരം
ലൈംഗികാരോപണ വിധേയനായ റസ്ലിങ് ഫെഡറേഷൻ പ്രസിഡന്റ് ബ്രിജ്ഭൂഷൺ ശരൺസിങ്ങിനെതിരേ നടപടി ആവശ്യപ്പെട്ട് രാജ്യത്തെ പ്രമുഖ ഗുസ്തി താരങ്ങൾ വീണ്ടും ജന്തർമന്ദറിൽ സമരം തുടങ്ങിയിരിക്കുന്നു. ബി.ജെ.പി എം.പി കൂടിയായ ബ്രിജ്ഭൂഷണെതിരേ പീഡനത്തിനിരയായ ഏഴു പെൺകുട്ടികൾ പരാതി നൽകിയിട്ടും ഡൽഹി പൊലിസ് കേസെടുക്കാൻ തയാറായിട്ടില്ല. കേസ് ഇപ്പോൾ സുപ്രിംകോടതിയുടെ പരിഗണനയിലാണ്. ആരോപണം ഗൗരവമുള്ളതാണെന്ന് സുപ്രിംകോടതി അഭിപ്രായപ്പെടുകയും ചെയ്തു. പരാതിക്കാരിലൊരാൾക്ക് പ്രായപൂർത്തിയായിട്ടില്ല. പോക്‌സോ പ്രകാരം ഉടനടി കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്യേണ്ടതാണ്. എന്നിട്ടും എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യണമെങ്കിൽ പ്രാഥമിക അന്വേഷണം വേണമെന്നാണ് ഡൽഹി പൊലിസിന്റെ നിലപാട്. ബ്രിജ്ഭൂഷൺ വെറുമൊരു എം.പിയല്ലെന്നും വമ്പൻമാർ പിന്തുണയ്ക്കാനുണ്ടെന്നും ഇതിൽനിന്ന് വ്യക്തമാണ്.
ലൈംഗികാരോപണം മാത്രമല്ല, താരങ്ങൾ ചൂണ്ടിക്കാട്ടുന്ന വിഷയം. ഫെഡറേഷനിലെ അഴിമതിയും കെടുകാര്യസ്ഥതയുമെല്ലാമാണ്. ഒന്ന് ഒന്നിനോട് ബന്ധപ്പെട്ട് കിടക്കുന്നു. എങ്കിലും വനിതാതാരങ്ങൾക്ക് സെലക്ഷൻ പട്ടികയിൽ ഉൾപ്പെടാൻ ബ്രിജ്ഭൂഷന്റെ കിടപ്പറ സന്ദർശിക്കണമെന്ന സമ്മർദത്തിന് വിധേയമാകേണ്ടി വരുന്നുവെന്നതാണ് പ്രധാന ആരോപണം. ഇത് രണ്ടാമത്തെ തവണയാണ് ഒളിംപിക്‌സ് മെഡൽ ജേതാക്കൾ കൂടിയായ ഗുസ്തി താരങ്ങൾ നീതിക്കുവേണ്ടി തെരുവിലിറങ്ങുന്നത്. ജനുവരിയിൽ ഇതേ ആവശ്യം ഉന്നയിച്ച സമരം സർക്കാർ നൽകിയ ചില ഉറപ്പുകളുടെ അടിസ്ഥാനത്തിൽ അവസാനിപ്പിക്കുകയായിരുന്നു. ബ്രിജ്ഭൂഷണെതിരായ ആരോപണങ്ങൾ അന്വേഷിക്കാൻ ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ ഒരു സമിതിയെ നിയോഗിച്ചു. റസ്ലിങ് ഫെഡറേഷന്റെ പ്രവർത്തനങ്ങൾ മരവിപ്പിച്ചു. എന്നാൽ, അതിനപ്പുറത്തേക്ക് ഒന്നുമുണ്ടായില്ല. സമിതി അന്വേഷണം പൂർത്തിയാക്കിയെങ്കിലും റിപ്പോർട്ട് പുറത്തുവിട്ടില്ല.
