കൊമ്പിലിരുന്ന് മുരട്മുറിക്കുന്നവരോട്
മൊയ്തീന്‍കുട്ടി ഫൈസി വാക്കോട്
സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സമ്പൂർണമായ ഒരു മതസംവിധാനമാണ്. പരമ്പരാഗതമായി കൈമാറിവന്ന അതിന്റെ ആശയാദർശങ്ങളും ആചാരാനുഷ്ഠാനങ്ങളും മാറ്റമില്ലാതെ നിലനിർത്തുക, വളർത്തുക, പ്രചരിപ്പിക്കുക, പ്രതിലോമ ശക്തികളെ നിയമാനുസൃതം ശക്തമായി എതിർത്ത് പരാജയപ്പെടുത്തുക എന്നിവ സമസ്തയുടെ മുഖ്യ ലക്ഷ്യമാണ്. സമസ്തയുടെ ഭരണഘടന ഉദ്ദേശ്യലക്ഷ്യങ്ങൾ വിവരിക്കാൻ തുടങ്ങുന്നത് ഇങ്ങനെയാണ്: (എ) പരിശുദ്ധ ഇസ്‌ലാം മതത്തിന്റെ വിശ്വാസങ്ങളെയും ആചാരങ്ങളെയും അഹ്‌ലുസ്സുന്നത്തിന്റെ യഥാർഥ വിധിക്കനുസരിച്ച് പ്രബോധനം ചെയ്യുകയുംപ്രചരിപ്പിക്കുകയും ചെയ്യുക. (ബി) അഹ്‌ലുസ്സുന്നത്തി വൽ ജമാഅത്തിന്റെ വിശ്വാസത്തിനും ആചാരത്തിനും എതിരായ പ്രസ്ഥാനങ്ങളേയും പ്രചാരണങ്ങളേയും നിയമാനുസൃതം തടയുകയും അത്തരം അബദ്ധങ്ങളെക്കുറിച്ച് മുസ്‌ലിംകളെ ഉൽബുദ്ധരാക്കുകയും ചെയ്യുക.
1925 -ൽ തുടക്കം കുറിക്കുകയും 1926 -ൽ വരക്കൽ സയ്യിദ് അബ്ദുറഹ്മാൻ ബാ അലവി മുല്ലക്കോയ തങ്ങൾ പ്രസിഡന്റായി സംഘടനാ സംവിധാനത്തിൽ പ്രവർത്തനം തുടങ്ങുകയും ചെയ്ത മഹത്തായ സംവിധാനമാണ് സമസ്ത. സംഘടന നൂറാം വാർഷികാഘോഷം പ്രഖ്യാപിച്ചു കഴിഞ്ഞു. പിന്നിലേക്ക് തിരിഞ്ഞ് നോക്കുമ്പോൾ അതതു കാലത്ത് 'സമസ്ത' സാരഥികൾ ലക്ഷ്യ സാക്ഷാൽക്കാരത്തിനുവേണ്ടി സന്ദർഭത്തിനൊത്ത് ശക്തമായി ഉണർന്നു പ്രവർത്തിച്ചതായി കാണാം. പൊതുസമൂഹം ശക്തമായി പിന്തുണക്കുകയും ചെയ്തിട്ടുണ്ട്. ഇന്ന് സമൂഹത്തിൽ കാണുന്ന മത ചൈതന്യത്തിലും വിദ്യാഭ്യാസ, സാംസ്കാരിക മുന്നേറ്റത്തിലും സമസ്ത ചെലുത്തിയ സ്വാധീനം അനിഷേധ്യമാണ്.
