മകളുടെ ബിസിനസിന് വേണ്ടി മുഖ്യമന്ത്രി ഷാര്‍ജ ഭരണാധികാരിയുടെ സഹായം തേടിയെന്ന് സ്വപ്‌ന, പുറത്തുവന്നത് കോടതിയില്‍ നല്‍കിയ സത്യവാങ് മൂലത്തിലെ ഞെട്ടിക്കുന്ന വിവരങ്ങള്‍
കൊച്ചി: മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരായി സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷ് കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലെ ആരോപണങ്ങള്‍ പുറത്ത്. മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനും എതിരെ കോടതിയില്‍ നല്‍കിയ ഗുരുതര മൊഴികളാണ് പുറത്തുവന്നിരിക്കുന്നത്.
മുഖ്യമന്ത്രിയുടെ മകള്‍ വീണയുടെ ബിസിനസിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഷാര്‍ജ ഭരണാധികാരിയുടെ സഹായം തേടിയെന്ന് സത്യവാങ്മൂലത്തില്‍ ആരോപിക്കുന്നു. രാജകുടുംബാഗത്തിന്റെ എതിര്‍പ്പു മൂലമാണ് ബിസിനസ് നടക്കാതിരുന്നതെന്നും സ്വപ്‌ന ആരോപിക്കുന്നു.
ഇതിനായി ക്ലിഫ് ഹൗസില്‍ അടച്ചിട്ട മുറിയിലാണ് ചര്‍ച്ചകള്‍ നടത്തിയത്. മുഖ്യമന്ത്രിക്കും കുടുംബത്തിനുമൊപ്പം ചര്‍ച്ചയില്‍ എം. ശിവശങ്കറും നളിനി നെറ്റോയും പങ്കെടുത്തു എന്നും ആരോപണമുണ്ട്.
അതേ സമയം ആരോപണത്തിനെതിരേ പ്രതിപക്ഷം രംഗത്തെത്തി. പുറത്തുവന്ന വിവരം ഗുരുതരമാണ്. ഇനിയും മൗനം തുടരാതെ മുഖ്യമന്ത്രി മറുപടി പറയണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശനും രമേശ് ചെന്നിത്തലയും ആവശ്യപ്പെട്ടു. സോളാര്‍ കേസ് വേളയില്‍ ഉളുപ്പുണ്ടെങ്കില്‍ ഉമ്മന്‍ ചാണ്ടി രാജിവെക്കണമെന്നായിരുന്നു പിണായിയുടെ ആവശ്യം. അതൊന്നും തങ്ങള്‍ ആവശ്യപ്പെടുന്നില്ലെന്നും സതീശന്‍ വ്യക്തമാക്കി. മുഖ്യമന്ത്രിക്കെതിരേ പുറത്തുവരുന്ന വിവരങ്ങള്‍ അവിശ്വസിക്കേണ്ടതില്ലെന്നും ഇനിയും വിവരങ്ങള്‍ പുറത്തുവരാനുണ്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
അതേസമയം ആരോപണങ്ങള്‍ തള്ളിക്കളഞ്ഞ് മുന്‍ ചീഫ് സെക്രട്ടറി നളിനി നെറ്റോ രംഗത്തെത്തി. തന്നെക്കുറിച്ച് പുറത്തു വരുന്ന കാര്യങ്ങളില്‍ വസ്തുതയില്ലെന്നും അന്വേഷണ ഏജന്‍സികള്‍ ചോദിക്കുമ്പോള്‍ കാര്യങ്ങള്‍ പറയാമെന്ന് നളിനി നെറ്റോ പ്രതികരിച്ചു. മാധ്യമങ്ങളോട് ഇപ്പോള്‍ പ്രതികരിക്കാനില്ലെന്ന് നളിനി നെറ്റോ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."