ബ്രിജ്ഭൂഷണെതിരേ നടപടിയുമുണ്ടായില്ല. സർക്കാർ ഉറപ്പുകളൊന്നും പാലിക്കാതിരുന്നതോടെയാണ് താരങ്ങൾക്ക് സമരം വീണ്ടും തുടങ്ങേണ്ടിവന്നത്. രാജ്യത്തിന്റെ അഭിമാനം ലോകത്തോളമുയർത്തിയ വിനേഷ് ഫോഗറ്റ്, ബജ്‌റംഗ് പുനിയ, സാക്ഷി മാലിക്, രവി ദാഹിയ അടക്കമുള്ള താരങ്ങൾ ഇപ്പോൾ ഡൽഹിയിലെ കടുത്ത ചൂടിൽ നീതി തേടി തെരുവിലാണ് ഉറങ്ങുന്നത്. താരങ്ങളുടെ ആവശ്യങ്ങൾ ലളിതവും ന്യായവുമാണ്. ബ്രിജ്ഭൂഷൺ ശരൺസിങ്ങിനെതിരേ കേസെടുത്ത് അന്വേഷണം നടത്തുക, ഫെഡറേഷനിലെ അഴിമതി തടയാൻ നടപടിയുണ്ടാകുക, ബോക്‌സിങ് താരം മേരി കോം അധ്യക്ഷയായ അന്വേഷണ സമിതിയുടെ റിപ്പോർട്ട് പുറത്തുവിടുക. എന്താണ് റിപ്പോർട്ടിലുള്ളതെന്ന് അറിയാൻ താരങ്ങൾക്ക് മാത്രമല്ല, രാജ്യത്തിനും അവകാശമുണ്ട്.
സമരം വീണ്ടും തുടങ്ങിയതോടെ സമിതിയുടെ റിപ്പോർട്ടിലെ ചില ഭാഗങ്ങൾ സർക്കാർ പുറത്തുവിട്ടിട്ടുണ്ട്. റസ്ലിങ് ഫെഡറേഷനിൽ ആഭ്യന്തര പരാതി സമിതിയില്ലായ്മ, ഘടനാപരമായ വീഴ്ചകൾ എന്നിവ മാത്രമാണ് അതിലുള്ളത്. ബ്രിജ്ഭൂഷണെതിരായ ലൈംഗിക പീഡന പരാതി സംബന്ധിച്ചൊന്നും പറയുന്നില്ല. റിപ്പോർട്ടിൽ അതുണ്ടോയെന്ന് വ്യക്തവുമല്ല. ആദ്യ രണ്ടുകാര്യങ്ങളിൽ നടപടിയെടുക്കാൻ സർക്കാർ ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ പ്രസിഡന്റ് പി.ടി ഉഷയെ ചുമതലപ്പെടുത്തിയിരിക്കുകയാണ്. ഫെഡറേഷനും കായികതാരങ്ങളും തമ്മിൽ ഫലപ്രദ ആശയവിനിമയം ഉറപ്പാക്കാനുള്ള നടപടികളെടുക്കാനും നിർദേശിച്ചിട്ടുണ്ട്. താരങ്ങളുടെ പ്രധാന ആരോപണങ്ങളിൽ സർക്കാർ ഒളിച്ചുകളിക്കുന്നത് എന്തിനാണ്. ഗൗരവമുള്ളതാണ് ബ്രിജ്ഭൂഷണെതിരായ ലൈംഗികാരോപണങ്ങൾ.
വിദേശ ടൂർണമെന്റുകൾ നടക്കുമ്പോൾ താരങ്ങൾ താമസിക്കുന്ന അതേ ഹോട്ടലിൽ റൂമെടുക്കുന്ന ബ്രിജ്ഭൂഷൻ രാത്രികളിൽ ഹോട്ടൽ മുറിയുടെ വാതിലുകൾ തുറന്നിടുമായിരുന്നുവെന്നാണ് താരങ്ങൾ ആരോപിക്കുന്നത്. 2014ൽ ലഖ്‌നൗവിൽ നടന്ന നാഷനൽ സെലക്ഷൻ ക്യാംപിൽ താൻ നേരിട്ട് കണ്ടതും കേട്ടതുമായ കാര്യങ്ങളെക്കുറിച്ച് ടീമിലെ ഫിസിയോ തെറാപ്പിസ്റ്റായിരുന്ന പരംജീത് മാലിക്കും പറയുന്നുണ്ട്. ക്യാംപിൽനിന്ന് പെൺകുട്ടികളെ രാത്രികളിൽ ബ്രിജ്ഭൂഷന്റെ ഡ്രൈവറും ആളുകളും വന്ന് നിർബന്ധിച്ച് കൂട്ടിക്കൊണ്ടു പോകുന്നത് താൻ കാണാറുണ്ടായിരുന്നുവെന്ന് മാലിക് പറയുന്നു. ബ്രിജ്ഭൂഷണെ രാത്രി ചെന്ന് കാണാൻ തങ്ങളെ സമ്മർദം ചെലുത്തിയതായി മൂന്ന് ജൂനിയർ പെൺകുട്ടികൾ തന്നോട് നേരിട്ടു പറഞ്ഞു. പെൺകുട്ടികൾ അസ്വസ്ഥരായിരുന്നു അന്നത്തെ വനിതാ കോച്ചായിരുന്ന കുൽദീപ് മാലികിനോട് ഇക്കാര്യം പറഞ്ഞെങ്കിലും നടപടിയുണ്ടായില്ല.