പ്രതിസന്ധികളിലൂടെയാണ് സമസ്ത കടന്നുപോന്നത്. അകത്തുനിന്നും പുറത്തുനിന്നുമുള്ള പ്രശ്നങ്ങളെ അതിന് അതിജീവിക്കേണ്ടി വന്നിട്ടുണ്ട്. സമസ്തക്ക് സമാന്തരമായി രംഗത്തുവന്ന സംഘടനയായിരുന്നു അഖില കേരള ജംഇയ്യത്തുൽ ഉലമ. കേരളത്തിലെ തലയെടുപ്പുള്ള പണ്ഡിതന്മാരായിരുന്നു അതിന്റെ നേതൃനിരയിൽ ഉണ്ടായിരുന്നത്. വലിയ പണ്ഡിത ശിഷ്യസമ്പത്തുള്ളവരായിരുന്നു അവർ. പക്ഷേ, സമസ്തയ്ക്കെതിരേയായിരുന്നു അവരുടെ നീക്കങ്ങൾ. തബ്‌ലീഗ് ജമാഅത്ത് ബിദ്അത്ത് കക്ഷിയാണെന്ന സമസ്തയുടെ പ്രഖ്യാപനമായിരുന്നു അവരെ ചൊടിപ്പിച്ചത്. തബ്‌ലീഗിനെക്കുറിച്ച് പഠിച്ചു റിപ്പോർട്ട് സമർപ്പിക്കാൻ അഖില കേരള ജംഇയ്യത്തുൽ ഉലമയും ഒരു ഉപസമിതിയെ നിശ്ചയിച്ചു. സമസ്ത പ്രഖ്യാപിച്ചത് ശരിയാണെന്നാണ് അവരും കണ്ടെത്തിയത്. അത് പ്രഖ്യാപിക്കും മുമ്പ് 'അഖില കേരള' നാമാവശേഷമായി.
ലൗഡ് സ്പീക്കറിലൂടെയുള്ള ജുമുഅ ഖുതുബ സംബന്ധിച്ച 'മസ്അല'(മതവിധി) പ്രശ്നമാണ് സമസ്തക്ക് സമാന്തരമായി രൂപീകരിച്ച 'സംസ്ഥാന'യുടെ പ്രധാന ഉത്ഭവ കാരണം. അതിന്റെ വളർച്ചയ്ക്കും മുരടിപ്പിനുമെല്ലാം സമൂഹം സാക്ഷിയാണ്. നൂരിഷ, ആലുവ തുടങ്ങിയവ പിഴച്ച ത്വരീഖത്തുകളാണെന്ന് 'സമസ്ത' പ്രഖ്യാപിക്കുമ്പോൾ ആ ത്വരീഖത്തുകാർ നിറഞ്ഞാടുകയായിരുന്നു. സമസ്തയിലെ ചില പണ്ഡിതരും ഒട്ടേറെ പ്രവർത്തകരും അവയോടൊപ്പം ഉണ്ടായിരുന്നു. പിന്നെ എന്ത് സംഭവിച്ചു?
സമസ്തയിൽനിന്ന് തഴച്ചുവളരുകയും സ്വന്തം അസ്തിത്വം ഉണ്ടാക്കുകയും ചെയ്ത കാന്തപുരം എ.പി പിന്നെ അനുയായികളെയും കൊണ്ട് വേറിട്ടുപോവുകയും സമസ്തക്കെതിരേ കേസ് കൊടുക്കുകയും ചെയ്തു. അന്നൊക്കെ സമസ്ത നേരിടേണ്ടിവന്ന പ്രശ്നങ്ങൾ സങ്കീർണവും അതി ഗുരുതരവുമായിരുന്നു. ഇത്തരം പ്രതിസന്ധികളെ അതിജീവിച്ചാണ് സമസ്ത ഇന്നത്തെ നിലയിലെത്തിയത്. ഗതകാല പ്രതിസന്ധികളെ അപേക്ഷിച്ച് സമസ്ത ഇന്ന് അഭിമുഖീകരിക്കുന്ന പ്രശ്നം അതീവ ഗുരുതരമാണെന്ന് തോന്നുന്നില്ല.
സമസ്തയിൽ നിന്ന് വേറിട്ട് പോവുന്നവർക്കൊക്കെ നിലപാടുകളിൽ ചില സാമ്യതകൾ കാണുന്നുണ്ട്. 'സമസ്തക്ക് കുഴപ്പമില്ല. അതിലെ വ്യക്തികൾക്കാണ് കുഴപ്പം. അവരാണ് സമസ്തയെ നിയന്ത്രിക്കുന്നത്'. ചിലരുടെ പക്ഷം ഇങ്ങനെ! നിശ്ചിത കാലയളവുവരേയുള്ള സമസ്ത ശരി. അതിനുശേഷമുള്ളത് അംഗീകരിക്കില്ല. സ്വാർഥതാൽപര്യ സംരക്ഷണത്തിന് ഇത്തരം നിലപാടെടുക്കലല്ലാതെ നിർവാഹമില്ലല്ലോ. 'സംസ്ഥാന' രൂപീകരിച്ചവർ നിലവിലുള്ള സമസ്തയെ ആധുനിക സമസ്തയെന്നു പറഞ്ഞാക്ഷേപിക്കുകയാണ് ചെയ്തത്. ആശയാദർശങ്ങളിലോ പൂർവികരുടെ നിലപാടുകളിലോ 'സമസ്ത' ഒരു മാറ്റവും വരുത്തിയതുകൊണ്ടല്ല ഈ ആക്ഷേപം. തങ്ങളുടെ വളഞ്ഞ അസ്തിത്വം നിലനിർത്താനുള്ള കുതന്ത്രങ്ങൾക്ക് കൂട്ടുനിൽക്കാത്തതിനാലാണ്.
