പരിഗണിക്കാനാകുമോ പ്രതിപക്ഷത്തിന് രാജ്യതാൽപര്യം?
രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ പ്രതിപക്ഷ സ്ഥാനാർഥിയായി മത്സരിക്കാൻ താൽപര്യമില്ലെന്ന് ശരത് പവാർ അറിയിച്ചതോടെ ഇതിനായി മറ്റൊരു സ്ഥാനാർഥിയെ കണ്ടെത്തുക എന്ന ബാലികേറാമലയാണ് ഇപ്പോൾ പ്രതിപക്ഷത്തിന് മുമ്പിൽ. ഭരണകക്ഷിയുടെ പിന്തുണയോടെ ഐകകണ്ഠ്യേന തെരഞ്ഞെടുക്കപ്പെടാനാണ് അദ്ദേഹം ആഗ്രഹിക്കുന്നത്. അതിനു കാരണവുമുണ്ട്. പ്രതിപക്ഷ പിന്തുണയോടെ മത്സരിച്ചാൽ വിജയിച്ചു കൊള്ളണമെന്നില്ല എന്ന തിരിച്ചറിവാണത്. ലോക്സഭയിൽ ബി.ജെ.പിക്ക് മാത്രം 300 സീറ്റുകളുണ്ട്. പല സംസ്ഥാനങ്ങളിലെ അധികാരവും ബി.ജെ.പിക്ക് മുൻതൂക്കം നൽകുന്നു. എന്നാലും രാഷ്ട്രപതി സ്ഥാനാർഥിയെ സ്വന്തം നിലയിൽ തെരഞ്ഞെടുക്കാൻ ആവശ്യമായ അമ്പത് ശതമാനത്തിൽ അധികം വോട്ട് എൻ.ഡി.എക്ക് ഇല്ല. ഈ സാഹചര്യമാണ് പ്രതിപക്ഷത്തിന് അനുകൂല ഘടകമാകുന്നത്. ശരത് പവാറിന്റെ താൽപര്യത്തിന് ബി.ജെ.പി അനുകൂലമാകുമെന്ന് ഇന്നത്തെ സാഹചര്യത്തിൽ ഉറപ്പിക്കാനാവില്ല. ബി.ജെ.പിക്ക് എതിർക്കാൻ കഴിയാത്ത പൊതുസമ്മതനായ, ഭരണഘടനയുടെ രക്ഷകനാകുമെന്ന് ഉറപ്പുള്ള സമുന്നതനായ വ്യക്തിയെ കണ്ടെത്തുക എന്നതാണ് പ്രതിപക്ഷത്തിനോട് കാലം ആവശ്യപ്പെടുന്നത്.
ഭരണഘടനയേയും പാർലമെന്റിനേയും നോക്കുകുത്തിയാക്കി തന്നിഷ്ട പ്രകാരം ഭരിച്ചുകൊണ്ടിരിക്കുന്ന ബി.ജെ.പിക്ക് ശരത് പവാർ സ്വീകാര്യനായി കൊള്ളണമെന്നില്ല. ഇന്ത്യ നിലനിൽക്കുന്നത് ഭരണഘടനയുടെ അജയ്യതയിലാണ്. രാഷ്ട്രപതിയാകട്ടെ ആ ഭരണഘടനയുടെ കാവൽക്കാരനും സൂക്ഷിപ്പുകാരനുമാണ്. പാർലമെന്റിൽ പാസാക്കുന്ന തീരുമാനങ്ങളിൽ രാഷ്ടപ്രതി ഒപ്പ് വയ്ക്കുമ്പോൾ മാത്രമാണ് അവ നിയമമാകുന്നത്. പാർലമെന്റിൽ ഭൂരിപക്ഷമുണ്ടെന്ന അഹങ്കാരത്താൽ ഭരണഘടനാ വിരുദ്ധമായ തീരുമാനങ്ങൾ ഭരണകക്ഷി പാസാക്കിയാലും ഒപ്പ് വയ്ക്കാൻ രാഷ്ട്രപതി വിസമ്മതിച്ചാൽ അത് നിയമാകില്ല.
