ഇനി തനിച്ച്; അനിശ്ചിതകാല അവധി പ്രഖ്യാപിച്ച് ബി.ടി.എസ്
സോൾ
ജനപ്രിയ കൊറിയൻ പോപ്പ് ബാൻഡ് ഗ്രൂപ്പായ ബി.ടി.എസ് അനിശ്ചിതകാലത്തേക്ക് വഴിപിരിഞ്ഞു. വ്യക്തിഗത കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് വേണ്ടി താൽക്കാലിക ഇടവേളയെടുക്കുകയാണെന്ന് ഗ്രൂപ്പിലെ ഏഴംഗങ്ങളും സംയുക്തമായി പ്രഖ്യാപിച്ചു. ബി.ടി.എസ് രൂപീകരിച്ചതിന്റെ വാർഷികാഘോഷത്തിന്റെ ഭാഗമായി ചൊവ്വാഴ്ച സംഘടിപ്പിച്ച ചടങ്ങിനിടെയായിരുന്നു വികാരനിർഭരമായ വിടപറച്ചിൽ. ഒരുമണിക്കൂർ നീണ്ട യൂട്യൂബ് വിഡിയോയിലൂടെയാണ് ഇടവേളയെടുക്കുന്ന വാർത്ത ആരാധകരെ അറിയിച്ചത്. ലോകം കൊറിയൻ കൗമാരക്കാരുടെ ശബ്ദം കേട്ട് തുടങ്ങി ഒമ്പത് വർഷമായപ്പോഴാണ് ആർ.എം, ഷുഗ, ജെ ഹോപ്, വി, ജംഗൂക്, ജിൻ, ജിമിൻ എന്നിവരടങ്ങിയ സംഘം ലോകത്തുടനീളം കെ പോപ്പിന് വൻതോതിൽ ആരാധകരുണ്ടാക്കിയ ശേഷം പിരിയുന്നത്. വ്യക്തിഗത കലാകാരന്മാരായി ഉയരുന്നതിന് ഇടവേള ആവശ്യമാണെന്നു ബാൻഡ് ലീഡർ ആർ.എം പറഞ്ഞു.
2010ൽ ബിഗ് ഹിറ്റ്സ് എന്റർടെയ്ൻമെന്റ്സ് എന്ന കമ്പനിയാണ് ബി.ടി.എസ് ബാൻഡ് രൂപീകരിച്ചത്. തെരുവു നർത്തകർ, റാപ്പർമാർ, വിദ്യാർഥികൾ എന്നിവരിൽ നിന്ന് ഓഡിഷനിലൂടെയാണ് ബാൻഡിലേക്ക് അംഗങ്ങളെ തിരഞ്ഞെടുത്തത്. 2013ൽ ഏഴംഗ സംഘം ആദ്യമായി കാഴ്ചക്കാരിലെത്തി. ദക്ഷിണ കൊറിയൻ നിയമമനുസരിച്ച് ആരോഗ്യമുള്ള ഓരോ വ്യക്തിയും നിർബന്ധമായും സൈനിക സേവനം ചെയ്യേണ്ടതുള്ളതിനാൽ ഇതിന് വേണ്ടിയാണ് ഗ്രൂപ്പ് അംഗങ്ങൾ അവധിയെടുക്കുന്നതെന്നാണ് റിപ്പോർട്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."