മൂന്നാം ദിവസവും പ്രതിഷേധിച്ച് കോൺഗ്രസ് നെഞ്ചിൽ ചവിട്ടിയെന്ന് ജെബി മേത്തർ എം.പി
ന്യൂഡൽഹി
നാഷനൽ ഹെറാൾഡ് കേസിൽ രാഹുൽ ഗാന്ധിയെ ഇ.ഡി ചോദ്യം ചെയ്ത മൂന്നാം ദിവസവും പ്രതിഷേധം കടുപ്പിച്ച് കോൺഗ്രസ്.
ആദ്യ രണ്ടു ദിവസങ്ങളിലും പൊലിസ് അതിക്രമമുണ്ടായിട്ടും പിൻമാറാതെ ശക്തമായ സമരം നടത്തി ഡൽഹി പൊലിസിനെയും കേന്ദ്ര സർക്കാറിനെയും സമ്മർദ്ദത്തിലാക്കുകയായിരുന്നു കോൺഗ്രസ് നേതൃത്വം. പ്രതിഷേധമുണ്ടാകാൻ സാധ്യതയുള്ള അക്ബർ റോഡിലെ കോൺഗ്രസ് ആസ്ഥാനത്തും ഇ.ഡി ഓഫിസ് സ്ഥിതി ചെയ്യുന്ന ഖാൻ മാർക്കറ്റ് പരിസരത്തും കൂടുതൽ പൊലിസിനെയും ദ്രുതകർമ സേനയെയും വിന്യസിച്ചിരുന്നു. എന്നാൽ പലഭാഗങ്ങളിലൂടെ പ്രവർത്തകരെത്തിയതോടെ പൊലിസിന് നിയന്ത്രിക്കാനായില്ല. ഇതോടെയാണ് പൊലിസ് കൂടുതൽ അക്രമം കാട്ടിയത്.
തന്റെ നെഞ്ചിൽ ചവിട്ടി പൊലിസ് വലിച്ചു കൊണ്ടുപോയെന്ന് രാജ്യസഭാ എം.പി ജെബി മേത്തർ ആരോപിച്ചു. കെ.സി വേണുഗോപാലും മറ്റും റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ഇ.ഡി ഓഫിസിനു മുന്നിൽ പ്രവർത്തകർ ടയറുകൾ കൂട്ടിയിട്ടു കത്തിച്ചു. ഇവരെ കൂടുതൽ പൊലിസെത്തി വലിച്ചിഴച്ചു കൊണ്ടുപോയി.
എ.ഐ.സി.സി ആസ്ഥാനത്തിനടുത്ത് ബാരിക്കേഡുകൾ മറികടന്ന് അപ്രതീക്ഷിതമായാണ് മഹിളാ കോൺഗ്രസ് പ്രതിഷേധവുമായി റോഡിലിറങ്ങിയത്. അറസ്റ്റ് ചെയ്ത് നീക്കുന്നതിനിടെ ഇവർക്ക് മർദനമേറ്റു. എ.ഐ.സി.സി ആസ്ഥാനത്ത് സമരം ചെയ്ത യൂത്ത് കോൺഗ്രസ് പ്രവർത്തകർ ബാരിക്കേഡുകൾ മറികടക്കാൻ നടത്തിയ ശ്രമം പൊലിസുമായുള്ള സംഘർഷത്തിലാണ് കലാശിച്ചത്. യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷൻ ബി.വി ശ്രീനിവാസൻ ഉൾപ്പടെയുള്ള നേതാക്കളെ കസ്റ്റഡിയിലെടുത്തതിതിന് പിന്നാലെയാണ് പൊലിസ് പാർട്ടി ആസ്ഥാനത്ത് അക്രമമുണ്ടാക്കിയത്. ഇതിനെതിരേ തുടർന്നും പ്രതിഷേധിക്കാൻ കോൺഗ്രസ് തീരുമാനിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."