പ്രതിഷേധം ഇന്നും കനക്കും; കരിദിനാചരണവുമായി കോണ്‍ഗ്രസ്, കനത്ത ജാഗ്രതയില്‍ പൊലിസ്
തിരുവനന്തപുരം: കെ.പി.സി.സി ആസ്ഥാനത്തിന് നേരെയുണ്ടായ ഡി.വൈ.എഫ്.ഐ ആക്രമണത്തില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് ഇന്ന് കരിദിനം ആചരിക്കും. ആക്രമണത്തിന് കോണ്‍ഗ്രസ് മുതിരില്ലെന്നും ജനാധിപത്യ രീതിയിലാണ് പ്രതിഷേധം നടത്തുന്നതെന്നും കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരന്‍ പറഞ്ഞു. നാടിനെ കലാപത്തിലേക്ക് തള്ളിവിടാനാണ് സി.പി.എം ശ്രമം. ഇ.പി ജയരാജനാണ് ഇതിന് തുടക്കമിട്ടതെന്നും സുധാകരന്‍ കുറ്റപ്പെടുത്തി.
മുഖ്യമന്ത്രിക്ക് നേരെ വിമാനത്തിനുള്ളില്‍ പ്രതിഷേധം ഉണ്ടായതിന് പിന്നാലെയാണ് ഡി.വൈ.എഫ്.ഐയും എസ്.എഫ്.ഐയും അടക്കമുള്ള ഇടതുപക്ഷ സംഘടനകള്‍ തെരുവില്‍ ഇറങ്ങി. തലസ്ഥാനത്ത് സെക്രട്ടറിയറ്റിന് സമീപമുണ്ടായിരുന്ന കോണ്‍ഗ്രസ് അനുകൂല ഫ്‌ളക്‌സ് ബോര്‍ഡുകളും കൊടിയും തകര്‍ത്തു. മുഖ്യമന്ത്രിക്കെതിരായ ഫ്‌ളക്‌സുകള്‍ ഡി.വൈ.എഫ്.ഐക്കാര്‍ വലിച്ചുകീറി. തൊട്ടുപിന്നാലെ കെ.പി.സി.സി ആസ്ഥാനത്തേക്ക് ഇരച്ചെത്തിയ പ്രവര്‍ത്തകര്‍ കൊടിതോരണങ്ങളും ഫ്‌ളക്‌സും തകര്‍ത്തു. ഇന്ദിരാഭവന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന കാറിനും കേടുപാടുവരുത്തി. ഈ സമയം എ കെ ആന്റണിയും കെ.പി.സി.സി ഓഫിസിലുണ്ടായിരുന്നു. കോണ്‍ഗ്രസ് ആസ്ഥാനത്തേക്ക് കല്ലെറിഞ്ഞതായി നേതാക്കള്‍ ആരോപിച്ചു.
വി കെ പ്രശാന്ത് എം.എല്‍.എയുടെ ഓഫീസിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായി. പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചു.
പൗഡിക്കോണത്ത് കോണ്‍ഗ്രസ് ഓഫിസ് അടിച്ചുതകര്‍ത്തു. ഓഫിസിനുള്ളിലെ കസേരയും ഫ്‌ലക്‌സും നശിപ്പിച്ചു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് കെ സുധാകരന്റെ വീടിനും കെ.പി.സി.സി ആസ്ഥാനത്തും സുരക്ഷ ഏര്‍പ്പെടുത്തി. സംഘര്‍ഷത്തിന് പിന്നില്‍ സി.പി.എം ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. നഗരത്തിലെ പ്രധാന സ്ഥലങ്ങളില്‍ കൂടുതല്‍ പൊലിസിനെയും വിന്യസിച്ചിട്ടുണ്ട്. കാമ്പസുകളില്‍ ഇന്ന് പ്രതിഷേധദിനം ആചരിക്കുമെന്ന് എസ്.എഫ്.ഐ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."