സമസ്തയുടെ പ്രസിഡന്റായിരുന്ന 'കണ്ണിയത്ത് ഉസ്താദിന് അത്തും പിത്തുമാണ്. ഉപ്പുചാക്കുപോലെ അദ്ദേഹത്തെയും ചുമന്ന് നടക്കുകയാണ്'. അതായത് കണ്ണിയത്ത് ഉസ്താദിന് വാർദ്ധക്യം ബാധിച്ചിരിക്കുന്നു. ബുദ്ധിക്ക് സ്ഥിരതയില്ല. അതുകൊണ്ട് അദ്ദേഹത്തിന്റെ പ്രഖ്യാപനങ്ങളോ തീരുമാനങ്ങളോ വിശ്വസിക്കാൻ കൊള്ളില്ല. 'സമസ്ത സെക്രട്ടറി ശംസുൽ ഉലമയുടെ സുന്നിസത്തിന്റെ ശതമാനം കുറഞ്ഞിരിക്കുന്നു. സുന്നികൾക്ക് അദ്ദേഹത്തെ അംഗീകരിക്കാൻ പറ്റില്ല'. ഇങ്ങനെയൊക്കെയാണ് സമസ്തയുടെ പ്രസിഡന്റിനെക്കുറിച്ചും ജനറൽ സെക്രട്ടറിയെക്കുറിച്ചും കാന്തപുരം വിഭാഗം സമസ്തയുടെ പടിക്കു പുറത്താവുമ്പോൾ നിലപാടെടുത്തത്. ഇപ്പോൾ സി.ഐ.സി സെക്രട്ടറിയുടെ പ്രസ്താവനയും ഇതിനോട് ചേർത്തുവായിക്കുക: 'സമസ്തയെ ഞങ്ങൾ അംഗീകരിക്കുന്നു. അതിലെ ചില വ്യക്തികൾ കൊള്ളാവുന്നവരല്ല. അവരാണ് സമസ്തയുടെ കാര്യം തീരുമാനിക്കുന്നത്. അതുകൊണ്ട് സമസ്തയുടെ തീരുമാനം ഞങ്ങൾക്ക് അംഗീകരിക്കാൻ പറ്റില്ല'. അനുയായികളും ഇതേറ്റു ചൊല്ലി പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നു. ചിലർ നിലപാടെടുത്തത് ഇങ്ങനെയാണ്: 'ചെറുശ്ശേരി ഉസ്താദ് വരെയുള്ള സമസ്തയെ മാത്രമേ ഞങ്ങൾ അംഗീകരിക്കുകയുള്ളൂ. ശേഷമുള്ള സമസ്തയെ അംഗീകരിക്കുകയില്ല'. ഇപ്പറയുന്നവരൊക്കെ സമസ്തയുടെ തണലിലാണ് വളർന്നത്. ഇന്ന് നിലനിൽക്കുന്നതും എന്ന കാര്യം ഇവർ വിസ്മരിക്കുന്നു. സമസ്ത നേരിട്ടു നടത്തുന്നതുമാത്രമല്ല സമസ്തയുടെ സ്ഥാപനങ്ങൾ, ജില്ലാ, താലൂക്ക് കമ്മിറ്റികളും കീഴ്ഘടകങ്ങളായ വിദ്യാഭ്യാസ ബോർഡും സുന്നി മഹല്ല് ഫെഡറേഷനും സുന്നി യുവജന സംഘവും എസ്.കെ.എസ്.എസ്.എഫും അവയുടെ കീഴ്ഘടകങ്ങളും നടത്തുന്ന സ്ഥാപനങ്ങളും സംവിധാനങ്ങളുമൊക്കെ സമസ്തയുടേതാണ്. അല്ലെന്ന് തോന്നുന്നുണ്ടെങ്കിൽ അത് യാഥാർഥ്യവിരുദ്ധവും സങ്കുചിത മനോഭാവവുമാണ്. സമസ്തയെന്ന മഹാവൃക്ഷത്തിന്റെ ശിഖരങ്ങളാണവയൊക്കെ. ശിഖരത്തിലിരിക്കുന്നവർ മുരടിനെ വിസ്മരിക്കുന്നതും തള്ളിപ്പറയുന്നതും ക്ഷന്തവ്യമല്ലല്ലൊ.
