കറുപ്പിന് വിലക്കില്ല: മുഖ്യമന്ത്രി പിണറായി വിജയന്‍
കണ്ണൂര്‍: സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കേസില്‍ സര്‍ക്കാരിനെ വ്യാജപ്രചരണം നടത്തി അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരള സ്‌റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ സംഘടിപ്പിക്കുന്ന ലൈബ്രറി പ്രവര്‍ത്തക സംഗമം ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
കറുത്ത വസ്ത്രവുമായി പ്രതിപക്ഷം നടത്തുന്നത് വ്യാജ പ്രചാരണമാണെന്നും ആരെയും വഴിതടയാന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും വഴി തടയുന്നുവെന്ന് കാണിച്ച് ചിലര്‍ സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടത്തികൊണ്ടിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
കേരളത്തില്‍ ഇടതുപക്ഷസര്‍ക്കാരാണ്. കേരളത്തില്‍ ഇന്ന് കാണുന്ന എല്ലാ പ്രത്യേകതകളും നേടിയെടുക്കുന്നതിന്റെ മുന്‍പന്തിയില്‍ ഇടതുപക്ഷമായിരുന്നു. ആ സര്‍ക്കാര്‍ നിലനില്‍ക്കുമ്പോള്‍ കേരളത്തില്‍ ഒരു പ്രത്യേകവസ്ത്രം ധരിക്കാന്‍ പറ്റില്ല എന്ന നിലപാടുണ്ടാകില്ല. സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താന്‍ മറ്റൊന്നും കിട്ടാത്തതുകൊണ്ട് കള്ളക്കഥകളെ ആശ്രയിക്കുന്ന കാലമാണിത്. ഇതെല്ലാം നുണപ്രചാരണങ്ങളാണെന്ന് തിരിച്ചറിയണം.
നമ്മുടെ നാടിന്റെ പ്രത്യേകത എല്ലാ തരത്തിലും കാത്ത് സൂക്ഷിക്കാന്‍ സര്‍ക്കാര്‍ ഒപ്പമുണ്ടാകും, ഞങ്ങള്‍ പ്രതിജ്ഞാബദ്ധമാണ് അക്കാര്യത്തില്‍. കള്ളക്കഥകള്‍ മെനയുന്ന ശക്തികള്‍ക്കെതിരെ പ്രവര്‍ത്തിക്കാനും നല്ല നടപടിയെടുക്കാനും ഞങ്ങള്‍ മുന്നിലുണ്ടാകുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
ആദ്യമായാണ് മുഖ്യമന്ത്രി വിഷയത്തോട് പ്രതികരിക്കുന്നത്. ആരെയും വഴിതടയില്ലെന്നും കറുത്ത വസ്ത്രത്തിനും കറുത്ത മാസ്‌കിനും വിലക്കില്ലെന്നും സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."