കണ്ണൂര്‍ മയ്യിലില്‍ പള്ളികള്‍ക്ക് വിവാദ നോട്ടിസ്; പൊലിസ് ഉദ്യോഗസ്ഥനെ ചുമതലയില്‍ നിന്ന് മാറ്റി ഡി.ജി.പി
തിരുവനന്തപുരം: കണ്ണൂര്‍ ജില്ലയിലെ മയ്യില്‍ പൊലിസ് സ്റ്റേഷന്‍ പരിധിയിലുള്ള ജുമാ മസ്ജിദ് സെക്രട്ടറിക്ക് നല്‍കിയ ഒരു നോട്ടിസുമായി ബന്ധപ്പെട്ട് എസ് എച്ച് ഒ യെ ചുമതലയില്‍ നിന്ന് നീക്കി ഡി.ജി.പി. നോട്ടീസ് തികച്ചും അനവസരത്തിലുള്ളതും ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരിന്റെ കാഴ്ചപ്പാടിന് വിരുദ്ധവുമാണെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് ഇറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.
സര്‍ക്കാരിനെതിരെ തെറ്റിദ്ധാരണാജനകമായ പ്രചാരണം നടക്കുന്നതായി ശ്രദ്ധയില്‍ പെട്ടു. മയ്യില്‍ എസ് എച്ച് ഒ സര്‍ക്കാര്‍ നയം മനസ്സിലാക്കാതെ തെറ്റായ നോട്ടീസാണ് നല്‍കിയത്. രാജ്യത്ത് വലിയതോതില്‍ വര്‍ഗീയ സംഘര്‍ഷമുണ്ടാക്കാന്‍ ചില ശക്തികള്‍ ശ്രമിക്കുന്ന ഘട്ടമാണിത്. ഈ സാഹചര്യത്തില്‍ വിശ്വാസികളും മത സ്ഥാപനങ്ങളും ജനങ്ങളാകെയും തമ്മില്‍ നിലനില്‍ക്കുന്ന സൗഹൃദവും സമാധാന ജീവിതവും സംരക്ഷിക്കുക സുപ്രധാനമാണ്.
ജുമാ മസ്ജിദുകളില്‍ വര്‍ഗീയ പ്രചാരണം നടക്കുന്നു എന്ന അഭിപ്രായം സര്‍ക്കാരിനില്ല. അത് കൊണ്ടാണ്, വിവരം ശ്രദ്ധയില്‍ പെട്ട ഉടനെ ബന്ധപ്പെട്ട ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിച്ചത്. സാമുദായിക സൗഹാര്‍ദത്തിന്റെ പ്രാധാന്യവും അനിവാര്യതയും മനസ്സിലാക്കി എല്ലാവരും ഇക്കാര്യത്തില്‍ സഹകരിണമെന്നഭ്യര്‍ത്ഥിക്കുന്നതായും പ്രസ്താവനയില്‍ പറഞ്ഞു.
നേരത്തെ നിരവധി പേര്‍ പൊലീസിന്റെ ഈ നടപടിക്കെതിരേ രംഗത്ത് വന്നിരുന്നു. പള്ളികളില്‍ മാത്രം നോട്ടീസ് നല്‍കുന്നതില്‍ ദുരൂഹതയുണ്ടെന്നും ഇവര്‍ ആരോപിച്ചിരുന്നു. എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി മുസ്തഫ മുണ്ടുപാറയും ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ ഇതിനെതി െരംഗത്തു വന്നിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."