എ.പി.ജെ അബ്ദുൽ കലാം ബി.ജെ.പി സ്ഥാനാർഥിയായാണ് പ്രസിഡൻ്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. എന്നിട്ട് പോലും ബി.ജെ.പി സർക്കാർ പാർലിമെൻ്റിൽ പാസാക്കിയ പല ബില്ലുകളും ഭരണഘടനാ ലംഘനം ചൂണ്ടിക്കാണിച്ച് അദ്ദേഹം തിരിച്ചയക്കുകയാണുണ്ടായത്. അത്തരമൊരു പ്രസിഡൻ്റിനെയാണ് ഇന്നത്തെ ഇന്ത്യക്ക് ആവശ്യം. ഭരണഘടന, ഭരിക്കുന്നവരാൽ ഭീഷണി നേരിട്ട് കൊണ്ടിരിക്കുന്ന ഇന്നത്തെ അഭിശപ്തകാലത്ത് ഭരണഘടനയുടെ കാവലാളായി ധീരതയോടെ തന്റെ കർമം നിർവഹിക്കുന്ന മഹദ് വ്യക്തിത്വമാണിന്ന് രാഷ്ട്രപതി സ്ഥാനത്ത് അവരോധിക്കപ്പെടേണ്ടത്. ഭരണഘടനക്ക് യാതൊരു വിലയും കൽപിക്കാത്ത പ്രവർത്തനങ്ങൾ രാജ്യം ഭരിക്കുന്നവരിൽ നിന്നും അടിക്കടി ഉണ്ടായിക്കൊണ്ടിരിക്കുന്നു. ഇതിനെതിരേ ഭരണഘടനാ തത്വങ്ങൾ ചൂണ്ടിക്കാണിച്ച് സുപ്രിം കോടതിയെ നിരന്തരം സമീപിക്കേണ്ടി വരുന്ന ഒരവസ്ഥയിലാണിന്ന് ഇന്ത്യൻ ജനത. ഡൽഹിയിലെ ജഹാംഗീറിൽ നീതിയും നിയമവും കാറ്റിൽ പറത്തി ഡൽഹി മുനിസിപ്പൽ ഭരണകൂടം മുസ്‌ലിംകളുടെ വീടുകളും കുടിലുകളും ബുൾഡോസർ ഉപയോഗിച്ച് തകർത്ത് കൊണ്ടിരുന്നപ്പോൾ ഭരണഘടനാ ലംഘനം ചൂണ്ടിക്കാണിച്ച് ആശ്രയിക്കേണ്ടി വന്നത് സുപ്രിംകോടതിയെയാണ്. സുപ്രിംകോടതിയുടെ ശക്തമായ ഇടപെടലിനെത്തുടർന്നാണ് ബുൾഡോസർ രാജ് അവസാനിപ്പിക്കാൻ ഡൽഹി മുനിസിപ്പൽ ഭരണകൂടം തയാറായത്. ഇത് തന്നെയാണ് കഴിഞ്ഞ ദിവസം യു.പിയിലും ആവർത്തിച്ചത്. ഇതിനെതിരേയും ഇരകൾ സുപ്രിം കോടതിയെ സമീപിച്ചിരിക്കുകയാണ്. ശക്തമായ ഭരണഘടന ഇവിടെ നിലനിൽക്കുന്നതിന്റെ ബലത്തിലാണ് ഇരകൾക്ക് സുപ്രിം കോടതിയെ അവസാന അഭയസ്ഥാനമായി സമീപിക്കുവാൻ കഴിയുന്നത്. അത്തരമൊരു ഭരണഘടനയുടെ അഭംഗുരമായ നിലനിൽപ്പ് ഇന്നത്തെ കാലത്ത് അനിവാര്യമാണ്. അതിന്റെ അധിപനാകേണ്ടത് ബി.ജെ.പി സർക്കാർ പാസാക്കുന്ന ഭരണഘടനാ വിരുദ്ധവും ജനാധിപത്യ വിരുദ്ധവുമായ തീരുമാനങ്ങൾക്ക് കണ്ണടച്ച് ഒപ്പ് ചാർത്തുന്ന കടലാസ് പുലികളല്ല.
അടിയന്തരാവസ്ഥാ കാലഘട്ടത്തിൽ ഏറെ പഴികേട്ട രാഷ്ട്രപതിയായിരുന്നു ഫഖ്റുദ്ദീൻ അലി അഹമ്മദ്. നിരന്തരമായി ഓർഡിനൻസ് പുറപ്പെടുവിക്കേണ്ടി വന്ന അദ്ദേഹത്തിന്റെ ദുരവസ്ഥയെ ചിത്രീകരിക്കുന്ന കാർട്ടൂൺ പ്രശസ്ത കാർട്ടൂണിസ്റ്റ് അബു എബ്രഹാം വരച്ചത് ആ കാലത്ത് ഏറെ ശ്രദ്ധിക്കപ്പെടുകയുണ്ടായി. ബാത്ത്റൂമിൽ കുളിച്ചുകൊണ്ടിരുന്ന പ്രസിഡൻ്റ് കുളിമുറി വാതിലിൽ മുട്ട് കേട്ട് ബാത്ത് ടബ്ബിൽ നിന്ന് തലയുയർത്തി ചോദിച്ച "എനി മോർ ഓർഡിനൻസ് " എന്ന ചോദ്യം അന്നത്തെ ഇന്ത്യയുടെ മർമത്താണ് കൊണ്ടത്. അത്തരം പ്രസിഡൻ്റുമാരോ, രാംനാഥ് കോവിന്ദിനെ പോലുള്ള വിനീത വിധേയരോ അല്ല ഇന്നത്തെ ഇന്ത്യക്കാവശ്യം.