സമസ്ത വ്യക്തിയല്ല, വ്യക്തികൾ കൂടിച്ചേർന്ന മത കൂട്ടായ്മയാണ്. നാൽപ്പത് പണ്ഡിതന്മാർ ഉൾക്കൊള്ളുന്ന മുശാവറയാണ് അതിന്റെ പരമാധികാരി. മുശാവറ യോഗം ചേർന്ന് വിശദമായി ചർച്ച ചെയ്താണ് എന്തു തീരുമാനവുമെടുക്കുന്നത്. മുശാവറയിലെ ചർച്ചകൊണ്ടുമാത്രം മതിയാകാത്ത പ്രശ്നമാണെങ്കിൽ വിശദമായി പഠിച്ചു റിപ്പോർട്ട് സമർപ്പിക്കാൻ സമിതിയെ നിശ്ചയിക്കും. പഠന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വീണ്ടും ചർച്ച നടത്തി തീരുമാനമെടുക്കും. അത്തരം തീരുമാനങ്ങൾ പിൽക്കാലം ശരിവയ്ക്കുന്നതാണ് സമസ്തയുടെ ചരിത്രം. തബ്‌ലീഗ് ജമാഅത്ത്, വിവിധ പിഴച്ച ത്വരീഖത്തുകൾ ഉദാഹരണം. സി.ഐ.സിയുമായി ബന്ധപ്പെട്ട തീരുമാനമെടുക്കുമ്പോഴും ഇതുതന്നെയാണ് നിലപാടുണ്ടായത്. നീണ്ട ചർച്ചക്കും ആലോചനക്കും ശേഷമാണ് തദ്‌വിഷയമായി സമസ്ത തീരുമാനമെടുത്തത്.
സി.ഐ.സി പ്രശ്ന കാലത്തുതന്നെയാണ് വാഫി, ഹുദവി പ്രശ്നവും സമസ്തയുടെ മുമ്പിലെത്തുന്നത്. കേൾക്കേണ്ടവരെയൊക്കെ കേൾക്കുക, വസ്തുനിഷ്ഠമായി പ്രശ്നങ്ങൾ പഠിക്കുക എന്ന നിലപാടാണ് സമസ്ത എന്നും സ്വീകരിച്ചുവന്നിട്ടുള്ളത്. ഇതിലും സമസ്ത സ്വീകരിച്ചത് സമാന നിലപാടാണ്. സംഭവമിതാണ്:
സമസ്തയേയും അതിന്റെ പ്രസിഡന്റ് ജിഫ്‌രി മുത്തുക്കോയ തങ്ങൾ, ജനറൽ സെക്രട്ടറി ആലിക്കുട്ടി മുസ്‌ലിയാർ തുടങ്ങിയ നേതാക്കളേയും സഭ്യമല്ലാത്ത രീതിയിൽ വിമർശിക്കുകയും ഇകഴ്ത്തിക്കാണിക്കുകയും ചെയ്ത് ചില വാഫികളുടേയും ഹുദവികളുടേയും കുറിപ്പുകൾ സോഷ്യൽ മീഡിയകളിൽ പ്രചരിപ്പിക്കാൻ തുടങ്ങി. അതുപോലെ ബിദഇകളുമായുള്ള സമീപനത്തിൽ പതിറ്റാണ്ടുകൾക്കു മുമ്പ് സമസ്തയെടുത്ത തീരുമാനങ്ങൾക്കും നാളിതുവരെ സമസ്ത തുടർന്നുവന്ന കീഴ്‌വഴക്കങ്ങൾക്കും സമീപനങ്ങൾക്കും വിരുദ്ധമായ നീക്കങ്ങൾ ചില സ്ഥാപന അധികൃതരിൽനിന്നും അവരുടെ ചില പൂർവ വിദ്യാർഥികളിൽനിന്നും അനുഭവപ്പെട്ടു. സ്വാഭാവികമായും ഇത് സമസ്തയുടെ അഭ്യുദയകാംക്ഷികളായ സുന്നി പ്രവർത്തകർക്കിടയിൽ വലിയ വിഷമമുണ്ടാക്കി. സമസ്തയുടെ കീഴ്ഘടകങ്ങളായ എസ്.വൈ.എസ്, എസ്.കെ.എസ്.എസ്.എഫ് സംഘടനാ തലങ്ങളിൽ ചൂടുപിടിച്ച ചർച്ചക്കു കാരണമായി. പ്രശ്നപരിഹാരത്തിന് പരമോന്നത സഭയായ മുശാവറയെ സമീപിക്കാൻ തീരുമാനിച്ചു. രണ്ടു സംഘടനകളും സംയുക്തമായി തെളിവു സഹിതം മുശാവറക്ക് കത്ത് നൽകി.
