HOME
DETAILS

പാർലമെന്ററി ജനാധിപത്യത്തിൽ ഇന്ത്യൻ മുസ്‌ലിംകൾ

  
backup
June 12 2022 | 19:06 PM

indian-muslims-in-parliamentary-democracy-2022

എൻ.കെ ഭൂപേഷ്


ഇന്ത്യയുടെ വിദേശകാര്യ വകുപ്പിന് പിടിപ്പത് പണിയുള്ള ദിവസങ്ങളാണ് കടന്നുപോകുന്നത്. ഇന്ത്യയുമായി ഏറ്റവും നല്ല ബന്ധം നിലനിർത്തിയിരുന്ന യു.എ.ഇ പോലുള്ള രാജ്യങ്ങൾ പോലും ബി.ജെ.പി നേതാക്കൾ നടത്തിയ പ്രവാചകനിന്ദയ്‌ക്കെതിരേ വലിയ പ്രതിഷേധമാണ് നടത്തിയത്. പ്രതിഷേധം തണുപ്പിക്കാനുള്ള കേന്ദ്രസർക്കാരിന്റെ നീക്കങ്ങൾ ഇതുവരെ കാര്യമായി വിജയിച്ചിട്ടില്ല.
വിദേശ രാജ്യങ്ങളിൽ പോകുമ്പോഴൊക്കെ ഇന്ത്യയുടേത് ബഹുസ്വരതയുടെ സംസ്‌ക്കാരമാണെന്നും മറ്റും പറയുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പാർട്ടിക്ക് സമ്മർദത്തെ തുടർന്ന് വിദ്വേഷ പ്രസംഗം നടത്തിയവർക്കെതിരേ നടപടിയെടുക്കേണ്ടിവന്നെങ്കിലും മറ്റു പല നേതാക്കളും വിവിധ രീതിയിൽ മുസ്‌ലിം വിദ്വേഷം തുടരുകയാണ്. ഉത്തർപ്രദേശിൽ വിദ്വേഷ പരാമർശങ്ങൾക്കെതിരേ പ്രതിഷേധിച്ചതിനു യോഗി ആദിത്യനാഥിന്റെ സർക്കാർ പൊലിസ് നടപടിയും ശക്തമാക്കിയിട്ടുണ്ട്. പ്രതിഷേധിച്ചവരുടെ വീടുകൾ തിരഞ്ഞുപിടിച്ച് ബുൾഡോസർ ഉപയോഗിച്ച് തകർക്കുകയാണെന്ന റിപ്പോർട്ടുകൾ പോലും പുറത്തുവന്നുകൊണ്ടിരിക്കുന്നു. ഇതും ഒരു അവസരമെന്ന മട്ടിലാണ് ഇപ്പോൾ ഉത്തർപ്രദേശിലെ ബി.ജെ.പി സർക്കാർ പെരുമാറുന്നത്. ഉത്തരേന്ത്യയിലെ പല സംസ്ഥാനങ്ങളിലും വർഗീയ കലാപമുണ്ടാക്കാനുള്ള ശ്രമങ്ങൾ ഹിന്ദുത്വവാദികളും അവരെ അനുകൂലിക്കുന്ന വിവിധങ്ങളായ സംഘടനകളും നടത്തുന്നുവെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. പ്രശസ്ത ഡോക്യുമെന്ററി സംവിധായകനായ ആനന്ദ് പട്‌വർധൻ പറഞ്ഞത് ശ്രദ്ധേയമാണ്. ഒരു വർഗീയ കലാപമാണ് ബി.ജെ.പിക്ക് ആവശ്യം. അതിനു സാഹചര്യമൊരുക്കരുത് എന്നായിരുന്നു അദ്ദേഹത്തിന്റെ സാമൂഹ്യമാധ്യമങ്ങളിലെ പോസ്റ്റ്. പല സ്ഥലങ്ങളിലും വലിയ സംഘർഷത്തിലേക്ക് കാര്യങ്ങൾ എത്തിയിട്ടുണ്ട്. ഇത്രയൊക്കെ സംഭവിച്ചിട്ടും ഇതൊരു മുസ്‌ലിം വിഷയം എന്ന മട്ടിലല്ലാതെയുള്ള പ്രതികരണങ്ങൾ മുഖ്യധാര രാഷ്ട്രീയപ്പാർട്ടികൾക്ക് നടത്താൻ കഴിയുന്നുണ്ടോ എന്നത് മറ്റൊരു പ്രശ്‌നം.