ഇന്ത്യൻ ജനതയുടെ അവസാനത്തെ അത്താണിയാണ് ഭരണഘടന. അതിന്റെ അധിപനായി വരേണ്ടത് യാതൊരു സമ്മർദത്തിനും പ്രീണനത്തിനും വഴങ്ങാത്ത, ഭരണഘടന അനുശാസിക്കുന്നത് മാത്രം നടപ്പിൽ വരുത്താൻ ബദ്ധശ്രദ്ധനായി കഴിയുന്ന രാഷ്ട്രപതിയാണ്. പലവിധ യോഗങ്ങൾ വിളിച്ചുകൂട്ടുന്ന പ്രതിപക്ഷ നിരയിലെ വ്യത്യസ്ത രാഷ്ട്രീയ പാർട്ടികളും ഈ യാഥാർഥ്യമാണ് ഉൾകൊള്ളേണ്ടത്. മമതാ ബാനർജി വിളിച്ചു കൂട്ടിയ ഒരു യോഗംഇന്നലെയും നടന്നു.
പ്രതിപക്ഷ ഐക്യമില്ലാതെ പോയെന്ന ഒറ്റക്കാരണത്താലാണ് വെറും 33 ശതമാനം മാത്രം ജനപിന്തുണയുള്ള ബി.ജെ.പി സർക്കാർ ജനവിരുദ്ധ, ഭരണഘടനാ വിരുദ്ധമായ തീരുമാനങ്ങളുമായി ഭരിച്ചു മുന്നേറിക്കൊണ്ടിരിക്കുന്നത്. പ്രതിപക്ഷ കക്ഷികളിലെ നേതാക്കൾക്ക് താൻ പോരിമ കാണിക്കാനുള്ള സന്ദർഭമല്ല കാൽചുവട്ടിൽ എത്തിയിരിക്കുന്ന രാഷ്ട്രപതി തെരഞ്ഞെടുപ്പ്. രാജ്യത്ത് ബി.ജെ.പി സർക്കാരിനു മേൽക്കൈ ഉണ്ടായ് അവരുടെ ജനപിന്തുണ കൊണ്ടല്ല. പ്രതിപക്ഷത്തെ ഭിന്നതയിൽ നിന്നും മുതലെടുത്ത് കരസ്ഥമാക്കിയതാണ്.
കോൺഗ്രസ് ഒരു സ്ഥാനാർഥിയെ ചൂണ്ടിക്കാണിച്ചാൽ അത് മമതക്ക് രുചിക്കുകയില്ല. അല്ലെങ്കിൽ സീതാറാം യെച്ചൂരിക്ക് സമ്മതമുണ്ടാവില്ല. മമത ഒരു സ്ഥാനാർഥിയെ ചൂണ്ടിക്കാണിച്ചാൽ അത് കോൺഗ്രസ് സമ്മതിക്കുകയില്ല. ഇന്നലെ മമതാ ബാനർജി വിളിച്ചുകൂട്ടിയ യോഗം കൂടിയാലോചന നടത്താതെ ഏകപക്ഷീയമായി തീരുമാനിച്ചതാണെന്ന ആക്ഷേപം ഇതിനകം പ്രതിപക്ഷനിരകളിൽ നിന്ന് തന്നെ ഉയർന്നു കഴിഞ്ഞു. രണ്ട് പാർട്ടികൾ യോഗത്തിൽ പങ്കെടുത്തതുമില്ല. സ്വരച്ചേർച്ചയില്ലാത്ത ഇത്തരമൊരു "പ്രതിപക്ഷ ഐക്യത്തിനാണ് " ബി.ജെ.പിയും കാത്തിരിക്കുന്നത്. അത് പക്ഷേ, പ്രതിപക്ഷ നേതാക്കൾക്ക് മാത്രം മനസിലാകുകയില്ല. സ്വാർഥ വിചാരങ്ങൾ മാറ്റിവച്ച് രാജ്യതാൽപര്യം മാത്രം മുന്നിൽ കണ്ട് രാഷ്ട്രം ഇന്ന് നേരിടുന്ന ഭരണഘടനാ പ്രതിസന്ധിക്ക് പരിഹാരം കാണുവാൻ ഒരു മനസോടെ, ഒരു ശരീരത്തോടെ എല്ലാവരാലും അംഗീകരിക്കപ്പെടുന്ന പൊതു സ്ഥാനാർഥിയെ പ്രതിപക്ഷ രാഷ്ട്രീയ പാർട്ടി നേതാക്കൾക്ക് കണ്ടെത്താൻ കഴിയുമെങ്കിൽ മതേതര ജനാധിപത്യ ഇന്ത്യയ്ക്ക് ഭാവിയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."