യോഗേശ്വര്‍ യോഗ്യതാ റൗണ്ടില്‍ പുറത്ത്
റിയോ ഡി ജനീറോ: ഒളിംപിക്സിലെ അവസാന ദിനവും ഇന്ത്യക്ക് മെഡല്‍ നില ഉയര്‍ത്താനായില്ല. 65 കിലോ ഫ്രീസ്റ്റൈല്‍ ഗുസ്തിയില്‍ ലണ്ടന്‍ ഒളിംപിക്സിലെ വെങ്കല മെഡല്‍ ജേതാവ് യോഗേശ്വര്‍ ദത്ത് ആദ്യ റൗണ്ടില്‍ പുറത്തായതാണ് ഇന്ത്യയെ അവസാന ദിനം ഞെട്ടിച്ചത്. മംഗോളിയയുടെ ഗാന്‍സോറിജിന്‍ മന്ദാക്നാരനോടാണ് യോഗേശ്വര്‍ പരാജയപ്പെട്ടത്. സ്കോര്‍ 0-3.
അവസാന ദിനം ഇന്ത്യ മെഡല്‍ നേടുമെന്ന് ഉറപ്പിച്ച താരമായിരുന്നു യോഗേശ്വര്‍. എന്നാല്‍ മംഗോളിയന്‍ താരം മികച്ച രീതിയിലാണ് കളി ആരംഭിച്ചത്. വേഗതയോടെ മത്സരിച്ച മന്ദാക്നാരന് യോഗേശ്വറിനെ സമ്മര്‍ദത്തിലേക്ക് തള്ളിയിട്ടു.
ഇതോടൊപ്പം നീക്കങ്ങളിലെ വേഗക്കുറവും യോഗേശ്വറിന് തിരിച്ചടിയായി. മികച്ച പ്രതിരോധവും ആക്രമണവും സമന്വയിപ്പിച്ച മന്ദാക്നാരന് അനായാസമാണ് പോയിന്റുകള്‍ സ്വന്തമാക്കി. നേരത്തെ പരുക്കു മൂലം കളിക്കളത്തില്‍ നിന്ന് വിട്ടു നിന്ന് യോഗേശ്വര്‍ മാര്‍ച്ചിലാണ് ഒളിംപിക് യോഗ്യത സ്വന്തമാക്കിയത്. ചില താരങ്ങള്‍ അദ്ദേഹത്തിന്റെ ഫിറ്റ്നെസില് ആശങ്കയറിക്കുകയും ചെയ്തിരുന്നു.
അതേസമയം മന്ദാക്നാരന് ഫൈനലിലെത്തിയാല്‍ റെപഷാഗെയില് മത്സരിക്കാന്‍ യോഗേശ്വറിന് യോഗ്യത ലഭിക്കുമായിരുന്നു. എന്നാല്‍ ക്വാര്‍ട്ടറില്‍ റഷ്യയുടെ സോസ്ലന് റമെനോവിനോട് മന്ദാക്നാരന് പരാജയപ്പെട്ടതോടെ യോഗേശ്വറിന്റെ പ്രതീക്ഷകള്‍ അസ്തമിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."