യു എസ് പ്രസിഡന്റ് ബൈഡൻ ജൂലൈ പകുതിയോടെ സഊദി അറേബ്യ സന്ദർശിക്കും: റോയൽ കോർട്ട്
ജിദ്ദ: ഭരണാധികാരി സൽമാൻ രാജാവിന്റെ ക്ഷണപ്രകാരം, യുഎസ് പ്രസിഡന്റ് ജോസഫ് ആർ. ബൈഡൻ ജൂലൈ 15-16 തീയതികളിൽ സഊദി അറേബ്യയിൽ ഔദ്യോഗിക സന്ദർശനം നടത്തുമെന്ന് റോയൽ കോർട്ട് ചൊവ്വാഴ്ച പ്രസ്താവനയിൽ അറിയിച്ചു.
സഊദി അറേബ്യയും അമേരിക്കയും തമ്മിലുള്ള ചരിത്രപരവും തന്ത്രപരവുമായ പങ്കാളിത്തം വർദ്ധിപ്പിക്കുമെന്നും ഇരു രാജ്യങ്ങളും നിലവിലുള്ള സഹകരണ മേഖലകളെ കൂടുതൽ ആഴത്തിലാക്കാനും ശക്തിപ്പെടുത്താനും സന്ദർശനം ലക്ഷ്യമിടുന്നുവെന്നും റോയൽ കോർട്ട് പറഞ്ഞു.
സന്ദർശനത്തിന്റെ ആദ്യ ദിവസം സൽമാൻ രാജാവും പ്രസിഡന്റ് ബൈഡനും തമ്മിലുള്ള കൂടിക്കാഴ്ചയും ഉണ്ടാകും. തുടർന്ന് കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനുമായി പ്രസിഡന്റ് ബൈഡൻ കൂടിക്കാഴ്ച നടത്തും. ഉഭയകക്ഷി സഹകരണത്തിന്റെ വിവിധ മേഖലകളിലും പ്രാദേശികവും ആഗോളവുമായ വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിനുള്ള സംയുക്ത ശ്രമങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഔദ്യോഗിക ചർച്ചകൾ കിരീടാവകാശിയും പ്രസിഡന്റ് ബൈഡനും നടത്തും.
വളർന്നുവരുന്ന സാങ്കേതികവിദ്യകൾ, സാമ്പത്തിക നിക്ഷേപം, ബഹിരാകാശം, പുനരുപയോഗ ഊർജം, സൈബർ സുരക്ഷ, കാലാവസ്ഥ, പരിസ്ഥിതി സംരംഭങ്ങൾ, ഭക്ഷ്യ-ഊർജ്ജ സുരക്ഷ, പരസ്പര വെല്ലുവിളികളെ അഭിമുഖീകരിക്കാനും 21-ാം നൂറ്റാണ്ടിലെ അവസരങ്ങൾ മുതലെടുക്കാനും ഇരു രാജ്യങ്ങളെയും പ്രാപ്തമാക്കുന്നതിന് വ്യാപാര വാണിജ്യ ബന്ധങ്ങൾ വിപുലപ്പെടുത്തൽ എന്നിവ ചർച്ചയാകും.
കൂടാതെ, ഗൾഫ് സഹകരണ കൗൺസിലിലെ നേതാക്കൾ, ജോർദാൻ രാജാവ്, ഈജിപ്ത് പ്രസിഡന്റ്, ഇറാഖ് പ്രധാനമന്ത്രി, ബൈഡൻ എന്നിവരെ ഒരുമിച്ചിരുത്തി സൽമാൻ രാജാവിന്റെ നേതൃത്വത്തിൽ ഉച്ചകോടിയും സന്ദർശനത്തിൽ ഉൾപ്പെടും. പ്രാദേശിക വെല്ലുവിളികൾ ചർച്ച ചെയ്യാൻ ജൂലൈ 16ന് യു.എസ് ഉച്ചകോടി നടക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."