ഡല്‍ഹി കലാപം രാജ്യത്തിന്റെ മനഃസാക്ഷിയെ മുറിവേല്‍പ്പിച്ചു
ന്യൂഡല്‍ഹി: ഒരു ആഗോള ശക്തിയായി വളരാന്‍ ആഗ്രഹിക്കുന്ന രാജ്യത്തിന്റെ മനഃസാക്ഷിയില്‍ ഏറ്റ മുറിവാണ് ഡല്‍ഹി കലാപമെന്ന് കോടതി.
വടക്കുകിഴക്കന്‍ ഡല്‍ഹി കലാപത്തിനിടെ അമീന്‍ എന്ന യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ അങ്കിത് ചൗധരിയെന്ന വ്യക്തിക്ക് ജാമ്യം നിഷേധിച്ചുകൊണ്ട് ഡല്‍ഹി അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി വിനോദ് യാദവിന്റെതാണ് നിരീക്ഷണം.
പ്രതിക്കെതിരായ കേസ് അതീവ ഗൗരവമുള്ളതാണ്. അങ്കിത് ചൗധരി കട്ടാറും കേസിലെ മറ്റു മൂന്നു പ്രതികളും കട്ടാര്‍ ഹിന്ദു ഏകത എന്ന വാട്‌സ്ആപ്പ് ഗ്രൂപ്പിന്റെ ഭാഗമായിരുന്നുവെന്നും ഇതിലൂടെ ഒരു സമുദായത്തില്‍പ്പെട്ടവരെ കൊല്ലാനും തട്ടിക്കൊണ്ടുപോകാനും കൊള്ളയടിക്കാനും പ്രേരണ നല്‍കിയെന്ന് പ്രഥമദൃഷ്ട്യാ വ്യക്തമാണെന്നും കോടതി ചൂണ്ടിക്കാട്ടി.
പ്രതികള്‍ കൊലയും കൊള്ളയും നടത്തുകയും മറ്റുള്ളവരെ അതിനായി പ്രേരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ മുസ്‌ലിംകള്‍ക്കെതിരേ നടത്തിവന്നിരുന്ന പരാമര്‍ശങ്ങള്‍ അങ്ങേയറ്റത്തെ വര്‍ഗീയ സ്വഭാവത്തോടെയും അവഹേളനത്തോടെയുമുള്ളതായിരുന്നു.
വെറുപ്പും അനൈക്യവും ശത്രുതയുമായിരുന്നു അതിലൂടെ പ്രചരിപ്പിച്ചിരുന്നത്.
മറ്റൊരു സമുദായത്തില്‍പ്പെട്ട ആളാണെന്ന ഒറ്റക്കാരണത്താലാണ് പ്രതികള്‍ അമീനെ ക്രൂരമായി കൊലപ്പെടുത്തിയതെന്നും കോടതി ചൂണ്ടിക്കാട്ടി.
മാര്‍ച്ച് മൂന്നിനാണ് അമീനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഏപ്രില്‍ നാലിന് പ്രത്യേക സംഘം അങ്കിതിനെയും കൂട്ടാളികളെയും അറസ്റ്റ് ചെയ്തു. തനിക്കെതിരേ പൊലിസ് കള്ളക്കേസ് ചുമത്തുകയായിരുന്നുവെന്നായിരുന്നു ജാമ്യാപേക്ഷയില്‍ അങ്കിതിന്റെ വാദം.
എന്നാല്‍ ജാമ്യാപേക്ഷയെ എതിര്‍ത്ത പൊലിസ് അങ്കിതിനെതിരേ വാട്‌സ്ആപ്പ് ഗ്രൂപ്പിലെ പരാമര്‍ശങ്ങള്‍ക്ക് പുറമെ അയാളുടെ ടെലഫോണ്‍ സംഭാഷണങ്ങളും കോടതി മുന്‍പാകെ സമര്‍പ്പിച്ചു.
ഈ സംഭാഷണങ്ങളില്‍നിന്ന് തന്നെ പ്രതിക്ക് കുറ്റത്തിലുള്ള പങ്കാളിത്തം വ്യക്തമാണെന്നും കോടതി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."