മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധം: പൊലിസിന് ജാഗ്രതാ നിര്‍ദേശം; എല്ലാ ബറ്റാലിയനുകളും ജാഗ്രത പാലിക്കണമെന്ന് ഡി.ജി.പി
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് നേരെ വിമാനത്തിനുള്ളില്‍ പ്രതിഷേധത്തോടെ സംസ്ഥാനത്ത് പരക്കേ അതിക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ പൊലിസിന് കനത്ത ജാഗ്രതാ നിര്‍ദേശം നല്‍കി ഡി.ജി.പി. നാളെ കോണ്‍ഗ്രസ് കരിദിനമാചരിക്കാന്‍ ആഹ്വാനം ചെയ്തിട്ടുണ്ട്. സി.പി.എമ്മും ഡി.വൈ.എഫ്.ഐയും പ്രതിഷേധത്തിന് ആഹ്വാനം ചെയ്തതിനാല്‍ ജാഗ്രതപാലിക്കാനാണ് നിര്‍ദേശം. എല്ലാ ബറ്റാലിയനുകളോടും ജാഗ്രത്തായിരിക്കാനാണ് നിര്‍ദേശം. പൊലിസ് ആസ്ഥാനത്തും സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്.
ഞങ്ങളുടെ കുട്ടികളെ ജയരാജന്‍ ആക്രമിച്ചെങ്കില്‍ പ്രതികാരം ചെയ്യേണ്ടി വരും. പ്രവര്‍ത്തകര്‍ പ്രതികരിച്ചാല്‍ ഞങ്ങള്‍ക്ക് ഉത്തരവാദിത്തമുണ്ടാവില്ല. ഓഫീസ് ആക്രമിച്ചാല്‍ തിരിച്ചും ആക്രമിക്കാനറിയാം. നാളെ സംസ്ഥാന വ്യാപകമായി കരിദിനം ആചരിക്കുമെന്നുമാണ് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍ വ്യക്തമാക്കിയിരിക്കുന്നത്.
അതേ സമയം വിമാനത്തില്‍ മുഖ്യമന്ത്രിക്ക് എതിരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചതിന് പിന്നാലെ സംസ്ഥാനത്ത് പലയിടത്തും സംഘര്‍ഷാവസ്ഥ തുടരുകയാണ്.
കണ്ണൂരില്‍ കെപിസിസി പ്രസിഡന്റിന്റെ ഭാര്യ വീടിന് നേരെയും കല്ലേറുണ്ടായി. കണ്ണൂര്‍ ആഡൂരിലെ വീടിന് നേരെയാണ് കല്ലേറുണ്ടായത്. കെ.സുധാകരന്റെ ഭാര്യ സ്മിത ടീച്ചറുടെ വീടിന് നേരെയാണ് കല്ലേറുണ്ടായത്. സി.പി.എം പ്രകടനത്തിന് പിന്നാലെയാണ് കല്ലേറുണ്ടായത്.
കണ്ണൂരിലെ യാത്രകളില്‍ വഴിനീളെയുണ്ടായ പ്രതിഷേധങ്ങള്‍ക്ക് പുറകെയാണ് വിമാനത്തിനുള്ളിലും മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധമുണ്ടായത്. വിമാനത്തില്‍ ഇന്നുണ്ടായത് തികച്ചും അപലപനീയമായ സംഭവമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചു.
വിമാനത്തിനുള്ളിലെ ആക്രമണം ആസൂത്രിതമാണ്. സംഭവത്തെ കോണ്‍ഗ്രസ് നേതൃത്വം പിന്തുണച്ചത് ആസൂത്രണത്തിന്റെ ഭാഗമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കലാപം ലക്ഷ്യമിടുന്ന സമരത്തിന്റെ ഭാഗമാണിത്. നാട്ടിലാകെ കുഴപ്പമുണ്ടാക്കാനും സര്‍ക്കാരിനെ സ്‌നേഹിക്കുന്നവരെ പ്രകോപിപ്പിക്കാനുമാണ് ശ്രമം. അതിന് ബിജെപിയുടെ പിന്തുണയും ലഭിക്കുന്നുവെന്ന് മുഖ്യമന്ത്രി ആരോപിച്ചു. പ്രതിപക്ഷത്തിന്റെ കെണിയില്‍ വീഴരുതെന്നും മുഖ്യമന്ത്രി പ്രസ്താവനയില്‍ പറഞ്ഞു.
അതേ സമയം യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവായ അധ്യാപകനെ കുറിച്ച് അന്വേഷിക്കാന്‍ ഉത്തരവിട്ടിട്ടുണ്ട്. വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടിയാണ് ഇതു സംബന്ധിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ജീവന്‍ ബാബുവിന് നിര്‍ദേശം നല്‍കിയത്.
കണ്ണൂരില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള ഇന്‍ഡിഗോ വിമാനത്തിലാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയെ ആക്രമിക്കാന്‍ ശ്രമിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."