തമിഴ്നാട്ടില്‍ വീണ്ടും ദുരഭിമാനക്കൊല; കൊല നടത്തിയത് വിരുന്നിന് വീട്ടിലേക്ക് ക്ഷണിച്ചു വരുത്തിയ ശേഷം
തഞ്ചാവൂര്‍: തമിഴ്നാട്ടില്‍ വീണ്ടും ദുരഭിമാനക്കൊല. മിശ്രവിവാഹിതരായ നവ ദമ്പതികളെ വധുവിന്റെ സഹോദരനും സുഹൃത്തും ചേര്‍ന്ന് വെട്ടിക്കൊന്നു. ദമ്പതികളെ വിരുന്നിന് ക്ഷണിച്ചാണ് ക്രൂരകൃത്യം നടത്തിയത്.
കുംഭകോണത്തിന് സമീപം തിങ്കളാഴ്ച രാത്രിയാണ് സംഭവം. 24 കാരിയായ ദലിത് യുവതി ശരണ്യ, ഭര്‍ത്താവ് മോഹന്‍ എന്നിവരാണ് കൊല്ലപ്പെട്ടത്.
യുവതിയുടെ സഹോദരന് ശക്തിവേലും ഇയാളുടെ സുഹൃത്തും യുവതിയെ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചയാളുമായ രഞ്ജിത്തും ചേര്‍ന്നാണ് കൊലപാതകം നടത്തിയത്.
തിരുനെല്‍വേലിയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ജോലി ചെയ്യവേയാണ് ശരണ്യയും മോഹനും കണ്ടുമുട്ടുന്നത്. ഇരുവരുടെ ബന്ധത്തെ വീട്ടുകാര്‍ എതിര്‍ത്തിരുന്നു. തുടര്‍ന്ന് അഞ്ച് ദിവസം മുമ്പ് വിവാഹിതരായ ശേഷം വീട്ടില്‍ വിളിച്ച് വിവരമറിയിക്കുകയായിരുന്നു.
വിവാഹത്തെക്കുറിച്ച് അറിഞ്ഞ ശരണ്യയുടെ സഹോദരന് ശക്തിവേല്‍, ഇരുവരോടും ക്ഷമിച്ചുവെന്ന് പറഞ്ഞ് വീട്ടിലേക്ക് വരാന്‍ ശരണ്യയോട് അഭ്യര്‍ത്ഥിച്ചു. ഇന്നലെ വൈകിട്ടോടെ വിരുന്നിന് വരണമെന്ന് പറഞ്ഞ് വിളിച്ച് വരുത്തുകയായിരുന്നു. ഇതനുസരിച്ച് വീട്ടിലെത്തിയ ശരണ്യയെയും മോഹനെയും സഹോദരനായ ശക്തിവേല്‍, സുഹൃത്ത് രഞ്ജിത് എന്നിവര്‍ ചേര്‍ന്ന് വെട്ടിക്കൊല്ലുകയായിരുന്നു.
പ്രതികളെ പൊലിസ് അറസ്റ്റ് ചെയ്തു. ശരണ്യയുടെയും മോഹന്റെയും മൃതദേഹങ്ങള്‍ കുംഭകോണം ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."