നാടിനെ കലാപ ഭൂമിയാക്കരുത്
വിമാനത്തിൽ മുഖ്യമന്ത്രിക്കെതിരേ യൂത്ത് കോൺഗ്രസ് നേതാക്കൾ നടത്തിയ പ്രതിഷേധത്തെ തുടർന്ന് സംസ്ഥാനത്ത് സി.പി.എം പ്രവർത്തകർ ആക്രമണങ്ങൾ ആരംഭിച്ചിരിക്കുകയാണ്. ഈച്ച കടക്കാത്ത സുരക്ഷാ ക്രമീകരണങ്ങളാണ് മുഖ്യമന്ത്രിക്കു വേണ്ടി സംസ്ഥാന പൊലിസ് ഒരുക്കിയിരുന്നത്. തിരുവനന്തപുരം മുതൽ കണ്ണൂർ വരെയുള്ള മുഖ്യമന്ത്രിയുടെ റോഡ് യാത്രയിൽ ഇസെഡ് കാറ്റഗറി സുരക്ഷ നൽകിയിരുന്നതിനാൽ ജനജീവിതത്തെ അതു സാരമായി ബാധിച്ചു. റോഡുകൾ അടച്ചിട്ടതിനാൽ ഗതാഗതം സ്തംഭിച്ചു. ആശുപത്രിയിൽ പോകേണ്ടവരെയും അത്യാവശ്യങ്ങൾക്കായി പുറത്തിറങ്ങിയവരെയുമാണ് പൊലിസ് മണിക്കൂറുകളോളം ബന്ധിയാക്കി നിർത്തിയത്. മുഖ്യമന്ത്രിക്ക് കരിങ്കൊടി കാണിക്കുന്നത് തടയാൻ കറുത്ത മാസ്ക്കും കറുത്ത വസ്ത്രങ്ങളും കറുത്ത കുടകളും വരെ പൊലിസ് പിടിച്ചുവാങ്ങി.
എന്നിട്ടും, തിരുവനന്തപുരം മുതൽ കണ്ണൂർ വരെയുള്ള മുഖ്യമന്ത്രിയുടെ യാത്രയിൽ വഴിനീളെ കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധങ്ങൾ മുഖ്യമന്ത്രിക്കു കാണേണ്ടിവന്നു. പൊലിസ് പ്രതിഷേധക്കാർക്കെതിരേ ലാത്തിവീശിയിട്ടും ടിയർ ഗ്യാസും ജലപീരങ്കികളും ഉപയോഗിച്ചിട്ടും കോൺഗ്രസ് പ്രവർത്തകരിൽനിന്ന് പൊലിസിനുനേരെ അക്രമണങ്ങൾ ഉണ്ടായതായി എവിടെനിന്നും റിപ്പോർട്ട് ചെയ്തിരുന്നില്ല.
കണ്ണൂരിൽനിന്നു വിമാനം വഴിയുള്ള മുഖ്യമന്ത്രിയുടെ മടക്കയാത്രയിൽ ഉണ്ടായ സംഭവങ്ങളാണ് സംസ്ഥാനത്ത് തുടർന്നുള്ള അനിഷ്ട സംഭവങ്ങൾക്ക് വഴിവച്ചത്. മുഖ്യമന്ത്രി കണ്ണൂരിൽ നിന്നു കയറിയ ഇൻഡിഗോ വിമാനത്തിൽ കണ്ണൂരിലെ യൂത്ത് കോൺഗ്രസ് നേതാക്കളും കയറിപ്പറ്റിയിരുന്നു. വിമാനത്തിൽ മുഖ്യമന്ത്രിക്കെതിരേ യൂത്ത് കോൺഗ്രസ് നേതാക്കൾ പ്രതിഷേധ മുദ്രാവാക്യമുയർത്തിയത് പരിഭ്രാന്തിയുണ്ടാക്കിയെങ്കിലും അനിഷ്ട സംഭവങ്ങളൊന്നുമുണ്ടായില്ല. എന്നാൽ പൊലിസ് ഇവർക്കെതിരേ വധശ്രമമടക്കം ഉൾപ്പെടുത്തി ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത് എന്തടിസ്ഥാനത്തിലാണ് ? അത് എങ്ങനെയാണ് ജനാധിപത്യ വ്യവസ്ഥയിൽ അംഗീകരിക്കുക. അവർ മുദ്രാവാക്യം വിളിച്ചതല്ലേയുള്ളൂ. പ്രതിഷേധിക്കാനുള്ള അവകാശമാണ് അവർ ഉപയോഗപ്പെടുത്തിയത്. അവർ മുഖ്യമന്ത്രിയെ സ്പർശിച്ചതു പോലുമില്ല.
