പരിശീലന കാലത്ത് ജോലി ഉപേക്ഷിക്കല്ലേ; യുഎഇയിൽ നിങ്ങളെ കാത്തിരിക്കുന്നത് തൊഴിൽ വിലക്ക്
പരിശീലന കാലത്ത് ജോലി ഉപേക്ഷിക്കല്ലേ
ദുബായ്: യുഎഇയിൽ പുതുതായി ജോലിയിൽ പ്രവേശിച്ചവർ സൂക്ഷിക്കുക. പരിശീലന കാലയളവിൽ ജോലി ഉപേക്ഷിച്ചാൽ നിങ്ങളെ കാത്തിരിക്കുന്നത് തൊഴിൽ വിലക്കാകും. ഒരു വർഷത്തേക്കു തൊഴിൽ വിലക്ക് നൽകാനാണ് മാനവ വിഭവ, സ്വദേശിവൽക്കരണ മന്ത്രാലയത്തിന്റെ തീരുമാനം. പുതിയ ജോലിയിൽ പ്രവേശിച്ചു ട്രെയിനിങിനിടെ ജോലി ഉപേക്ഷിച്ചാൽ ഒരു വർഷത്തേക്കു പുതിയ തൊഴിൽ പെർമിറ്റ് ലഭിക്കില്ല.
ഫെഡറൽ തൊഴിൽ നിയമം 33ാം വകുപ്പ് പ്രകാരമാണ് തൊഴിൽ വിലക്ക് ഏർപ്പെടുത്തിയത്. എന്നാൽ തൊഴിൽ കരാറിലെ വ്യവസ്ഥകൾ ലംഘിച്ചത് സ്പോൺസർ ആണെങ്കിൽ ജോലി ഉപേക്ഷിക്കാം. അതിന് വിലക്ക് ബാധമാകില്ല. ഈ സാഹചര്യത്തിൽ പുതിയ പെർമിറ്റ് ലഭിക്കാൻ തടസ്സമുണ്ടാവില്ല.
അതേസമയം പരിശീലന കാലയളവിൽ ജോലിയിൽ നിന്നു വിട്ടു നിന്നതായി തെളിഞ്ഞാലും തൊഴിൽ വിലക്കുണ്ടാകും. വ്യാജ കമ്പനിയുടെ പേരിൽ തൊഴിൽ പെർമിറ്റ് ഉണ്ടാക്കുകയും പിന്നീട് റദ്ദാക്കുകയും ചെയ്തവർക്കും ഒരു വർഷത്തിന് ശേഷമേ പുതിയ പെർമിറ്റ് ലഭിക്കൂ.
രാജ്യത്തിനു ആവശ്യമുള്ള വിദഗ്ധ തസ്തികകളിലും ശാസ്ത്ര മേഖലകളിലും തൊഴിലെടുക്കുന്നവർക്ക് ഒരു വർഷ ജോലി വിലക്ക് ബാധിക്കില്ല. ഗോൾഡൻ വിസക്കാർക്കും വിലക്ക് ബാധമാകില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."