'സമയത്തിന് പരാതിപ്പെടണമായിരുന്നു, അല്ലാതെ വീട്ടിലിരുന്നാല്‍ നടപടിയെടുക്കില്ല' ബ്രിജ്ഭൂഷണെതിരെ കേസെടുക്കാന്‍ വൈകിയതിനെ ന്യായീകരിച്ച് യോഗേശ്വര്‍ ദത്ത്
'സമയത്തിന് പരാതിപ്പെടണമായിരുന്നു, അല്ലാതെ വീട്ടിലിരുന്നാല്‍ നടപടിയെടുക്കില്ല' ബ്രിജ്ഭൂഷണെതിരെ കേസെടുക്കാന്‍ വൈകിയതിനെ ന്യായീകരിച്ച് യോഗേശ്വര്‍ ദത്ത്
ന്യൂഡല്‍ഹി: ഗുസ്തി താരങ്ങളുടെ ലൈംഗിക പീഡന പരാതിയില്‍ ബിജെപി എംപിയും ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്റുമായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങിനെതിരെ കേസെടുക്കാന്‍ വൈകിയതിനെ ന്യായീകരിച്ച് ഒളിംപിക്‌സ് മെഡല്‍ ജേതാവ് യോഗേശ്വര്‍ ദത്ത്. ഗുസ്തി താരങ്ങളെ അപമാനിച്ച സംഭവത്തില്‍ നടപടി വേണമായിരുന്നെങ്കില്‍ മൂന്നു മാസം മുന്‍പ് പരാതിപ്പെടണമായിരുന്നു. അതു ചെയ്യാതെ വീട്ടിലിരുന്നാല്‍ പൊലിസ് നടപടിയെടുക്കില്ലെന്ന് യോഗേശ്വര്‍ ദത്ത് പ്രതികരിച്ചു. ഗുസ്തി താരങ്ങളുടെ പരാതി അന്വേഷിച്ച സമിതിയിലെ അംഗം കുടിയായിരുന്നു യോഗേശ്വര്‍ ദത്ത്.
ഡല്‍ഹിയില്‍ ഗുസ്തി താരങ്ങള്‍ നടത്തി വരുന്ന സമരം എട്ടാം ദിവസത്തിലേക്ക് കടക്കുകയാണ്. താരങ്ങളുടെ പരാതിയില്‍ ഡല്‍ഹി പൊലിസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ രണ്ട് പ്രതികളാണുള്ളത്. ബ്രിജ്ഭൂഷണ് പുറമെ ഫെഡറേഷന്‍ അസിസ്റ്റന്റ് സെക്രട്ടറി വിനോദ് തോമറാണ് എഫ്‌ഐആറിലെ രണ്ടാം പേരുകാരന്‍. ബ്രിജ്ഭൂഷണ്‍ സിങിന്റെ അടുത്ത അനുയായിയാണ് വിനോദ് തോമര്‍. കഴിഞ്ഞ ദിവസമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
ലൈംഗിക പീഡനം: ഗുസ്തി താരങ്ങളുടെ പരാതിയില്‍ ബ്രിജ് ഭൂഷണ്‍ സിങ്ങിനെതിരെ കേസെടുത്തു
ഗുസ്തി താരങ്ങളുടെ പരാതിയില്‍ രണ്ട് കേസുകളാണ് ബ്രിജ്ഭൂഷണ്‍ സിങിനെതിരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പ്രായ പൂര്‍ത്തിയാകാത്ത ഗുസ്തി താരത്തിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ പോക്‌സോ വകുപ്പ് പ്രകാരമാണ് ആദ്യ എഫ്‌ഐആര്‍. വനിതാ താരങ്ങളുടെ പരാതി പ്രകാരം രജിസ്റ്റര്‍ ചെയ്തിട്ടുള്ള രണ്ടാമത്തെ കേസിലാണ് ബ്രിജ്ഭൂഷണ്‍ സിങിനൊപ്പം തോമറിനെയും പ്രതിചേര്‍ത്തിട്ടുള്ളത്.
അതേസമയം, തനിക്കെതിരായ പരാതിയെ കുറിച്ചറിയില്ലെന്നാണ് തോമറിന്റെ നിലപാട്. താന്‍ ഡല്‍ഹിയിലെ വസതിയില്‍ തന്നെയുണ്ട്, എന്നാല്‍ ഇത്തരം ഒരു പരാതിയെ കുറിച്ചോ, കേസ് രജിസ്റ്റര്‍ ചെയ്തതിനെ കുറിച്ചോ ഒരു വിവരവും തനിക്ക് അറിയില്ല. എന്നാണ് തോമര്‍ പ്രതികരിച്ചതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
#WATCH | Yogeshwar Dutt, Olympic medallist wrestler & a member of the committee that probed the allegations of sexual harassment of wrestlers says, "...Police will take action only when you report it to them. They won't do it if one sits at home. Wrestlers should have done it 3… pic.twitter.com/oYTjEemkI5
— ANI (@ANI) April 30, 2023
ഡല്‍ഹി കൊണാര്‍ട്ട് പ്ലേസ് പൊലിസ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ താരങ്ങള്‍ക്ക് എതിരെ ലൈംഗിക ചുവയോടെയുള്ള പരാമര്‍ശങ്ങള്‍ നടത്തി. ശല്യപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. പ്രായപൂര്‍ത്തിയാകാത്ത കുട്ടി ഉള്‍പ്പെടെ ഏഴ് പേരാണ് ഗുസ്തി ഫെഡറേഷന്‍ മേധാവിമാര്‍ക്കെതിരെ പരാതി നല്‍കിയത്. ഈ പരാതികളില്‍ തോമറിന്റെ പേരും പരാമര്‍ശിച്ച പശ്ചാത്തലത്തിലാണ് നടപടിയെന്ന് ഉന്നത പൊലിസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. പരാതിക്കാരില്‍ നിന്നും കൂടുതല്‍ വിവരങ്ങള്‍ തേടുമെന്നും, സിആര്‍പിസി 164ാം വകുപ്പ് പ്രകാരം മജിസ്‌ട്രേറ്റിന് മുമ്പാകെ മൊഴി രേഖപ്പെടുത്താന്‍ ആവശ്യപ്പെട്ട് നോട്ടിസ് നല്‍കുമെന്നും പൊലിസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."