വിമാനത്തിലായതിനാൽ ഏവിയേഷൻ വകുപ്പിന് പ്രതിഷേധക്കാർക്കെതിരേ നടപടിയെടുക്കാം. ഒപ്പം പ്രതിഷേധക്കാരെ നേരിട്ട ഇ.പി ജയരാജനെതിരേയും. എന്നാൽ സുരക്ഷാവീഴ്ച നടത്തിയവർക്കെതിരേയായിരുന്നു ആദ്യം നടപടി ഉണ്ടാകേണ്ടിയിരുന്നത്. അതീവ സുരക്ഷാ വലയത്തിലൂടെ വിമാനത്തിൽ കയറിയ മുഖ്യമന്ത്രിക്കൊപ്പം കയറിയ യൂത്ത് കോൺഗ്രസ് നേതാക്കളെ, മുഖ്യമന്ത്രിയെ യാത്രയാക്കാൻ കൂടെച്ചെന്ന സി.പി.എം നേതാക്കൾക്കുപോലും തിരിച്ചറിയാൻ കഴിഞ്ഞില്ല എന്നത് അവരുടെ പരാജയമാണ്. അവരെ തടയുവാൻ പൊലിസിനോ, വിമാനത്താവള അധികൃതർക്കോ കഴിഞ്ഞില്ല എന്നത് അവരുടെ ഭാഗത്തു നിന്നുണ്ടായ പിഴവാണ്.
വിമാനത്തിൽ മുഖ്യമന്ത്രിക്ക് നേരിടേണ്ടി വന്ന പ്രതിഷേധങ്ങളിൽ പ്രകോപിതരായി സി.പി.എം പ്രവർത്തകർ സംസ്ഥാനത്തൊട്ടാകെ കോൺഗ്രസ് ഓഫിസുകൾക്കു നേരെയും കോൺഗ്രസ് നേതാക്കൾക്കെതിരേയും നടത്തിയ അക്രമങ്ങൾ ന്യായീകരിക്കാനാവില്ല. കെ.പി.സി.സി ആസ്ഥാനമായ ഇന്ദിരാ ഭവൻ ഉൾപ്പെടെ സംസ്ഥാനത്തെ കോൺഗ്രസ് ഓഫിസുകൾക്കു നേരെ വ്യാപകമായ ആക്രമണങ്ങളാണ് അരങ്ങേറിയത്. മുഖ്യമന്ത്രിക്കെതിരേ പ്രതിഷേധങ്ങൾ തുടങ്ങിയപ്പോൾ എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജൻ പറഞ്ഞത്, ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായപ്പോൾ ഇടതുമുന്നണി നടത്തിയ സമരങ്ങളിൽ ഒരിക്കൽ പോലും പ്രകോപനം ഉണ്ടായിരുന്നില്ലെന്നായിരുന്നു. എന്നാൽ വിമാനത്തിനുള്ളിൽ മുഖ്യമന്ത്രിക്കെതിരേ യൂത്ത് കോൺഗ്രസ് നേതാക്കൾ മുദ്രാവാക്യമുയർത്തിയപ്പോൾ അവരെ പിടിച്ചുതള്ളിയത് ഇ.പി ജയരാജനായിരുന്നുവെന്നാണ് അറസ്റ്റിലായ യൂത്ത് കോൺഗ്രസ് നേതാക്കൾ പറഞ്ഞത്, പുറത്തുവന്ന വിഡിയോയിൽ വ്യക്തമാകുന്നതും.
സ്വർണക്കടത്തു കേസിലെ പ്രതി സ്വപ്നാ സുരേഷ് കോടതിയിൽ നൽകിയ രഹസ്യമൊഴിയുടെ ഒരു ഭാഗം അവർ മാധ്യമങ്ങൾക്ക് മുമ്പാകെ വെളിപ്പെടുത്തിയതിനെ തുടർന്നാണ് കോൺഗ്രസ് മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് തെരുവിൽ ഇറങ്ങിയത്. പൊലിസും സമരക്കാരും മാത്രമുണ്ടായിരുന്ന പ്രതിഷേധ സമരങ്ങളിലേക്ക് സി.പി.എം പ്രവർത്തകരും തെരുവിലിറങ്ങിയതോടെ സംസ്ഥാനം സ്ഫോടനാത്മക സ്ഥിതിയിലെത്തിയിരിക്കുകയാണ്.