എന്തായാലും രാജ്യത്തിനകത്ത് മുസ്‌ലിം വിരുദ്ധതയുടെ മാത്രം അടിസ്ഥാനത്തിൽ രാഷ്ട്രീയപ്രവർത്തനം നടത്തിയിട്ടും ഉണ്ടാകാത്ത പ്രതികരണം അന്താരാഷ്ട്രതലത്തിൽ ഇപ്പോൾ ഉണ്ടായത് ബി.ജെ.പിയെ ഞെട്ടിച്ചിട്ടുണ്ട്. എന്നാൽ അതുകൊണ്ട് പതിറ്റാണ്ടുകളായി തുടരുന്ന മുസ്‌ലിം വിരുദ്ധതയിൽ അടിസ്ഥാനപ്പെടുത്തിയ രാഷ്ട്രീയം ബി.ജെ.പി കൈയൊഴിയുമെന്ന് കരുതുന്നത് അസംബന്ധമാകും. കാരണം ആ രാഷ്ട്രീയപ്പാർട്ടിയുടെ പ്രത്യയശാസ്ത്ര അടിത്തറ മുസ്‌ലിംവിരുദ്ധത കൂടിയാണ്.


ഇതേസമയം തന്നെയാണ് രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽനിന്ന് രാജ്യസഭയിലേക്ക് തെരഞ്ഞെടുപ്പ് നടന്നത്. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ പാർട്ടിയെന്നാണ് ബി.ജെ.പി ഇപ്പോൾ സ്വയം അവകാശപ്പെടുന്നത്. ഒരു ജനാധിപത്യവുമില്ലാതെ തീർത്തും സൈനിക രൂപത്തിൽ പ്രവർത്തിക്കുന്ന ആർ.എസ്.എസിന്റെ നിയന്ത്രണത്തിൽ കഴിയുന്ന രാഷ്ട്രീയപ്രസ്ഥാനം എങ്ങനെ ജനാധിപത്യ പാർട്ടിയാകുമെന്നത് മറ്റൊരു ചോദ്യം. അതെന്തായാലും ആ ജനാധിപത്യ പാർട്ടിയിൽ ഇപ്പോൾ മുസ്‌ലിം കളായ സാമാജികരായി ആരും ഇല്ല. രാജ്യത്തെ ജനസംഖ്യയിൽ 15 ശതമാനത്തോളം മുസ്‌ലിംകളാണ് - 20 കോടിയിലേറെ. എന്നാൽ ലോക്‌സഭയിൽ 301 എം.പിമാരുള്ള, രാജ്യസഭയിൽ 95 അംഗങ്ങളുള്ള രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽനിന്നായി 1379 എം.എൽ.എ മാരുള്ള പാർട്ടിയാണ് ബി.ജെ.പി. നേതാക്കൾ ഇപ്പോഴും സബ് കാ സാഥ്, സബ് കാ വികാസ് എന്നൊക്കെ പറയാറുമുണ്ട്. എന്നാൽ ഇത്രയും ജനപ്രതിനിധികളിൽ ഒരു മുസ്‌ലിം പോലും വേണ്ടെന്ന് തീരുമാനിച്ച പാർട്ടിയാണ് ബി.ജെ.പി. ജനാധിപത്യ സംവിധാനത്തിൽനിന്ന് ഒരു സമുദായത്തെ പൂർണമായി അകറ്റിനിർത്താൻ ബോധപൂർവം രാഷ്ട്രീയതീരുമാനമെടുത്ത പാർട്ടിയുടെ ഔദ്യോഗിക വക്താക്കൾ പ്രവാചകനെതിരേ പറഞ്ഞ കാര്യങ്ങൾ ഈ പശ്ചാത്തലത്തിൽ കൂടി വേണം കാണാൻ. അല്ലാതെ അത് നുപൂർ ശർമയുടെ നാക്കുപിഴ മാത്രമല്ല. മുസ്‌ലിം അപരവൽക്കരണമാണ് ബി.ജെ.പിയുടെ രാഷ്ട്രീയ പരിപാടിയുടെ മുഖ്യ അജൻഡ.ഇന്ത്യയിലെ ഏറ്റവും ശക്തമായ രാഷ്ട്രീയപ്പാർട്ടിയുടെ സമാജികരിൽ ഒരു മുസ്‌ലിം പോലും ഇല്ലെന്നത് രാജ്യത്തെ ജനാധിപത്യ പ്രക്രിയയുടെ പരിമിതിയായി തന്നെയാണ് മനസ്സിലാക്കപ്പെടേണ്ടത്.


