ബേപ്പൂരിൽ കുടുങ്ങിയ ലക്ഷദ്വീപുകാരുടെ തിരിച്ചുപോക്ക് നീളുന്നു
ബേപ്പൂരിൽ നിന്നുള്ള സർവിസ്
മുടങ്ങിയിട്ട് ഒരുമാസം,
കൊച്ചിയിൽ നിന്നുള്ള കപ്പലുകൾ
വെട്ടിക്കുറച്ചതും തിരിച്ചടി
സ്വന്തം ലേഖകൻ
കോഴിക്കോട്
വിവിധ ആവശ്യങ്ങൾക്കായി കോഴിക്കോട്ടെത്തിയ അറുന്നൂറോളം ലക്ഷദ്വീപ് നിവാസികൾ തിരിച്ചുപോകാൻ കപ്പൽ ഇല്ലാത്തതിനാൽ ബേപ്പൂരിൽ കുടുങ്ങിക്കിടക്കുന്നു. മൺസൂൺകാല നിയന്ത്രണമുള്ളതിനാൽ ബേപ്പൂരിൽനിന്ന് ലക്ഷദ്വീപിലേക്കുള്ള കപ്പൽ സർവിസ് മെയ് 15 മുതൽ നിർത്തിവച്ചിരിക്കുകയാണ്. സെപ്റ്റംബർ 15 വരെ ഈ നിയന്ത്രണം തുടരും. ഇതുമൂലം കൊച്ചിയിൽ നിന്നുള്ള കപ്പലുകളെയാണ് ബേപ്പൂരിൽ നിന്നുള്ള യാത്രക്കാർ ആശ്രയിക്കുന്നത്.
കൊച്ചിയിൽ നിന്ന് സർവിസ് നടത്തിയിരുന്ന ഏഴ് കപ്പലുകളിൽ എം.വി കോറൽസ്, എം.വി അറേബ്യൻ സീ എന്നിവ മാത്രമാണ് ഇപ്പോൾ സർവിസ് നടത്തുന്നത്. ഈ കപ്പലുകളിലേക്കുള്ള ടിക്കറ്റുകൾ ലഭിക്കാത്തതാണ് യാത്രക്കാർക്ക് തിരിച്ചടിയായത്. ലക്ഷദ്വീപിൽ നിന്ന് കൊച്ചിയിലേക്ക് കപ്പൽ പുറപ്പെട്ടാലേ തിരിച്ചുള്ള യാത്രയ്ക്ക് ടിക്കറ്റ് നൽകുന്നുള്ളൂ.
ഇന്ന് പുറപ്പെടുന്ന രണ്ടു കപ്പലുകൾക്കുമുള്ള ടിക്കറ്റ് വിതരണം നേരത്തെ പൂർത്തിയായിരുന്നു. രാവിലെ ഏഴിന് കൊച്ചിയിൽ എത്തുന്ന എം.വി കോറൽസ് 12നാണ് തിരിച്ചുപോകുക. രാവിലെ ഏഴിനെത്തുന്ന എം.വി അറേബ്യൻ സീ രാത്രി ഒൻപതിന് മടങ്ങും. കൊച്ചിയിൽ നിന്നും പുറപ്പെടുന്ന കപ്പലുകളിൽ 20 ശതമാനം ടിക്കറ്റുകളാണ് ബേപ്പൂരിലെ യാത്രക്കാർക്ക് സംവരണം ചെയ്തിരുന്നത്. യാത്രക്കാരുടെ പ്രതിഷേധത്തെ തുടർന്ന് ഇത് 25 ശതമാനമായി വർധിപ്പിച്ചിട്ടുണ്ട്. ദിവസം നൂറിൽ കുറഞ്ഞ യാത്രക്കാർക്ക് മാത്രാണ് ഇങ്ങനെ അവസരം ലഭിക്കുന്നത്.
കൊച്ചിയിൽ നിന്നുള്ള കപ്പലുകളിലേക്ക് ടിക്കറ്റ് നൽകുന്നതിന് ബേപ്പൂരിൽ കൗണ്ടർ പ്രവർത്തിക്കുന്നുണ്ട്. ഇവിടെ ടിക്കറ്റിനായി രാത്രി വൈകും വരെ യാത്രക്കാർ കാത്തിരിക്കുകയാണ്.
ബേപ്പൂരിൽ നിന്ന് ടിക്കറ്റെടുത്ത ശേഷം ബസിലോ ട്രെയിനിലോ യാത്ര ചെയ്ത് കൊച്ചിയിലെത്തിയാണ് ഇവർ കപ്പലിൽ കയറുന്നത്. ടിക്കറ്റ് കിട്ടാത്തതിനാൽ നഗരത്തിലെ ലോഡ്ജുകളിലും സുഹൃത്തുക്കളുടെും ബന്ധുക്കളുടെയും വീടുകളിലുമായി കഴിയുകയാണ് യാത്രക്കാർ. വിവിധ ആശുപത്രികളിൽ ചികിത്സ പൂർത്തിയാക്കിയവരാണ് ഇതിൽ ഏറെയും.
ദ്വീപിലെ ആശുപത്രികളിൽ വിദഗ്ധ ചികിത്സയ്ക്ക് സൗകര്യം ഇല്ലാത്തതിനാൽ കോഴിക്കോട്ടെ ആശുപത്രികളെയാണ് മുഖ്യമായും ആശ്രയിക്കുന്നത്. കൊച്ചിയിൽനിന്ന് കൂടുതൽ കപ്പലുകൾ സർവിസ് നടത്തണമെന്ന് ആവശ്യം ശക്തമായിട്ടും ഇതുവരെ നടപടിയൊന്നുമില്ല. 750 യാത്രക്കാരെ വഹിക്കാൻ ശേഷിയുള്ള എം.വി കവരത്തി ഡിസംബറിലുണ്ടായ തീപ്പിടിത്തത്തെ തുടർന്ന് അറ്റകുറ്റപ്പണിക്കായി കൊച്ചിയിൽ നിർത്തിയിട്ടിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."