ഭരണകർത്താക്കളോട് ചോദ്യങ്ങൾ ചോദിക്കുക എന്നത് ഭരിക്കപ്പെടുന്നവരുടെ അവകാശമാണ്. അത്തരമൊരു അവകാശത്തിന്റെ വകഭേദമാണ് പ്രതിഷേധ സമരങ്ങൾ. അത്തരം സമരങ്ങളോട് സർക്കാർ ചെയ്യേണ്ടത് ജനാധിപത്യമാർഗത്തിലൂടെ സംവദിക്കുക എന്നതാണ്. അല്ലാതെ ഭരിക്കുന്ന പാർട്ടിയുടെ അണികളോട് തെരുവിലിറങ്ങി പ്രതിഷേധിക്കുന്നവരെ കായികമായി നേരിടാൻ ആഹ്വാനം ചെയ്യുകയല്ല വേണ്ടത്. ഇടുക്കി ഡി.സി.സി പ്രസിഡന്റ് സി.പി മാത്യുവിന്റെ വാഹനം ഡി.വൈ.എഫ്.ഐ പ്രവർത്തകർ അടിച്ചുതകർത്തു. എല്ലാ ജില്ലകളിലും കോൺഗ്രസ് ഓഫിസുകൾക്കു നേരെ ആക്രമങ്ങൾ ഉണ്ടായി. ഓഫിസുകളിലുണ്ടായിരുന്ന നേതാക്കളിൽ ചിലർക്ക് പരുക്ക് പറ്റിയതായും വാർത്തയുണ്ട്.
ഒരു ജനാധിപത്യ വ്യവസ്ഥയിൽ ജന വിരുദ്ധ തീരുമാനങ്ങളും നടപടികളും ഉണ്ടാകുമ്പോൾ അത്തരം നടപടികൾക്കെതിരേ പ്രതികരിക്കാനുള്ള അവകാശം ജനങ്ങൾക്കുണ്ട്. അതാകട്ടെ എന്തും ചെയ്യാനുള്ള അവകാശവുമല്ല. പ്രതിഷേധങ്ങൾ ഉയരുമ്പോഴൊക്കെ അതിനെ തടയിടാൻ സർക്കാരുകളും ശ്രമിച്ചു പോരുന്നുണ്ട്. പ്രതിഷേധങ്ങൾ അക്രമാസക്തമാകാതിരിക്കാനാണ് ഈ മുൻകരുതലുകൾ. എന്നാൽ ഭരിക്കുന്ന പാർട്ടിയുടെ അണികൾ തന്നെ അക്രമാസക്തരായി തെരുവിലിറങ്ങിയാൽ സംസ്ഥാനത്തിന്റെ ക്രമസമാധാനനില തകരും.
ജനാധിപത്യ ഭരണ സംവിധാനത്തിന്റെ ഭാഗമാണ് പ്രതിഷേധിക്കാനുള്ള അവകാശം. എന്നാൽ ഈ അവകാശം ദുരുപയോഗം ചെയ്ത് അക്രമത്തിന്റെ മാർഗത്തിലേക്ക് തിരിയരുത്. അങ്ങനെ വരുമ്പോൾ നിയന്ത്രിക്കാനാവാത്തവിധം സംസ്ഥാനം കലാപത്തിലേക്ക് വഴുതി വീഴാനുള്ള സാധ്യത ഏറെയാണ്. മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയ്ക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് യു.ഡി.എഫ് പ്രവർത്തകർ നടത്തുന്ന സമരവും അതിനെ പ്രതിരോധിക്കാനെന്നവണ്ണം ഇന്നലെ മുതൽ സി.പി.എം പ്രവർത്തകർ തെരുവിലിറങ്ങിയിരിക്കുന്നതും സംസ്ഥാനത്തെ സംഘർഷത്തിന്റെ മുൾമുനയിലാണ് നിർത്തിയിരിക്കുന്നത്. പൊതു ജീവിതത്തെ തകർക്കുന്ന ഇത്തരം സമീപനങ്ങളിൽ നിന്ന് ബന്ധപ്പെട്ടവർ മാറിനിൽക്കണം. അതിരുവിട്ടാൽ തുടങ്ങി വച്ചവർക്ക് അത് അവസാനിപ്പിക്കാൻ കഴിഞ്ഞില്ലെന്ന് വരാം. അണികളോട് അക്രമത്തിൽ നിന്ന് പിന്തിരിയുവാൻ നേതാക്കൾ ആഹ്വാനം ചെയ്യുകയാണ് ഇപ്പോൾ വേണ്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."