'കുറച്ചു ദിവസം പ്രയാസമുണ്ടാകും, നിയമം പാലിക്കാന്‍ എല്ലാവരും ബാധ്യസ്ഥര്‍' എ.ഐ കാമറ പ്രതിഷേധത്തിനിടെ ന്യായീകരണവുമായി മന്ത്രി വി ശിവന്‍കുട്ടി
'കുറച്ചു ദിവസം പ്രയാസമുണ്ടാകും, നിയമം പാലിക്കാന്‍ എല്ലാവരും ബാധ്യസ്ഥര്‍'
തിരുവനന്തപുരം: എ.ഐ കാമറയുമായി ബന്ധപ്പെട്ട് പ്രതിഷേധങ്ങള്‍ തുടരുന്നതിനിടെ പ്രതികരണവുമായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ആദ്യം കുറച്ചു പ്രയാസമുണ്ടാവും. എന്നാല്‍ നിയമം പാലിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണെന്നാണ് മന്ത്രിയുടെ പ്രതികരണം. കുട്ടികള്‍ ഹെല്‍മെറ്റ് ധരിക്കുന്നത് സുരക്ഷയുടെ ഭാഗമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. അപകടങ്ങളില്‍ ജീവിതം നഷ്ടപ്പെടാതിരിക്കാനുള്ള മുന്‍കരുതലാണ്. താല്‍ക്കാലികമായി ഉണ്ടാവുന്ന എളുപ്പത്തിന് മാറ്റാന്‍ പറ്റില്ല. പ്രയാസം കുറച്ച് ദിവസത്തേക്ക് ഉണ്ടാകും. രക്ഷിതാക്കളും കുട്ടികളും നിയമം പാലിക്കണം. ഹെല്‍മെറ്റ് സൂക്ഷിക്കാന്‍ കുട്ടികള്‍ക്ക് സ്‌കൂളില്‍ സൗകര്യം ഒരുക്കുമെന്നും മന്ത്രി പറഞ്ഞു.
കുട്ടികളുള്‍പെടെ മൂന്നുപേര്‍ യാത്രചെയ്യുന്നതിനും പിഴ ഏര്‍പെടുത്തുന്നതിലും മന്ത്രി പ്രതികരിച്ചു. രണ്ട് പേര്‍ക്ക് മാത്രമേ യാത്ര ചെയ്യാനാകൂവെന്നാണ് കേന്ദ്ര മോട്ടോര്‍ വാഹന നിയമത്തിലെ വ്യവസ്ഥ. ഈ സാഹചര്യത്തില്‍ ഏതെങ്കിലും തരത്തില്‍ ഇളവ് വരുത്താന്‍ കേന്ദ്രത്തിന് മാത്രമെ സാധിക്കൂ എന്നും ശിവന്‍കുട്ടി പറഞ്ഞു. കുട്ടികളുടെ സുരക്ഷയാണ് സര്‍ക്കാരിന് പ്രധാനം. കേന്ദ്ര നിയമമായതിനാല്‍ ഇളവ് ചെയ്യുന്നതില്‍ പരിമിതി ഉണ്ട്. മെയ് പത്തിന് ഗതാഗത മന്ത്രി വിളിച്ച യോഗത്തില്‍ എല്ലാ കാര്യവും ചര്‍ച്ച ചെയ്യുമെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.
മിഴി തുറന്നു എ.ഐ കാമറ; അതിബുദ്ധി കാണിക്കല്ലേ..ഇക്കാര്യങ്ങള്‍ നിര്‍ബന്ധമായും ശ്രദ്ധിക്കുക…
കുട്ടിയടക്കം മൂന്ന് പേര്‍ ഇരുചക്ര വാഹനത്തില്‍ സഞ്ചരിച്ചാല്‍ പിഴ ഈടാക്കുന്ന നടപടിക്കെതിരെ പ്രതിഷേധം രൂക്ഷമാവുകയാണ്. ഈ സാഹചര്യത്തില്‍ നിയമഭേദഗതി തേടുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഇത് സംബന്ധിച്ച ആലോചനക്കായാണ് ഗതാഗത മന്ത്രി ഉന്നതതലയോഗം വിളിച്ചത്. 12 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് രക്ഷിതാക്കള്‍ക്കൊപ്പം ഹെല്‍മെറ്റ് വെച്ച് യാത്ര ചെയ്യാനുള്ള അനുമതി നേടാനാണ് ശ്രമം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."