ഹജ്ജ് കമ്മിറ്റി മുഖേനയുള്ള ആദ്യ ഹജ്ജ് സംഘം മക്കയില്‍: രാജകീയ സ്വീകരണം
മക്ക: മദീന സന്ദര്‍ശനം പൂര്‍ത്തിയാക്കി ഇന്ത്യയില്‍ നിന്നുള്ള ഹാജിമാരുടെ ആദ്യ സംഘം മക്കയിലെത്തി. തിങ്കളാഴ്ച വൈകീട്ട് ആറോടെ മക്കയിലെത്തിയ ആദ്യ സംഘത്തെ ഇന്ത്യൻ ഹജ്ജ് മിഷനും വിവിധ സന്നദ്ധ സംഘടനാ പ്രവര്‍ത്തകരും ചേര്‍ന്ന് ഊഷ്‌മളമായി വരവേറ്റു. എട്ട് ദിവസം മുമ്പ് മദീനയിൽ വന്നിറങ്ങിയ 753 ഹാജിമാരാണ് ആദ്യ സംഘത്തിലുള്ളത്.
കേരളത്തിൽ നിന്നും മദീനയിൽ എത്തിയ മലയാളി തീർഥാടകരാണ് ആദ്യ സംഘത്തിൽ മക്കയിലെത്തിയത്. മദീനയില്‍ എട്ട് ദിവസത്തെ സന്ദര്‍ശനം പൂര്‍ത്തിയാക്കി മക്കയിലെത്തിയ ആദ്യ സംഘത്തെ സ്വീകരിക്കാൻ ജിദ്ദയിലെ ഇന്ത്യൻ കോൺസൽ ജനറൽ ഷാഹിദ് ആലം, ഹജ്ജ് കോൺസൽ സാബിർ എന്നിവരുടെ നേതൃത്വത്തിലുള്ള വൻ സംഘം സന്നിഹിതരായിരുന്നു. അവരോടൊപ്പം വിവിധ സംഘടനാ വളന്റിയർമാരും ഭക്ഷണവും സമ്മാനപ്പൊതികളുമായാണ് ഹാജിമാരെ വരവേറ്റത്.
മക്കയിലെത്തിയ ഹാജിമാരെ സ്വീരിക്കാനായി വനിതകളും കുട്ടികളും കൂടി ചേർന്നപ്പോൾ അല്ലാഹുവിന്റെ അതിഥികളായി എത്തിയ ഹാജിമാരുടെ സ്വീകരണം ഊഷ്മളമായി. മക്കയിലെ അസീസിയയിൽ ഇന്ത്യൻ ഹാജിമാർക്ക് ഒരുക്കിയ ഒന്ന്, രണ്ട്, 11, 123 നമ്പറുകളിലുള്ള ബിൽഡിങ്ങുകളിലാണ് ആദ്യ സംഘം ഹാജിമാർക്ക് താമസം ഒരുക്കിയിട്ടുള്ളത്.
ബിൽഡിംഗ് നമ്പർ 01 ൽ 331 ഹാജിമാർ, ബിൽഡിംഗ് നമ്പർ 02 ൽ 236 ഹാജിമാർ, ബിൽഡിംഗ് നമ്പർ 11 ൽ, 176 ഹാജിമാർ, ബിൽഡിംഗ് നമ്പർ 123 ൽ 10 ഹാജിമാർ എന്നിങ്ങനെയാണ് ആദ്യ ദിവസത്തിലെ ഹാജിമാരുടെ താമസ സൗകര്യം. ഹാജിമാർ താമസിക്കുന്ന അസീസിയയിൽ നിന്ന് ഹറമിൽ പോയിവരാനുള്ള ഗതാഗത സൗകര്യത്തിനും തുടക്കമായിട്ടുണ്ട്. 200 ഹാജിമാർക്ക് ഒരു ബസ് എന്ന ക്രമത്തിൽ 24 മണിക്കൂറും സർവിസ് നടത്തും. ഇതിനായി ഖാഇദ് കമ്പനിയുടെ പുതിയ മോഡൽ ബസ്സുകളാണ് ഒരുക്കിയിട്ടുള്ളത്.
ശക്തമായ ചൂടാണ് പുണ്യ കേന്ദ്രങ്ങളിൽ അനുഭവപ്പെടുന്നത്. വരും ദിവസങ്ങളിൽ പൊടിക്കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ മുന്നറിയിപ്പും ഉണ്ട്. ഇന്നു മുതല്‍ കൂടുതല്‍ സംഘങ്ങള്‍ മക്കയിലെത്തും.
എസ് കെ എസ് എസ് എഫ് സ്റ്റേറ്റ് വൈസ് പ്രസിഡന്റ് സയ്യിദ് ഹാഷിർ അലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിൽ വിഖായ സംഘവും സ്വീകരണം നൽകി. ഓർഗനൈസിങ് സിക്രട്ടറി ഷമീർ ഫൈസി ഒടമല, എസ് ഐ സി സഊദി നാഷണൽ കമ്മിറ്റി സിക്രട്ടറി മുനീർ ഫൈസി മാമ്പുഴ, സഊദി നാഷണൽ വിഖായ ചെയർമാൻ ഫരീദ് ഐകരപ്പടി, മക്ക വിഖായ ചെയർമാൻ മാനു തങ്ങൾ, സക്കീർ കോഴിച്ചെന, മക്ക സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് ഉസ്മാൻ ദാരിമി, ജാസിം കാടാമ്പുഴ, ഫാറൂഖ് മലയമ്മ തുടങ്ങിയവരും സ്വീകരണത്തിന് നേതൃത്വം നൽകി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."