25-8-2021 നു ചേർന്ന മുശാവറ യോഗം കത്ത് ചർച്ചക്കെടുത്തു. പരാതി സംബന്ധിച്ച് അന്വേഷണം നടത്തിയും പരിശോധിച്ചും റിപ്പോർട്ടു സമർപ്പിക്കാൻ ഏഴംഗ സമിതിയെ നിശ്ചയിച്ചു. 30- 8- 2021ന് വെളിമുക്ക് ക്രസന്റ് ബോർഡിങ് മദ്റസയിൽ വെച്ചാണ് പ്രഥമ മീറ്റിങ് നടന്നത്. എസ്.വൈ.എസ്(4 -പ്രതിനിധികൾ), എസ്.കെ.എസ്.എസ്.എഫ്(3), സി.ഐ.സി(5), ദാറുൽ ഹുദാ (3) എന്നിവരെയാണ് യോഗത്തിലേക്ക് വിളിച്ചിരുന്നത്. മുശാവറക്കു കത്ത് നൽകിയ എസ്.വൈ.എസ്, എസ്.കെ.എസ്.എസ്.എഫ് പ്രതിനിധികളുമായി ആദ്യം ചർച്ച നടത്തി. പിന്നെ സി.ഐ.സി പ്രതിനിധികളുമായും. നേരം വളരെ വൈകിയതുകൊണ്ട് ദാറുൽ ഹുദ പ്രതിനിധികളുമായുള്ള ചർച്ച മറ്റൊരു ദിവസത്തേക്കു മാറ്റി.
15 - 9 - 21 നു കോഴിക്കോട്ട് സമസ്ത കാര്യാലയത്തിൽവച്ചാണ് ദാറുൽ ഹുദാ പ്രതിനിധികളുമായി ചർച്ച നടന്നത്. ഇതിൻ്റെ തുടർച്ചയായി 27-9 -21ന് 11 മണിക്ക് കോഴിക്കോട് വീണ്ടും യോഗം ചേരാനും അന്നേ ദിവസം ആരോപണവിധേയരായ വാഫികളെയും ഹുദവികളെയും വിളിച്ചുവരുത്തി വിശദീകരണം തേടാനും നിശ്ചയിച്ചു. പക്ഷേ 27 നു ഭാരത് ബന്ദ് പ്രഖ്യാപിച്ചതുകാരണം അടുത്ത സിറ്റിങ് 2-10-21 ലേക്ക് മാറ്റി. ഇൗ ദിവസം രാവിലെ 10 മണിക്ക് കോഴിക്കോട് സമസ്ത കാര്യാലയത്തിൽ നടന്ന സിറ്റിങ്ങിൽ മുശാവറ സമിതി അംഗങ്ങൾക്കു പുറമെ ഹാദിയ, ഹുദവി പ്രതിനിധികൾ(10) പങ്കെടുത്തു. വാഫി പ്രതിനിധികളാരും എത്തിയിരുന്നില്ല. ഈ മൂന്നു സിറ്റിങ്ങുകൾക്കു പുറമെ അതുവരെ നടന്ന ചർച്ചകൾ അവലോകനം ചെയ്യാനും റിപ്പോർട്ടു തയാറാക്കാനുമായി മുശാവറ സമിതി 1- 11 - 21നും 7-11-21നുമായി രണ്ടു സിറ്റിങ്ങുകൾ നടത്തിയിട്ടുണ്ട്.
(അവസാന ഭാഗം നാളെ)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."