അടുത്ത മാസം രാഷ്ട്രപതി തെരഞ്ഞെടുപ്പ് നടക്കുകയാണ്. ജൂലൈ 18ന് രാജ്യത്തെ പതിനഞ്ചാമത്തെ രാഷ്ട്രപതിയെ തെരഞ്ഞെടുക്കാൻ വോട്ടെടുപ്പ് നടക്കും. ലോക്‌സഭയിലെയും രാജ്യസഭയിലെയും തെരഞ്ഞടുക്കപ്പെട്ട എം.പിമാരും സംസ്ഥാന നിയമസഭകളിലെ എം.എൽ.എമാരും (നാമനിർദേശം ചെയ്തവർ ഒഴികെ) ഉൾപ്പെടുന്ന ഇലക്ടറൽ കോളജാണ് രാഷ്ട്രപതിയെ തെരഞ്ഞെടുക്കുക. ഓരോ നിയമസഭയിലെയും അംഗങ്ങൾക്ക് അതത് സംസ്ഥാനത്തെ ജനസംഖ്യയുടെ അടിസ്ഥാനത്തിൽ വോട്ടിന് മൂല്യവും നൽകിയിരിക്കുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഉത്തർപ്രദേശിൽനിന്നുള്ള എം.എൽ.എയുടെ വോട്ടിന്റെ മൂല്യം 208 ആണ്. ഇതാണ് സംസ്ഥാന നിയമസഭകളിലെ വോട്ട് മൂല്യത്തിൽ മുന്നിൽ. ലോക്‌സഭ-രാജ്യസഭ എം.പിമാരുടെ വോട്ടിന്റെ മൂല്യം 700 ആണ്. ഇത്രയും പറഞ്ഞത് ഇന്ത്യയിലെ ഏറ്റവും വലിയ രാഷ്ട്രീയപ്പാർട്ടിയുടെ മുസ്‌ലിം വിരുദ്ധത കാരണം, രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ എത്രമാത്രം മുസ്‌ലിം പ്രാതിനിധ്യം ഉണ്ടാകുമെന്നതാണ്. തീർച്ചയായും മറ്റേത് സമൂഹത്തെയും പോലെ മുസ്‌ലിം കളുടെ രാഷ്ട്രീയം എന്നത് മതാടിസ്ഥാനത്തിൽ മാത്രമായിരിക്കില്ല ആവിഷ്‌ക്കരിക്കപ്പടുക. അവരെ ഉൾക്കൊള്ളുന്ന, അവരുടെ ആശങ്കകൾ പരിഗണിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങൾ ഇന്ത്യയിലുണ്ട്. എന്നിരുന്നാലും ഈ മാറ്റിനിർത്തൽ വലിയ രാഷ്ട്രീയ പ്രശ്‌നമായി തന്നെ അവശേഷിക്കുന്നു.


വിവിധ സമുദായങ്ങളുടെ രാഷ്ട്രീയപ്രാതിനിധ്യം എത്രത്തോളമെന്നത് യഥാർഥത്തിൽ ജനാധിപത്യത്തിന്റെ ആഴം വ്യക്തമാക്കുന്നതാണ്. അത് ഒരു സമുദായത്തിന്റെ മാത്രം വിഷയവുമല്ല. എന്നാൽ ആ മട്ടിൽ ഈ വിഷയം ഇന്ത്യയിലെ രാഷ്ട്രീയപ്പാർട്ടികൾക്കിടയിൽ ചർച്ചയാവുന്നുണ്ടോ, പരിഗണിക്കപെടുന്നുണ്ടോ എന്നതാണ് പ്രശ്‌നം.