എല്ലാവർക്കും പേടിയായിരുന്നു. ഒളിംപിക് അസോസിയേഷൻ സമിതി മുമ്പാകെ രണ്ടുതവണ ഹാജരാകുകയും ഇക്കാര്യം മൊഴി നൽകുകയും ചെയ്തു. മൊഴി നൽകുന്നതിനിടെ ഇടപെട്ടു സംസാരിച്ച സമിതി അംഗങ്ങളിലൊരാൾ ഇതിനെല്ലാം തെളിവുണ്ടോയെന്ന ചോദ്യമാണ് തന്നോട് ചോദിച്ചത്. എന്നാൽ, സമിതി അധ്യക്ഷ മേരികോം ഇടപെട്ടാണ് തുടർന്ന് സംസാരിക്കാൻ തന്നെ അനുവദിച്ചതെന്നും മാലിക്ക് പറയുന്നു.
2014ലെ ഈ ക്യാംപിനെക്കുറിച്ച് നിരവധി പരാതികളാണ് മുതിർന്ന താരങ്ങൾ ഉന്നയിക്കുന്നത്. സെലക്ഷൻ പട്ടികയിൽ ഇടംകിട്ടണമെങ്കിൽ രാത്രികളിൽ ബ്രിജ്ഭൂഷനെ പോയിക്കാണേണ്ട സാഹചര്യമായിരുന്നു. കഴിഞ്ഞ വർഷംവരെ സമാന സംഭവങ്ങൾ നടന്നു. ഡൽഹി ജന്തർമന്ദറിലെ റസ്ലിങ് ഫെഡറേഷൻ ഓഫിസ് കൂടി പ്രവർത്തിക്കുന്ന ബ്രിജ്ഭൂഷന്റെ ഔദ്യോഗിക വസതിയിലേക്കുവരെ പെൺകുട്ടികളെ വിളിച്ചുവരുത്തിയെന്നും താരങ്ങൾ ആരോപിക്കുന്നു. നടന്ന കാര്യങ്ങൾ പുറത്തുപറഞ്ഞാൽ ജീവന് ഭീഷണിയുണ്ടാകുമെന്ന് അവർ ഭയന്നു.
ഹരിയാനയിലെയും പഞ്ചാബിലെയും പാവപ്പെട്ട കുടുംബങ്ങളിൽ ജനിച്ച് ദാരിദ്ര്യത്തോടും പരിമിതികളൊടും പൊരുതിവരുന്നവരാണ് രാജ്യത്തെ ഗുസ്തി താരങ്ങൾ.
രാഷ്ട്രീയ സ്വാധീനമുള്ള വമ്പൻമാരെ അവർക്ക് പേടിയുണ്ട്. ബ്രിജ്ഭൂഷൺ എത്ര ശക്തനാണെങ്കിലും ലക്ഷ്യം നേടുംവരെ സമരം ചെയ്യാനാണ് താരങ്ങളുടെ തീരുമാനം. ഡൽഹിയിലെ ചൂടിൽ തെരുവിൽ ഉറങ്ങേണ്ടിവരുന്നത് നീതിക്കുവേണ്ടി ചെയ്യുന്ന ഏറ്റവും ചെറിയ കാര്യമാണെന്നാണ് വിനേഷ് ഫോഗറ്റ് പറയുന്നത്. ഇത് താരങ്ങൾ വിജയിക്കേണ്ട സമരമാണ്. ന്യായം അവരുടെ പക്ഷത്താണ്. രാജ്യത്തിനുവേണ്ടി ഗോദയിൽ പോരാടി ലോകത്തിന്റെ നെറുകെ നിന്നവർ രാഷ്ട്രീയ സ്വാധീനമില്ലെന്ന ഒറ്റക്കാരണത്താൽ ഒരു ക്രിമിനലിന് മുന്നിൽ തോറ്റുപോകേണ്ടവരല്ല. ഈ താരങ്ങൾ തോൽക്കുന്നില്ലെന്നും സമരം വിജയിക്കുന്നുണ്ടെന്നും രാജ്യത്തെ പൗരസമൂഹം ഉറപ്പുവരുത്തണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."