ദ്വീപ് പിടിക്കാന്‍ പുതിയ തന്ത്രങ്ങള്‍ ഭൂമി വാടക കുറച്ചു; സ്റ്റാമ്പ് ഡ്യൂട്ടി വര്‍ധിപ്പിച്ചു
ജലീല്‍ അരൂക്കുറ്റി
കവരത്തി: ലക്ഷദ്വീപിന്റെ ഭൂമി കൈവശപ്പെടുത്തി കോര്‍പറേറ്റുകള്‍ക്ക് കൈമാറാനുള്ള തന്ത്രത്തിന്റെ ഭാഗമായി നിയമനിര്‍മാണം നടത്തിയ അഡ്മിനിസ്‌ട്രേഷന്‍, ഭൂമി പിടിക്കാന്‍ പുതിയ ഉത്തരവുകളിറക്കി.
ദ്വീപ് നിവാസികളുടെ ഭൂമി വിവിധ ആവശ്യങ്ങള്‍ക്ക് സര്‍ക്കാരിന് നല്‍കുമ്പോഴുള്ള വാടക ഒറ്റയടിക്ക് വെട്ടിക്കുറച്ചും സ്റ്റാമ്പ് ഡ്യൂട്ടി വലിയ തോതില്‍ വര്‍ധിപ്പിച്ചുമാണ് ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ കെ. പട്ടേല്‍ പരിഷ്‌കാരങ്ങള്‍ കൊണ്ടുവന്നിരിക്കുന്നത്. പട്ടികവര്‍ഗ പരിരക്ഷയുള്ള ദ്വീപ് നിവാസികളുടെ ഭൂമി 1965 ലെയും 1968 ലെയും റവന്യുനിയമങ്ങള്‍ പ്രകാരം സര്‍ക്കാര്‍ ആവശ്യങ്ങള്‍ക്കായി നല്‍കുമ്പോള്‍ നിശ്ചയിച്ചിരുന്ന ഭൂമി വാടക വര്‍ഷങ്ങളായി പരിഷ്‌കരിച്ചിരുന്നില്ല. 2006 മാര്‍ച്ച് 23 ലെ ഉത്തരവ് പ്രകാരം പ്രത്യേക സമിതിയെ വച്ച് പഠനം നടത്തിയ ശേഷം അവര്‍ നല്‍കിയ റിപ്പോര്‍ട്ട് പ്രകാരം വസ്തുവിന്റെ അടിസ്ഥാന വില കവരത്തിയില്‍ ഹെക്ടറിന് 41.36 ലക്ഷം രൂപയും ജനവാസമില്ലാത്തത് ഉള്‍പ്പെടെയുള്ള മറ്റു ദ്വീപുകളില്‍ 37.56 ലക്ഷവുമായി നിശ്ചയിച്ചു. ഇതു പ്രകാരം ഭൂമി വാടക ഒരു സ്‌ക്വയര്‍ മീറ്ററിന് കവരത്തിയില്‍ 37 രൂപയും മറ്റു ദ്വീപുകളില്‍ 34 രൂപയുമായി.
ഇതാണ് പട്ടേല്‍ വന്ന ശേഷം വെട്ടിക്കുറച്ചത്. കഴിഞ്ഞ മാര്‍ച്ച് 24ന് ജില്ലാ കലക്ടര്‍ അസ്ഗര്‍ അലി ഇറക്കിയ ഉത്തരവ് പ്രകാരം കവരത്തിയില്‍ വാടക 16. 65 രൂപയും മറ്റു ദ്വീപുകളില്‍ 15 രൂപയുമാക്കി. ലോക ടൂറിസം ഭൂപടത്തില്‍ ഇടം നേടിയ ബംഗാരം ദ്വീപ് ഉള്‍പ്പെടെ സര്‍ക്കാര്‍ കൈവശം വച്ചിരിക്കുന്ന നല്ലൊരു ഭാഗം ഭൂമിയും ദ്വീപ് ജനതയില്‍ നിന്ന് വാടകയ്‌ക്കെടുത്തതാണ്.
ഇപ്പോള്‍ ബംഗാരം ദ്വീപ് സ്വകാര്യ മേഖലയ്ക്ക് കൈമാറാന്‍ ഇ- ടെന്‍ഡറില്‍ വച്ചിരിക്കുകയാണ്. ഇതു കൂടാതെ പട്ടേല്‍ വന്നശേഷം മെയ് അഞ്ചിന് ഭൂമി വില്‍പനയുടെ സ്റ്റാമ്പ് ഡ്യൂട്ടി ഒരു ശതമാനത്തില്‍ നിന്ന് എട്ടു ശതമാനം വരെയാക്കി ഉത്തരവിറക്കി. സ്ത്രീകളുടെ മാത്രം പേരിലുള്ള ഭൂമിക്ക് ആറും പുരുഷന്മാരുടെ ഭൂമിക്ക് എട്ടും സംയുക്തമായിട്ടുള്ളതിന് ഏഴ് ശതമാനവുമാണ് വര്‍ധനവ്.
വില്‍പനയ്ക്കും ഇഷ്ടദാനത്തിനും സമ്മാനമായി നല്‍കുന്നതിനുമെല്ലാം ഈ നിരക്ക് ബാധകമാണ്. സ്റ്റാമ്പ് ഡ്യൂട്ടി കുത്തനെ കൂട്ടിയത് ഗൂഢനീക്കത്തിന്റെ ഭാഗമായാണ് വിലയിരുത്തുന്നത്.
പട്ടേല്‍ കൊണ്ടുവന്ന ലക്ഷദ്വീപ് ഡവലപ്‌മെന്റ് അതോറിറ്റി നിയമത്തിന്റെ കരട് വിജ്ഞാപനത്തിലെ വ്യവസ്ഥകള്‍ പ്രകാരം ഏത് സ്വകാര്യ സ്വത്തും നിര്‍ബന്ധപൂര്‍വം ഏറ്റെടുക്കാനും കൈകാര്യം ചെയ്യാനും ക്രയവിക്രയം നടത്താനുമുള്ള അധികാരം പൂര്‍ണമായും ഡവലപ്‌മെന്റ് അതോറിറ്റിയില്‍ നിക്ഷിപ്തമാണ്. നിയമം പ്രാബല്യത്തിലായാല്‍ കാലങ്ങളായി കേന്ദ്രസര്‍ക്കാര്‍ ലക്ഷദ്വീപ് ജനങ്ങള്‍ക്കും സ്വത്തിനും നല്‍കിവന്നിരുന്ന നിയമ പരിരക്ഷ പൂര്‍ണമായും ഇല്ലാതാവുകയും ജനം തെരുവിലിറക്കപ്പെടുകയും ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."