കേരളത്തിലെ സാമൂഹ്യമാധ്യമങ്ങളിലും മുസ്‌ലിംവിരുദ്ധ പ്രചാരണം സമീപകാലത്ത് ശക്തിപെടുന്നുവെന്നതും ഈ പൊതുപശ്ചാത്തലത്തിൽ വേണം കണക്കാക്കാൻ. മുസ്‌ലിം കളുടെ സാമ്പത്തികവും സാമൂഹികവുമായ പ്രശ്‌നങ്ങളുടെ കാരണം മതപരമാണെന്ന് ആരോപിച്ചുള്ള സാമൂഹ്യമാധ്യമങ്ങളിലെ പോസ്റ്റുകൾ ഇതിന് ഉദാഹരണമാണ്. ഇത്തരത്തിൽ പ്രത്യക്ഷത്തിൽതന്നെ വർഗീയ ആരോപണങ്ങൾ ഉന്നയിക്കുന്നത് മറ്റിടങ്ങളിലെ പോലെ ഹിന്ദുത്വവാദികൾ മാത്രമല്ലെന്നതാണ് പ്രശ്‌നത്തെ കൂടുതൽ സങ്കീർണമാക്കുന്നത്.


ഹിന്ദുത്വത്തിന്റെ സ്വാധീനം മറ്റിടങ്ങളിലേക്ക് വ്യാപിക്കുന്നതിന്റെ ഉദാഹരണമായിട്ടുവേണം ഇത്തരം പ്രചാരണങ്ങളെ കാണാൻ. ബി.ജെ.പി വക്താക്കളുടെ പ്രവാചകനിന്ദ മുതൽ മുസ്‌ലിം കളെ പൂർണമായി മാറ്റിനിർത്തിയുള്ള അതിന്റെ പാർലമെന്ററി ഘടനയും കേരളത്തിൽ പോലും വ്യാപിക്കുന്ന മുസ്‌ലിം വിരുദ്ധ പ്രചാരണങ്ങളുമെല്ലാം ഒരു പ്രത്യയശാസ്ത്ര സ്വാധീനത്തിന്റെ അടിസ്ഥാനത്തിൽ രൂപപ്പെടുന്നതാണ്. അതിന്റെ ഗൗരവം മതേതര സംഘടനകൾ എത്രമാത്രം തിരിച്ചറിയുന്നുണ്ട് എന്നത് ഇന്ത്യൻ ജനാധിപത്യത്തെയും ബഹുസ്വരസമൂഹത്തെയും സംബന്ധിച്ച് പ്രധാന വിഷയമാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാലക്കാട്ടെ ബി.ജെ.പിയുടെ നാണംകെട്ട തോല്‍വി;  കെ.സുരേന്ദ്രനെതിരെ പാളയത്തില്‍ പട

Kerala
  •  19 days ago
No Image

ആലപ്പുഴയിൽ എംഡിഎംഎയുമായി മൂന്ന് യുവാക്കള്‍ അറസ്റ്റിൽ

Kerala
  •  19 days ago
No Image

കണ്ണൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; കാർ കത്തി നശിച്ചു

Kerala
  •  19 days ago
No Image

മഹാരാഷ്ട്ര ഫലം അപ്രതീക്ഷിതം; വിശദമായി വിശകലനം ചെയ്യുമെന്ന് രാഹുല്‍ ഗാന്ധി

National
  •  19 days ago
No Image

ദുബൈ റൺ നാളെ; വിപുലമായ സൗകര്യങ്ങളൊരുക്കി അധികൃതർ 

uae
  •  19 days ago
No Image

കറന്റ് അഫയേഴ്സ്-11-23-2024

PSC/UPSC
  •  19 days ago
No Image

2024ലെ ജെസിബി സാഹിത്യ പുരസ്കാരം ഉപമന്യു ചാറ്റർജിക്ക്

National
  •  19 days ago
No Image

സഞ്ചാരികളെ ആകർഷിച്ച് അൽ ഉലയിലെ എലിഫന്റ് റോക്ക്

Saudi-arabia
  •  19 days ago
No Image

കൊല്ലത്ത് ഡിഎംകെ ജില്ലാ സെക്രട്ടറിയെ ആക്രമിച്ച കേസിൽ നാലു പേർ പിടിയിൽ

Kerala
  •  19 days ago
No Image

അബൂദബിയില്‍ കേസില്‍പെട്ട് പിടിച്ചെടുക്കുന്ന വാഹനങ്ങള്‍ ഇനി പൊലിസ് യാര്‍ഡുകളില്‍ ഇടില്ല; ഉടമകള്‍ക്ക് ഇഷ്ടമുള്ള സ്ഥലത്തു സൂക്ഷിക്കാം

uae
  •  19 days ago